ചെന്നൈയില്‍ ‘പുലി’യിറങ്ങി; പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുലി ചെന്നൈയില്‍ റിലീസ് ചെയ്തു; കേരളത്തില്‍ ഉച്ചയോടെ

ചെന്നൈ: റിലീസിമഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇളയദളപതി വിജയുടെ പുതിയ ചിത്രം പുലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. ചെന്നൈയിലെ തിയ്യേറ്ററുകളിലാണ് പുലി റിലീസ് ചെയ്തത്. പ്രദര്‍ശനത്തിനുള്ള യുഎഫ്ഒ ലൈസന്‍സ് ലഭിക്കാതിരുന്നതിനാലാണ് റിലീസ് വൈകിയത്. ഇന്ന് രാവിലെ അഞ്ചു മണിക്കാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രദര്‍ശന ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീണ്ടു പോയി. ഇന്നലെ വൈകിട്ട് വിജയ്, നയന്‍താര, സമാന്ത എന്നീ താരങ്ങളുടെ വീടുകളിലും നിര്‍മാതാവിന്റെ വീട്ടിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ലൈസന്‍സ് ലഭിക്കാതിരുന്നത്. കേരളത്തിലും ഇന്ന് ഉച്ചയോടെ ചിത്രം റിലീസ് ചെയ്യും.

രാവിലെ അഞ്ചു മണിക്ക് നിശ്ചയിച്ചിരുന്ന റിലീസ് ആറു മണിയാകും എന്ന് പറഞ്ഞപ്പോഴേ ആരാധകര്‍ തിയ്യേറ്ററുകളില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ചിരല തിയ്യേറ്ററുകള്‍ക്കു നേരെ കല്ലേറും ഉണ്ടായി. ഇതിനിടെ 12 മണിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ ആദ്യം ചെന്നൈയില്‍ ചിത്രം റിലീസ് ചെയ്തത്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. നയന്‍താരയുടെ കൊച്ചിയിലെ തേവരയിലെയും തിരുവല്ലയിലെ വസതിയിലും റെയ്ഡ് നടത്തി. ചെന്നൈയില്‍ നിന്നുള്ള ആദായനികുതി സംഘമാണ് നയന്‍താരയുടെ കൊച്ചിയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. താരത്തിന്റെ ചെന്നൈയിലെയും ഹൈദരാബാദിലെയും വീടുകളിലും റെയ്ഡ് നടന്നിരുന്നു. വിജയുടെ ചെന്നൈയിലെ വസതിയിലായിരുന്നു റെയ്ഡ്. പുലിയുടെ നിര്‍മാതാക്കളായ ഷിബു തമീന്‍സ്, പി.ടി. ശെല്‍വകുമാര്‍, സംവിധായകന്‍ ചിമ്പു ദേവന്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News