ചുമ്മാതിരിക്കാതെ ചുമ്മാ തിരിച്ചത് അമ്മൂമ്മത്തിരി; സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു മടങ്ങിയെത്തി കേരളത്തില്‍ സംരംഭകവിപ്ലവത്തിന് തിരിതെളിച്ച ലക്ഷ്മി മേനോന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

കൈരളി ടിവി യുവസംരംഭക അവാര്‍ഡ് ജേതാവ് ലക്ഷ്മി എന്‍ മേനോന്‍ അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുക്രിസ്തുവിന്റേത് പോലെ ഒരു മഹാത്ഭുതമാണ് ഒരു ചെറിയ തുകമുടക്കി കേരളത്തിലെ വയോജനങ്ങളായ സ്ത്രീകള്‍ക്ക് തൊഴിലുണ്ടാക്കി കൊടുക്കുന്നതിലൂടെ ചെയ്തത്. പത്തുവര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡിസൈനറായി ജീവിച്ച ലക്ഷ്മി കേരളത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷമാണ് അമ്മൂമ്മത്തിരി എന്ന അപൂര്‍വ്വ പദ്ധതിയിലൂടെ ഈ നേട്ടം കൊയ്തത്. ലക്ഷ്മിയുടെ വിജയഗാഥ.

ഒരു കലാകാരിയായ ലക്ഷ്മി എങ്ങനെയാണ് അമ്മൂമ്മത്തിരി എന്ന ആശയത്തില്‍ എത്തുന്നത്?

വളരെ യദൃശ്ചികമായാണ് അമ്മൂമ്മത്തിരി എന്ന ആശയത്തില്‍ ഞാന്‍ എത്തുന്നത്. സാമൂഹ്യപ്രവര്‍ത്തനതാല്‍പര്യമുള്ള എനിക്ക് സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആദ്യമേ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. അമ്മൂമ്മത്തിരി എന്ന ആശയം എന്നിലേക്ക് എത്തിച്ചത് എന്റെ അമ്മൂമ്മ തന്നെയായിരുന്നു. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. അമ്മൂമ്മയ്ക്ക് 90 വയസിന് മുകളില്‍ പ്രായമുണ്ട്. വയസാകുമ്പോള്‍ കുട്ടികളെ പോലെയാകും എന്ന് പറയുന്നത് അമ്മൂമ്മയുടെ കാര്യത്തില്‍ ശരിയാണ്. ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ താല്‍പര്യമില്ലാത്ത അമ്മൂമ്മയെ വെറുതെ ഇരുത്തുന്നതിന് വേണ്ടി കണ്ടെത്തിയ ചെറിയ ഒരു ഐഡിയ ആയിരുന്നു ഇത്. ഒരു ദിവസം അമ്മൂമ്മ വിളക്കിന്റെ തിരി നാമം ജപിച്ച് ഉണ്ടാക്കുന്നത് കണ്ടു. എന്തായാലും ഈ പണി കഴിഞ്ഞാല്‍ അമ്മൂമ്മയെ പിടിച്ചിരുത്താന്‍ പാടാണ്. അതുകൊണ്ട് ഞാന്‍ അമ്മൂമ്മയോട് കുറച്ചൂകൂടെ തിരികള്‍ ഉണ്ടാക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണെങ്കില്‍ നമുക്ക് ഈ തിരികള്‍ അമ്മാവന്മാരുടെയും കുഞ്ഞമ്മയുടെയും വീട്ടില്‍ പോകുമ്പോള്‍ അമ്മൂമ്മ ഉണ്ടാക്കിയ തിരിയാണെന്ന് പറഞ്ഞ് കൊടുക്കാമല്ലോ എന്ന് പറഞ്ഞു. അത് അമ്മൂമ്മയ്ക്ക് വലിയ സന്തോഷമായി. അ്ങ്ങനെ അതൊരു ചെറിയ പാക്കറ്റിലാക്കി ഞങ്ങള്‍ പോകുന്ന വീട്ടിലൊക്കെ കൊടുക്കാന്‍ തുടങ്ങി. വീട്ടില്‍ വരുന്നവര്‍ക്ക് വരുമ്പോള്‍ ഒരു ചെറിയ സമ്മാനമായി അത് കൊടുത്തു. അങ്ങനെ ഒരു രസത്തിനായി ഞങ്ങള്‍ അതിന് ഒരു പേരും കൊടുത്തു. ‘ചുമ്മാതിരിക്കാതെ ചുമ്മാതിരിച്ചത് അമ്മൂമ്മത്തിരി’ അങ്ങനെ ഒരുദിവസം അമ്മൂമ്മ എന്നോട് ചോദിച്ചു; ഡിമാന്റ് എങ്ങനെയുണ്ട്? എന്ന്. ആചോദ്യത്തില്‍ അമ്മൂമ്മയുടെ മനസ്സുണ്ടായിരുന്നു. തനിക്ക് ഈ പ്രായത്തിലും മറ്റുള്ളവര്‍ക്കായി എന്തൊക്കെയോ ചെയ്യാന്‍ കഴിയുന്നു എന്ന തോന്നലാണ് ആ ചോദ്യം. ഈ പ്രായമുള്ള പലരുടെയും മനസ്സില്‍ ഇതേ ആഗ്രഹം തന്നെയായിരിക്കുമോ എന്ന് പരിശോധിക്കാനായി ഞാന്‍ എന്റെ അച്ഛന്റെ ഒരു സഹോദരിയുടെ അടുത്ത് പോയി. വല്ല്യമ്മയ്ക്ക് കാഴ്ച കുറവുണ്ട്. അതിനാല്‍ എപ്പോഴും കിടപ്പും വിഷമവുമാണ്. വല്ല്യമ്മയോട് ഞാന്‍ വിളക്ക് തിരിയുണ്ടാക്കാമോ എന്ന് ചോദിച്ച് കുറച്ച് തുണി കൊടുത്തു. (അന്ന് തുണിയിലായിരുന്നു തിരി ഉണ്ടാക്കിയിരുന്നത്) തുണി ആദ്യമേ തിരി്ക്കാനാവശ്യമായ വലിപ്പത്തില്‍ വെട്ടിക്കൊടുത്തിരുന്നു. വല്ല്യമ്മ നന്നായി തിരി ഉണ്ടാക്കി. ഈ തിരികള്‍ അടുത്തുള്ള അമ്പലത്തില്‍ കൊടുത്തു. ഇപ്പോള്‍ ആ അമ്പലത്തില്‍ വല്ല്യമ്മ ഉണ്ടാക്കുന്ന തിരിയാണ് തെളിക്കുന്നത്. ഒരു ദിവസം ഞാന്‍ അവിടെ പോയപ്പോള്‍ വല്ല്യമ്മ പറയുകയാണ്; ഞാന്‍ അമ്പലത്തില്‍ പോയിട്ട് വര്‍ഷങ്ങളായി മോളേ… എന്നാല്‍ ഞാന്‍ ഉണ്ടാക്കുന്ന തിരികളാണ് ഭഗവാന് വേണ്ടി കത്തുന്നത്. അതില്‍പ്പരം ഭാഗ്യം വേറെന്താ.. ഇപ്പോള്‍ വല്ല്യമ്മ ആളാകെ മാറിപ്പോയി. ചില ദിവസം തിരി ഉണ്ടാക്കുന്ന തിരക്കില്‍ വല്ല്യമ്മ ഭക്ഷണം കഴിക്കുന്നത് വരെ മറന്നു പോകുന്നു. അങ്ങനെയാണ് പിന്നീട് അടുത്തുള്ള വൃദ്ധസദനത്തില്‍ പോകുന്നത്. അവിടെ ചെന്നപ്പോഴാണ് ഈ പ്രായക്കാര്‍ക്കെല്ലാം ഒരേ മനസ്സാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് അമ്മൂമ്മത്തിരി ഉണ്ടായത്.

അമ്മൂമ്മത്തിരിയില്‍ പ്രതീക്ഷയുടെ പ്രകാശം കണ്ടെത്തിയത് എങ്ങനെ?

ഈ ആശയം എന്റെ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അതെങ്ങനെ നടപ്പിലാക്കും എന്ന ചോദ്യവും. അങ്ങനെയാണ് ഞാന്‍ വൃദ്ധസദനത്തിലേക്ക് പോകുന്നത്. ഞാന്‍ അവിടെയുള്ള അമ്മൂമ്മമാരോട് സംസാരിച്ചപ്പോള്‍ ഒരമ്മൂമ്മ പറയുകയായിരുന്നു; ‘മോള് വരുന്നോണ്ട് ഇന്ന് ഞങ്ങള്‍ക്ക്് പാല്‍ ചായ കിട്ടി’. ഒരു പാല്‍ ചായ കുടിക്കുന്നത് ഇത്രവലിയ സംഭവമായി കാണുന്നു എങ്കില്‍ അവിടെ താമസിക്കുന്നവരുടെ ജീവിതാവസ്ഥ എന്തായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. ഇതുപോലെ തിരിയുണ്ടാക്കുന്നത് ഏതൊരു അമ്മൂമ്മയ്ക്കും സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് ഒരു വരുമാനമായാല്‍ എത്രയോപേര്‍ക്ക് പുതിയ ഉണര്‍വ് നല്‍കും എന്ന് ഞാന്‍ ചിന്തിച്ചു.

അമ്മൂമ്മത്തിരി അമ്മൂമ്മമാരില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്?

തിരുവനന്തപുരത്തെ ഒരു വൃദ്ധസദനത്തില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം പറയാം. വളരെ അവശയായ അമ്മൂമ്മ, ബെഡ്പാന്‍ വച്ചാണ് പ്രാഥമിത കര്‍മ്മങ്ങള്‍ നടത്തുന്നത്. ആ അമ്മൂമ്മയെ പ്രത്യേകം കിടത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അമ്മൂമ്മ വലിയ സന്തോഷത്തിലാണ്. കാരണം എന്താണെന്നോ? ഇപ്പോള്‍ അമ്മൂമ്മയുടെ അടുത്തേക്ക് അവിടെ താമസിക്കുന്ന മറ്റ് അമ്മൂമ്മമാരെല്ലാം വരുന്നുണ്ട്. കാരണം അമ്മൂമ്മയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ഒരു കത്രികയുണ്ട്. തിരിയുണ്ടാക്കുന്ന നൂല് വെട്ടിക്കാനായി അവിടെയുള്ള മറ്റു അമ്മൂമ്മമാര്‍ വരും. മുന്‍പ് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന അമ്മൂമ്മമാര്‍ ഇപ്പോള്‍ ഒറ്റക്കെട്ടായ് കഴിയുകയാണ്. ഇടക്ക് കാണാന്‍ വരുന്ന മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഇവര്‍ പൈസകൊടുക്കാന്‍ തുടങ്ങി.

വിപണനസാധ്യത എങ്ങനെ കണ്ടെത്തി?

പലവഴികളും നോക്കി. വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രമാണ് തിരി എടുക്കുന്നത്. പിന്നീട് എന്റെ സുഹൃത്ത് രവി ഡി.സി.യെ ഞാന്‍ അമ്മൂമ്മത്തിരി കാണിക്കുകയുണ്ടായി. കണ്ടപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു ‘ഇതൊരു വമ്പന്‍ ഐഡിയയാണല്ലോ?’ എന്നിട്ട് ആ പാക്കറ്റ് അദ്ദേഹത്തിന്റെ പുസ്തകത്തിന് ഇടയില്‍ വച്ചിട്ട് മൂന്നു ലക്ഷം തിരിക്ക് ഓര്‍ഡര്‍ തന്നു. ആദ്യം എനിക്ക് മനസ്സിലായില്ല. വിളക്ക് തിരിയും പുസ്തകവും തമ്മില്‍ എന്ത് ബന്ധം എന്ന് ചിന്തിച്ചു. പിന്നീട് രവി എന്നോട് പറഞ്ഞു; ‘ഡിസി ബുക്‌സ് രാമായണം പുറത്തിറക്കുന്നുണ്ട്. അതിനോടൊപ്പം സൗജന്യമായി അമ്മൂമ്മത്തിരിയും.’ അതൊരു വലിയ ആശയമായിരുന്നു. രണ്ടുമാസം കൊണ്ട് മൂന്നുലക്ഷം തിരികളായിരുന്നു ഞങ്ങള്‍ അന്ന് ഉണ്ടാക്കിയത്. അമ്മൂമ്മമാരെ കൊണ്ട് മാത്രം ഇത്രയും തിരികള്‍ ഉണ്ടാക്കാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ തുടക്കക്കാരായിരുന്നല്ലോ. അവര്‍ക്കൊപ്പം ഞാനും അമ്മയും അമ്മൂമ്മയും ഉണ്ടാക്കിയിട്ടും തികയുന്നില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ തിരനൂലുമായി ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ പോയി അവിടെ ആഴ്ചാവസാനം ആക്ടിവിറ്റീസ് ഉണ്ടാകും. അതില്‍ വിളക്കുതിരി ഉണ്ടാക്കല്‍ മത്സരം നടത്തി. അന്ന് അവര്‍ പതിനായിരം തിരികള്‍ ഉണ്ടാക്കി. പിന്നീട് ബന്ധുക്കളുടെ വീടിനടുത്തുള്ള അമ്മൂമ്മമാരെ സംഘടിപ്പിച്ച് ഉണ്ടാക്കിച്ചു. ഇതില്‍ നിന്നു കിട്ടിയ പണം അമ്മൂമ്മമാര്‍ക്കും, സ്‌നേഹത്തിരി എന്ന പേരില്‍ ആര്‍ സി സിയിലെ രോഗികള്‍ക്കുമായി നല്‍കി. വിദേശമലയാളികള്‍ ധാരാളം വാങ്ങുന്നുണ്ട്. അംബികാ പിള്ളയെ പോലുള്ള പ്രമുഖര്‍ ഒരുപാട് സഹായിക്കുന്നുണ്ട്. ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവിടെ നിന്നുണ്ടായ പ്രതികരണം വളരെ നിഷേധാത്മകമായിരുന്നു.

ഗ്രാന്‍ഡ്മാര്‍ക്ക് എന്ന ബ്രാന്‍ഡുതന്നെ സൃഷ്ടിച്ചുകഴിഞ്ഞു. എന്താണ് ഗ്രാന്‍ഡ്മാര്‍ക്ക്?

അമ്മൂമ്മമാര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഗ്രാന്‍ഡ്മാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇത് തിരിയില്‍ മാത്രമല്ല. അമ്മൂമ്മമാര്‍ ഉണ്ടാക്കിയ ഏതൊരു വസ്തുവിനും ബാധകമാക്കുന്നുണ്ട്. ഗ്രാന്‍ഡ്മാര്‍ക്ക് ലോഗോയ്ക്കും ആമുഖ വാചകത്തിനും വേണ്ടി ഓണ്‍ലൈന്‍ വഴി ഒരു മത്സരം നടത്തിയിരുന്നു. പ്രകാശ് വര്‍മ്മ, അംബികാ പിള്ള, അഞ്ജലി മേനോന്‍ എന്നിവരാണ് ഇതിന്റെ വിജയികളെ തെരഞ്ഞെടുത്തത്.

അമ്മൂമ്മത്തിരിയുടെ ഭാവി?
ഏറ്റുമാനൂര്‍ അമ്പലത്തില്ക്ക് ഒരുലക്ഷം തിരി വീതം വാങ്ങിച്ചു. ദേവസ്വം ബോഡ് പോലുള്ള മത സ്ഥാപനങ്ങള്‍ 100കെട്ട് വീതം ഓരോ ക്ഷേത്രങ്ങള്‍ക്കും നല്‍കിയാല്‍ അമ്മൂമ്മമാര്‍ക്ക് അത് വളരെ വലിയ സഹായമായിരിക്കും. അതിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണിപ്പോള്‍. മഥുരയിലെ വൃന്ദാവനത്തില്‍ ഞാന്‍ പോയിരുന്നു. അവിടെ രാവിലെ മുതല്‍ ഒരുനേരത്തെ ആഹാരത്തിനായി വൃദ്ധര്‍ റോഡരികള്‍ ഭിക്ഷ യാചിക്കുകയാണ്. ദൈവത്തിനേക്കാള്‍ മാതൃത്വത്തിന് വിലനല്‍കുന്ന ഇന്ത്യയില്‍ ധാരാളം അമ്മമാര്‍ അനാഥരും യാചകരുമായി മാറിയിരിക്കുകയാണ്. ദൈവങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടായ ഇന്ത്യയില്‍ തിരിയുണ്ടാക്കുന്നതിലൂടെ അവരുടെ പട്ടിണി മാറ്റാനുള്ള മാര്‍ഗം കണ്ടെത്താനാവും എന്നുകാണിച്ച് വിശദമായ പ്രോജക്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാനായാല്‍ വലിയ മാറ്റമാണ് ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News