ഗൂഗിളിന് വിട;ആല്‍ഫബെറ്റിലേക്ക് ചേക്കേറി ഗൂഗിള്‍

ഇനി മുതല്‍ ഗൂഗിള്‍ ഇല്ല. ഗൂഗിള്‍ മായുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ തങ്ങളുടെ പുതിയ പാരന്റിംഗ് കമ്പനിയായ ആല്‍ഫബെറ്റിലേക്ക് ചേക്കേറി. ഗൂഗിളിന്റെ എല്ലാ സെര്‍ച്ച്-വെബ് ബിസിനസുകളും മാപുകളും യൂട്യൂബും എല്ലാം ഇനി ആല്‍ഫബെറ്റായിരിക്കും നിയന്ത്രിക്കുക. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറടക്കം മൂണ്‍ഷോട്ട് സംരംഭങ്ങളും ആല്‍ഫബെറ്റ് നടത്തും. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ മാത്രമായി നിലനില്‍ക്കും. ഗൂഗിളിന്റെ ഓഹരികളും ആല്‍ഫബെറ്റിന്റെ പേരിലേക്ക് മാറുകയാണ്. ഗൂഗിള്‍ ക്ലാസ് എ, ക്ലാസ് സി ഓഹരികള്‍ ആല്‍ഫബെറ്റിലേക്ക് മാറും. എത്ര ഓഹരികള്‍ കയ്യിലുണ്ടോ അത്രയും ഓഹരികള്‍ മൂല്യത്തില്‍ മാറ്റമൊന്നുമില്ലാതെ ഓഹരിയുടമകള്‍ക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഓഹരികളില്‍ തിങ്കളാഴ്ച മുതല്‍ തന്നെ നസ്ദക്കില്‍ വ്യാപാരം ആരംഭിക്കാം. ഗൂഗിള്‍ ആല്‍ഫബെറ്റിലേക്ക് മാറിയെങ്കിലും ടിക്കറില്‍ മാറ്റം ഒന്നും ഉണ്ടായിരിക്കില്ല. ഘടനാപരമായ മാറ്റം ഓഗസ്റ്റില്‍ തന്നെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഗൂഗിളിന്റെ ബിസിനസുകള്‍ എല്ലാം വേറെയാക്കുക എന്ന ലക്ഷ്യം വച്ചാണ് ആല്‍ഫബെറ്റിന് ഗൂഗിള്‍ സ്ഥാപകനായ ലാറി പേജ് രൂപം നല്‍കിയത്. ഡ്രൈവറില്ലാ കാറുകള്‍, ഗ്ലൂക്കോസ് മോണിറ്ററിംഗ് കോണ്‍ടാക്ട് ലെന്‍സ്, ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ബലൂണ്‍ തുടങ്ങിയ കോര്‍ ബിസിനസുകളാണ് ആല്‍ഫബെറ്റിലേക്ക് മാറ്റുന്നത്. ഗൂഗിള്‍ ആരംഭിക്കാനിരിക്കുന്ന സൈഡ്‌വാക് ലാബ് എന്ന പദ്ധതിയും ആല്‍ഫബെറ്റിന്റെ ഭാഗമായിരിക്കും.

ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക, സാങ്കേതികത വളര്‍ത്തുക എന്ന ലക്ഷ്യവുമായി ഗൂഗിള്‍ ഗ്രാമ-പട്ടണ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ വൈഫൈ പദ്ധതിയാണ് സൈഡ്‌വാക് ലാബ്. ജനുവരി മുതല്‍ തുടങ്ങുന്ന നാലാംപാദം മുതല്‍ ആല്‍ഫബെറ്റിന് രണ്ടു റിപ്പോര്‍ട്ടിംഗ് യൂണിറ്റുകള്‍ ഉണ്ടാകും. ഗൂഗിളും മറ്റു ആല്‍ഫബെറ്റ് ബിസിനസുകളും ഒന്നായി കണക്കാക്കപ്പെടും. സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നതിനാല്‍ നിക്ഷേപകരും മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ ഹോം പ്രൊഡക്ട് മേക്കറായ നെസ്റ്റ്, ഗൂഗിള്‍ വെഞ്ച്വേഴ്‌സ്, ഗൂഗിള്‍ ക്യാപിറ്റല്‍ എന്നീ ബിസിനസുകളും ആല്‍ഫബെറ്റിലേക്ക് മാറും. ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആയിരിക്കും ഗൂഗിളിന്റെ തലപ്പത്ത്. ആല്‍ഫബെറ്റിനെ ലാറി പേജ് തന്നെ നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here