യുഡിഎഫ് നല്‍കിയ സര്‍ക്കാര്‍ പദവികളില്‍ കടിച്ച് തൂങ്ങി എസ്എന്‍ഡിപി നേതാക്കള്‍; രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി പരസ്യ ബന്ധം തുടരുമ്പാഴും സര്‍ക്കാരില്‍ നിന്ന് നേടിയ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവെയ്ക്കുന്നതിനെപ്പറ്റി എസ്എന്‍ഡിപിയ്ക്ക് മൗനം. ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെയ്ക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപി നേതൃത്വം ഇതുവരെ മിണ്ടിയിട്ടില്ല. എസ്എന്‍ഡിപിയ്ക്ക് നല്‍കിയ സ്ഥാനങ്ങള്‍ തിരിച്ചെടുക്കാനോ രാജി ആവശ്യപ്പടാനോ യുഡിഎഫ് നേതൃത്വമോ സംസ്ഥാന സര്‍ക്കാരോ തയ്യാറായിട്ടുമില്ല.

മന്ത്രി അടൂര്‍ പ്രകാശ് മുതല്‍ കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ വരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുകയാണ്. യോഗത്തിന്റെ ബിജെപി ബന്ധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ ഇവരുടെ നിലപാട് എന്തെന്ന് ഇതുവരെ വ്യക്തമല്ല. സാമുദായിക പ്രാതിനിധ്യത്തിന്റെ ഭാഗമായാണ് അടൂര്‍പ്രകാശ് മന്ത്രി സഭയില്‍ എത്തിയതും റവന്യൂ വകുപ്പ് ലഭിച്ചതും. എസ്എന്‍ഡിപി യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായിരുന്നു അടൂര്‍ പ്രകാശ്.

പിന്നോക്കക്ഷേമ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മോഹന്‍ശങ്കര്‍ എത്തിയത് എസ്എന്‍ഡിപി നോമിനിയായാണ്. എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയും യോഗം നേതാവുമായിരുന്ന ആര്‍ ശങ്കറിന്റെ മകനുമാണ് മോഹന്‍ശങ്കര്‍. ഇദ്ദേഹത്തെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് യുഡിഎഫ് നിയമിച്ചത് എസ്എന്‍ഡിപിക്ക് നല്‍കിയ സാമുദായിക പ്രാതിനിധ്യം മൂലമാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് കൂടിയായ സുഭാഷ് വാസു. എസ്എന്‍ഡിപി നോമിനിയായാണ് സുഭാഷ് വാസുവിനെ ദേവസ്വം ബോര്‍ഡ് അംഗമായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. വെള്ളാപ്പള്ളി നടേശന്റെ വലംകൈ എന്ന നിലയിലാണ് യുഡിഎഫ് സുഭാഷ് വാസുവിന് പ്രാതിനിധ്യം നല്‍കിയത്. ദില്ലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ചര്‍ച്ചയില്‍ സുഭാഷ് വാസുവും പങ്കെടുത്തു.

കെപ്‌കോ ചെയര്‍മാന്‍ സ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ച കെ പത്മകുമാര്‍ പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റാണ്. പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് ആയ പത്മകുമാര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്.

ദേവസ്വം റിക്രൂട്ട്‌മെന്റ്് ബോര്‍ഡ് അംഗമായ അനില്‍ തറനിലം എസ്എന്‍ഡിപി നോമിനിയാണ് തല്‍സ്ഥാനത്തെത്തിയത്. ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ അനില്‍ തറനിലത്തെ മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ നിയമിച്ചത്.

വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റായ പിവി വിനീഷ് എസ്എന്‍ഡിപി നോമിനിയായാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായത്. വെള്ളാപ്പള്ളി നടേശന്റെ അടുത്ത ആളായാണ് പിവി വിനീഷ് അറിയപ്പെടുന്നത്.

എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായ സതീഷ് കൊച്ചുപറമ്പന്‍ എസ്എന്‍ഡിപി നോമിനിയായാണ് സിന്‍ഡിക്കറ്റിലെത്തിയത്. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

പ്രൊഫ. ബി. സുശീലന്‍ എസ്എന്‍ഡിപി നോമിനിയായാണ് എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായത്. കൊല്ലം എസ്എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് അനുഭാവിയുമാണ് ഇദ്ദേഹം.

കെപിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ. സിആര്‍ ജയപ്രകാശ് എസ്എന്‍ ട്രസ്റ്റ് അംഗമാണ്. ആലപ്പുഴയിലെ എസ്എന്‍ഡിപി നേതാവ് കൂടിയാണ് ഇദ്ദേഹം.

കോട്ടയം യൂണിയന്‍ സെക്രട്ടറി എജി തങ്കപ്പന്‍ കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളുമാണ്. മുന്‍പ് എസ്എഡിപി യോഗം ഇടതുപക്ഷത്തിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ യോഗത്തിന്റെ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി പ്രതിഷേധം അറിയിച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് എജി തങ്കപ്പന്‍.

എസ്എന്‍ഡിപി യോഗം നേതാക്കളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പമാണ്. മറ്റു രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എസ്എന്‍ഡിപിയുടെ നേതൃസ്ഥാനത്ത് കുറവാണ്. ബിജെപിയുമായി പരസ്യബന്ധത്തിന് തയ്യാറായ വെള്ളാപ്പള്ളി വിഭാഗത്തിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ ഇവര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് സ്വികരിക്കേണ്ട കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മൗനം പാലിക്കുകയാണ്. എസ്എന്‍ഡിപിയുടെ ബിജെപി ബന്ധത്തെ സമുദായ അംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പിന്തുണയ്ക്കുന്നുവെന്നാണ് കരുതുന്നത്. എസ്എന്‍ഡിപി നോമിനികളായി സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ എത്തിയവരും എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാടിലും രാജിക്കാര്യത്തിലും തികഞ്ഞ മൗനം പാലിക്കുന്നു. മന്ത്രിയടക്കമുള്ളവര്‍ പട്ടികയില്‍ ഉണ്ടെന്നിരിക്കെ കോണ്‍ഗ്രസ് – യുഡിഎഫ് നേതൃത്വങ്ങള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിച്ചുമില്ല. നേതാക്കളുടെ രഹസ്യ പിന്തുണക്കാര്യം ഉയര്‍ന്നുവരാതിരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് എസ്എന്‍ഡിപി നേതൃത്വത്തെ എതിര്‍ക്കാത്തത്.

ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്. ഇത്തരത്തിലുള്ളവരുടെ ഇരട്ട നിലപാട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അണികള്‍ ഭൂരിപക്ഷം സിപിഐഎമ്മിനൊപ്പം എന്ന് പറയുന്നുവെങ്കിലും ഇതിന് കൃത്യമായ കണക്കില്ല. എത്രത്തോളം അണികള്‍ എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന വ്യക്തമായ ചിത്രവും സമുദായ നേതൃത്വത്തിനില്ല. എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹി സ്ഥാനങ്ങളില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെന്നത് വ്യക്തം.

സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ബിജെപി – എസ്എന്‍ഡിപി ബന്ധത്തില്‍ സമുദായ അംഗങ്ങളായ കോണ്‍ഗ്രസ്  നേതാക്കള്‍ മൗനം തുടരുമ്പോള്‍ ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കും എന്നതും കാത്തിരുന്നു തന്നെ കാണണം. വിമര്‍ശനം ഏറിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി നേതൃത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനും നിലപാട് സ്വീകരിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഈ വിഷയം രാഷ്ട്രീയ പ്രചരണ ആയുധമാകും എന്നത് ഇരു നേതൃത്വങ്ങളെയും കുഴയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here