മുഹമ്മദ് റാഫിയുടെ ആ ഹെഡ്ഡര്‍ കുലുക്കിയത് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം; തൃക്കരിപ്പൂരുകാരുടെ സ്വന്തം മുഹമ്മദ് റാഫിയെപ്പറ്റി

കേരള ബ്ലാസ്റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സര ശേഷം കേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ മനസിലേക്കെത്തുന്നത് ആ 68-ാം മിനിട്ടാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വലയിലേക്ക് വെടിയുണ്ടപോലെ തുളച്ചുകയറിയ ആ ഗോള്‍. ശേഷം ആത്മവിശ്വാസത്തോടെ നെഞ്ചുവിരിച്ച് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലൂടെ ഓടിയ മലയാളി. കാസര്‍കോഡിന്റെ, അല്ല, തൃക്കരിപ്പൂരിന്റെ സ്വന്തം മുഹമ്മദ് റാഫി.

കേരളത്തിന്റെ കൊമ്പന്‍മാര്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ മഴയ്ക്കും തണുപ്പിക്കാനാകാത്ത ആവേശച്ചൂടോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തിലെത്തിയത്. ആദ്യപകുതിയില്‍ കളഞ്ഞു കുളിച്ച അവസരങ്ങള്‍ക്കൊടുവില്‍ രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ജോസു കുറെയ്‌സ് നേടിയ ആദ്യ ഗോളില്‍ ആവേശം വാനോളമുയര്‍ന്നു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നിലയ്ക്കാത്ത ആര്‍പ്പു വിളികള്‍ ആവേശത്തോടെ കാത്തിരുന്നത് ഒരു മലയാളി ടച്ചുള്ള ഗോളിനായിരുന്നു. അത് ഹൃദയത്തിലുള്‍ക്കൊണ്ടാണ് 68ാം മിനിറ്റില്‍ ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ വല ഭേദിച്ച് മികച്ച ഹെഡ്ഡറിലൂടെ എതിരാളിയുടെ പോസ്റ്റിലേക്ക് മുഹമ്മദ് റാഫി പറന്നിറങ്ങിയത്.

ആരാണ് മുഹമ്മദ് റാഫി. മുഹമ്മദ് റാഫിയെക്കുറിച്ച് പറയണമെങ്കില്‍ ആദ്യം പറയേണ്ടത് കാസര്‍കോഡും കണ്ണൂരും അതിര്‍ത്തി പങ്കിടുന്ന തൃക്കരിപ്പൂരെന്ന ഫുട്‌ബോള്‍ ഗ്രാമത്തെക്കുറിച്ച് പറയണം. ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെന്ന് ഒരല്‍പം സ്‌നേഹത്തോടെ തൃക്കരിപ്പൂരുകാരെ വിളിക്കാം. നീട്ടിയടിക്കുന്ന ഒരു ലോങ്ങ്‌റേഞ്ച് ഷോട്ടിലൂടെ തൃക്കരിപ്പൂരിലെ ഓരോ ഫുട്‌ബോള്‍ ആരാധകരെയും ചേര്‍ത്തു വെക്കാം. ജീവിതവും ഫുട്‌ബോളും രണ്ടല്ലാത്ത തൃക്കരിപ്പൂരുകാരുടെ ഫുട്‌ബോള്‍ ഭ്രമത്തിന് ദൂരങ്ങളോ അകലങ്ങളോ നിശ്ചയിക്കാന്‍ കഴിയില്ല.

ഹിറ്റാച്ചി തൃക്കരിപ്പൂര്‍, എംആര്‍സി എഫ്‌സി എടാട്ടുമ്മല്‍, ആക്മി തൃക്കരിപ്പൂര്‍ അങ്ങനെ അടുത്തടുത്ത് കിടക്കുന്ന തൃക്കരിപ്പൂരിലെ പ്രാദേശിക ക്ലബുകളില്‍ നിന്ന് കേരള ഫുട്‌ബോളിലേക്കും ഇന്ത്യന്‍ ഫുട്‌ബോളിലേക്കും നടന്നു കയറിയവരുടെ പട്ടിക നീണ്ടു കിടക്കും. ജയിന്‍ പി എടാട്ടുമ്മല്‍, ആസിഫ്, ബിജു കുമാര്‍, മുഹമ്മദ് അസ്ലം, സജിത്ത് ഇങ്ങനെ കേരള ടീമിനു വേണ്ടി ജഴ്‌സിയണിഞ്ഞ നിരവധി പേരുണ്ട്. അര വ്യാഴവട്ടക്കാലം ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങിനിന്ന എം സുരേഷിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ തൃക്കരിപ്പൂരെന്ന കാസര്‍കോഡന്‍ ഗ്രാമത്തിന്റെ പേര് എഴുതിച്ചേര്‍ത്ത് മുഹമ്മദ് റാഫിയാണ്.

1982 മെയ് 24ന് കെകെപി അബ്ദുള്ളയുടെയും എം സുബൈദയുടെയും മകനായി ജനിച്ച മുഹമ്മദ് റാഫിയിലെ ഫുട്‌ബോള്‍ കളിക്കാരനെ കണ്ടെത്തുന്നത് തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകനായ രാധാകൃഷ്‌നാണ്. സ്‌കൂള്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മുഹമ്മദ് റാഫിക്ക് പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എസ്ബിടി ഫുട്‌ബോള്‍ ടീമിലിടം ലഭിച്ച മുഹമ്മദ് റാഫിയിലെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്ത് പ്രൊഫഷണല്‍ താരമാക്കി മാറ്റിയത് എസ്ബിടി കോച്ച് നജീബാണ്.

2009ല്‍ ലോകത്തിനു മുന്നില്‍ അത്രയൊന്നും വലുതല്ലെങ്കിലും ഓരോ ഇന്ത്യക്കാരനും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കവാടം ഈ തൃക്കരിപ്പൂരുകാരന് മുന്നില്‍ തുറക്കപ്പെട്ടു. മഹീന്ദ്ര യുണൈറ്റഡ് ക്ലബിനു വേണ്ടി വര്‍ഷങ്ങളോളം കളിച്ച മുഹമ്മദ് റാഫി ചര്‍ച്ചില്‍ ബ്രദേഴ്‌സിനു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. റാഫിയുടെ സഹോദരന്മാരായ മുഹമ്മദ് റാസിയും, മുഹമ്മദ് ഷാഫിയും കേരള ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.

പ്രഥമ ഐഎസ്എല്‍ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടിയാണ് മുഹമ്മദ് റാഫി കളിച്ചത്. ഒരു മലയാളി താരം പോലുമില്ലാതെ കേരള ടീമെന്നറിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സീസണില്‍ മറ്റു മലയാളി താരങ്ങള്‍ക്കൊപ്പം മുഹമ്മദ് റാഫിയുമെത്തിയത് ഒരു പക്ഷേ ആദ്യ കളിയില്‍ തന്നെ എണ്ണം പറഞ്ഞ ഈ ഗോളിലൂടെ മലയാളികളുടെ ഹൃദയം കവരാനാവും.

തൃക്കരിപ്പൂരുകാരുടെ പ്രിയപ്പെട്ട റാഫി, നിങ്ങള്‍ തല കൊണ്ട് തട്ടിയിട്ട ആ ഗോള്‍ ഓരോ മലയാളിയുടെയും മനസ്സിന്റെ വലയായിരുന്നു കുലുക്കിയത്. നിങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തൃക്കരിപ്പൂരില്‍ നിന്നും നൈനാം വളപ്പില്‍ നിന്നും മലപ്പുറത്തും ഫുട്‌ബോള്‍ ഉന്‍മാദമായിക്കൊണ്ടു നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നും ഇനിയും നൂറു താരങ്ങള്‍ പിറവിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News