ഫോട്ടോഷോപ്പും ഇല്യുസ്‌ട്രേറ്ററും ഇനി മൊബൈലിലും ലഭിക്കും; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്‌ഡോ ഐഒഎസോ വിന്‍ഡോസോ മാക് ഒഎസ്എക്‌സോ ഏതുമാകട്ടെ. അഡോബിന്റെ സമ്മാനമുണ്ട് നിങ്ങള്‍ക്ക്. അഡോബ് ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ, ഫോട്ടോഷോപ് ഫിക്‌സ്, കാപ്ചര്‍ സിസി എന്നിവ ഇനി നിങ്ങള്‍ക്ക് മൊബൈല്‍ ഫോണിലും ഉപയോഗിക്കാം. ഇല്യുസ്‌ട്രേറ്റര്‍ ഡ്രോയും കാപ്ചര്‍ സിസിയും ഗൂഗിള്‍ പ്ലേയിലാണ് ലഭിക്കുക. ഫോട്ടോഷോപ് ഫിക്‌സ്, കാപ്ചര്‍ സിസി, ലൈറ്റ്‌റൂം ആപ്പുകള്‍ ആപ് സ്റ്റോറില്‍ നിന്ന് ലഭിക്കും. ഇതിനെല്ലാം പുറമേ ഡെസ്‌ക്‌ടോപ്പുകളില്‍ ഉപയോഗിക്കുന്നതിനായി പ്രോജക്ട് കോമറ്റ് എന്ന പേരില്‍ ഒരു പുതിയ ഡിസൈന്‍ ടൂളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ത്രീ ഡി രൂപങ്ങള്‍ ഉണ്ടാക്കാന്‍ പ്രോജക്ട് കോമറ്റ് സഹായിക്കും. ഇതിനെല്ലാം പുറമേ ആപ്ലിക്കേഷനുകളില്‍ പുതിയ ചില അപ്‌ഡേഷനുകളും അഡോബ് വരുത്തിയിട്ടുണ്ട്.

ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഫോട്ടോഷോപ് ഫിക്‌സ് ലഭിക്കുക. ഐപാഡ്, ഐഫോണുകളില്‍ എല്ലാം ഫോട്ടോഷോപ് ഫിക്‌സ് ഉപയോഗിക്കാന്‍ സാധിക്കും. ഇമേജുകള്‍ റീടച്ച് ചെയ്ത് റീസ്‌റ്റോര്‍ ചെയ്യാന്‍ ഇത് ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും. ഫോട്ടോഷോപ്പിലെ ഫീച്ചേഴ്‌സായ ഹീലിംഗ് ബ്രഷ്, ലിക്വിഫൈ തുടങ്ങിയവ ഈ ആപ്ലിക്കേഷനിലും ലഭിക്കും. എന്നാല്‍, മറ്റുചില ഫീച്ചേഴ്‌സ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ആന്‍ഡ്രോയ്ഡിലും ആപ്ലിക്കേഷന്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് അഡോബ് വ്യക്തമാക്കിയിട്ടുണ്ട്.

കാപ്ചര്‍ സിസി ആപ്ലിക്കേഷനില്‍ ബ്രഷ് കളര്‍, ഹ്യൂ, ഷേപ് തുടങ്ങിയ ഫീച്ചേഴ്‌സ് ലഭ്യമാണ്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ആപ് റിലീസ് ചെയ്തിട്ടുണ്ട്. ഫോട്ടോകളില്‍ കളര്‍ തീമുകള്‍ ഉപയോഗിക്കാനും പുതിയ ലുക്കുകള്‍ ചേര്‍ക്കാനും വെക്ടര്‍ ഗ്രാഫിക്‌സുകള്‍ ഉപയോഗിക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. ബ്രഷ്, കളര്‍, ഹ്യൂ, ഷേപ് എന്നിവയുടെ നിലവിലുണ്ടായിരുന്ന സ്വന്തം ആപ്ലിക്കേഷനുകള്‍ ഇനി ഉണ്ടാവില്ലെന്നും അഡോബ് അറിയിച്ചിട്ടുണ്ട്. കാപ്ചര്‍ സിസിയുടെ മുഴുവന്‍ ഫീച്ചേഴ്‌സും ഉപയോഗിക്കാന്‍ ക്രിയേറ്റീവ് ക്ലൗഡും സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കി.

ഐഒഎസില്‍ റിലീസ് ചെയ്ത ലൈറ്റ്‌റൂം ആപ്ലിക്കേഷന്‍ ചില പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ വേര്‍ഷന്‍ എത്തുന്നത്. ആപില്‍ നിന്ന് നേരിട്ടു ഫോട്ടോകള്‍ എടുക്കാനും അത് അപ്പോള്‍ തന്നെ എഡിറ്റ് ചെയ്യാനും ഐഒഎസിലെ ലൈറ്റ്‌റൂം ആപ്ലിക്കേഷനില്‍ സാധിക്കും. ഇമേജ് ഷാര്‍പണ്‍ ചെയ്യാനും ഫോട്ടോ കളറും ബ്ലാക്ക് ആന്‍ഡ് വൈറ്റും ആക്കാനുള്ള അഡ്ജസ്റ്റ്‌മെന്റ് ടൂള്‍സും ഇതില്‍ ലഭിക്കും. കൂടുതല്‍ ലേയറുകള്‍ സൃഷ്ടിക്കാന്‍ മിക്‌സ് ടൂളും ഉണ്ട്.

ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ എന്നത് ഫ്രീ ഹാന്‍ഡ് ഡ്രോവിംഗ് ടൂളാണ്. ഇല്യുസ്‌ട്രേറ്റര്‍ സിസി, ഫോട്ടോഷോപ് സിസി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ. കൂടുതല്‍ ലെയറുകള്‍ ഉള്ള വെക്ടര്‍ ഇമേജുകള്‍ക്കും പിഎന്‍ജി ഫയലുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിനും ഇത് ഉപകരിക്കും. ഡെസ്‌ക്‌ടോപ്പിലെ ഇല്യുസ്‌ട്രേറ്റര്‍ ആപുമായി മൊബൈലിലെ ആപ്ലിക്കേഷനുമായി സിങ്ക് ചെയ്യാനും ബാക്കി ജോലികള്‍ ഡെസ്‌ക്‌ടോപ്പില്‍ ചെയ്യാനും സാധിക്കും.

വിന്‍ഡോസിലേക്ക് വേണ്ടി അഡോബിന്റെ പ്രമുഖ ഡിസൈന്‍ ആപുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപുകളാണ് പ്രഖ്യാപിച്ചത്. ആഫ്റ്റര്‍ എഫക്ട്‌സ്, ഓഡിഷന്‍, ഫോട്ടോഷോപ്, ലൈറ്റ്‌റൂം, ഇല്യുസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍, പ്രീമിയര്‍ പ്രോ തുടങ്ങിയവ സര്‍ഫേസ് പ്രോ 3 അടക്കം മറ്റു ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റുകളിലും ലാപ്‌ടോപ്പുകളിലും ഉപയോഗിക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News