സ്റ്റാര്‍ട്അപ്പുകള്‍ പാരയാവാതിരിക്കാന്‍ പ്രമുഖ ഐടി കമ്പനികള്‍ തുടക്കക്കാരുടെ ശമ്പളം കൂട്ടുന്നു; ടിസിഎസും കൊഗ്നിസാന്റും 10 ശതമാനം വര്‍ധിപ്പിച്ചു

ബംഗളുരു: കാംപസ് റിക്രൂട്ട്‌മെന്റ് വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐടി കമ്പനികള്‍ ശമ്പളം കൂട്ടി. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഫ്രെഷേഴ്‌സിന്റെ ശമ്പളം വര്‍ധിപ്പിക്കുന്നത്. പുതിയതായി രംഗത്തേക്കു വരുന്ന പ്രതിഭകള്‍ കൂടുതലായി സ്റ്റാര്‍ട്അപ്പുകളിലേക്കു പോകുന്നതു തടയാനാണ് കമ്പനികളുടെ നടപടി.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ആദ്യം ഇത്തരത്തില്‍ ശമ്പളം വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ച ടിസിഎസില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും എച്ച് ആര്‍ വിഭാഗം പ്രതിനിധികളും രാജ്യത്തെ വിവിധ എന്‍ജിനിയറിംഗ് കോളജുകള്‍ സന്ദര്‍ശിച്ചു റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കു തുടക്കമിട്ടിരുന്നു. കാമ്പസുകളില്‍നിന്നു പുതിയതായി നിയമിക്കുന്നവര്‍ക്കു പത്തു ശതമാനം ശമ്പളം വര്‍ധിപ്പിക്കാനാണ് ടിസിഎസിന്റെ തീരുമാനം. യുഎസ് കമ്പനിയായ കൊഗ്നിസന്റും പുതിയ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാമ്പസുകളില്‍നിന്നു റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് നല്‍കിയിരുന്നത്. പത്തു ശതമാനം ശമ്പളം വര്‍ധിപ്പിച്ചതോടെ 3,35,000-3,50,000 രൂപയായി മാറും തുടക്ക വാര്‍ഷിക ശമ്പളം. ഏഴു വര്‍ഷത്തിനു ശേഷമാണ് കമ്പനികള്‍ തുടക്ക ശമ്പളത്തില്‍ വര്‍ധന വരുത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 2,52,000 ബിരുദധാരികളെയാണ് ഐടി കമ്പനികള്‍ ജോലിക്കെടുക്കുന്നത്. ശമ്പളം വര്‍ധിപ്പിച്ചതോടെ കൂടുതല്‍ കമ്പനികള്‍ ഈ വഴിക്കെത്തുമെന്നാണ് പ്രതീക്ഷ.

അടുത്തകാലത്തായി സ്റ്റാര്‍ട് അപ്പുകളിലേക്ക് പുതിയ ബിരുദധാരികള്‍ ആകര്‍ഷിക്കപ്പെടുകയും സംരംഭങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതു ഭാവിയില്‍ തങ്ങള്‍ക്കു ദോഷമാവുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. മാത്രമല്ല, പ്രതിഭകളായവര്‍ ഇത്തരം സ്റ്റാര്‍ട് അപ്പുകളിലേക്കു കൂടുതല്‍ പോകുന്നതായും കമ്പനികള്‍ വിലയിരുത്തുന്നുണ്ട്. ഇതു തടഞ്ഞു പ്രതിഭാധനരുടെ കഴിവുകള്‍ തങ്ങള്‍ക്കു തന്നെ ഉറപ്പാക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News