ഫേസ്ബുക്കില്‍ പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞു സുക്കര്‍ബര്‍ഗ് ഭൂമിവാങ്ങി പറ്റിച്ചു; കലിഫോര്‍ണിയയിലെ ബില്‍ഡര്‍ വഞ്ചനാക്കേസുമായി കോടതിയില്‍

സാന്‍ജോസ്: ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ വഞ്ചനാക്കേസും. ബിസിനസില്‍ പങ്കാളിത്തം നല്‍കി ബില്‍ഡറില്‍നിന്നു വീടു സ്വന്തമാക്കിയശേഷം വാഗ്ദാനലംഘനം നടത്തിയെന്നാണ് കേസ്. സാന്‍ജോസ് സ്‌റ്റേറ്റ് ജഡ്ജി കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കും.

2012-ലാണ് കേസിന് ആസ്പദമായ സംഭവം. പാലോ ആള്‍ട്ടോയിലെ തന്റെ വീടിനു പിന്നിലുള്ള സ്ഥലവും വീടുമാണ് സുക്കര്‍ബര്‍ഗ് വോസ്‌കെറിഷന്‍ എന്ന ബില്‍ഡറില്‍നിന്നു വാങ്ങിയത്. 9600 ചതുരശ്ര അടിയുള്ള കെട്ടിടസമുച്ചയം ഇവിടെ നിര്‍മിക്കാന്‍ വോസ്‌കെറിഷന്‍ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയില്‍നിന്നു പിന്‍മാറി ഭൂമി വിട്ടുകൊടുത്താല്‍ ഫേസ്ബുക്കിന്റെ ബിസിനസ് പങ്കാളിയാക്കാമെന്നു സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്‌തെന്നാണ് വോസ്‌കെറിഷന്‍ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ഭൂമിവിലയില്‍ നാല്‍പതു ശതമാനം ഇളവു നല്‍കി. ഭൂമി സ്വന്തമായിക്കഴിഞ്ഞപ്പോള്‍ വാഗ്ദാനത്തില്‍നിന്നു സുക്കര്‍ബര്‍ഗ് പിന്‍മാറിയെന്നാണ് പരാതി.

കേസ് കോടതിയിലെത്തിയിട്ടു കുറച്ചുകാലമായെങ്കിലും പല കാരണങ്ങളില്‍ നീണ്ടുപോവുകയായിരുന്നു. ആരോപണങ്ങള്‍ തള്ളണമെന്നാവശ്യപ്പെട്ടു സുക്കര്‍ബര്‍ഗ് നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു. ഇതിനിടെ, വോസ്‌കെറിഷന്റെ അഭിഭാഷകന്‍ കേസില്‍നിന്നു പിന്‍മാറി. അറ്റോണിയായിരുന്ന ഡേവിഡ് ഡ്രാപ്പറാണ് ബില്‍ഡര്‍ക്കുവേണ്ടി കേസുമായി മുന്നോട്ടുപോയിരുന്നത്. അടുത്തിടെയാണ്, അറ്റോണി പിന്‍മാറിയത്. എന്താണ് കാരണമെന്നു വ്യക്തമാക്കിയിട്ടില്ല.

കേസിന്റെ കാര്യത്തില്‍ ഡ്രാപ്പറും വോസ്‌കെറിഷനും തമ്മിലുള്ള തര്‍ക്കമാണ് കേസില്‍നിന്നു പിന്‍മാറാന്‍ കാരണമെന്നു സുക്കര്‍ബര്‍ഗിന്റെ അഭിഭാഷകന്‍ പാട്രിക് ഗന്‍ പറഞ്ഞു. പുതിയ അഭിഭാഷകനെ തേടുകയാണെന്നു വോസ്‌കെറിഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News