ഫേസ്ബുക്ക് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു

ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫ്രഞ്ച് സ്ഥാപനമായ യൂടെല്‍സാറ്റുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നത്. ആമോസ് 6 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം കിഴക്കന്‍ ആഫ്രിക്കയുടെയും പശ്ചിമ ആഫ്രിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. 2016 രണ്ടാം പകുതിയോടെ ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ ഭാഗമയായാണ് ഇത്തരമൊരു പദ്ധതി. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശത്തുനിന്ന് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ് ബഹിരാകാശത്തേക്ക് ഉപഗ്രഹം അയയ്ക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇന്റര്‍നെറ്റിന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും ബഹിരാകാശത്തുനിന്നുള്ള ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി. വികസ്വര രാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതപ്പെടുന്നു.

ഈവര്‍ഷം ആദ്യം ഫേസ്ബുക്ക് ബ്രിട്ടണില്‍ സൂര്യപ്രകാശത്താല്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സിഗ്നലുകളുടെ ശക്തി വര്‍ധിപ്പിക്കാമെന്ന് പരീക്ഷിച്ചിരുന്നു. 2013 ഓഗസ്റ്റിലാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിക്ക് ഫേസ്ബുക്ക് രൂപം നല്‍കിയത്. സൗജന്യ അടിസ്ഥാന ഇന്റര്‍നെറ്റ് സേവനം ആയിരുന്നു ലക്ഷ്യം. നോക്കിയ, സാംസംഗ്, ടെലികോം ഭീമന്‍മാരായ എറിക്‌സണ്‍, ചിപ് ഡിസൈനര്‍ ക്വാല്‍കോം എന്നിവരും ഇപ്പോള്‍ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News