അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കുമിടയില്‍ ഒരു മൗനത്തിന്റെ ദൂരം

കേരളത്തിലെ കലാലയങ്ങളെ രാഷ്ട്രീയമുക്തമാക്കണമെന്ന വാദം 1980-കളുടെ അവസാനത്തോടെ രൂപപ്പെടുകയും 1990-കളില്‍ ശക്തമാവുകയും ചെയ്തു. ഈ വാദത്തെ മുന്നോട്ടുവച്ചവര്‍ വിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരില്‍ മുറവിളികൂട്ടുകയും അതിനായി സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തില്‍ വിദ്യാലയങ്ങളില്‍ സംഘടനാപ്രവര്ത്തനം നിരോധിക്കുകയുണ്ടായി. പില്‍ക്കാലത്ത് വിദ്യാഭ്യാസമേഖല ത്വരിതഗതിയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. സ്വാശ്രയമെന്ന പേരില്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപകമായി. ക്രമേണ വിദ്യാഭ്യാസരംഗത്തുനിന്ന് സര്ക്കാര്‍ പിന്മാറ്റം പ്രകടമായി. ഒരു ചെറിയ വിഭാഗം ജനതയ്ക്കുമാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസത്തെ എല്ലാവര്‍ക്കും പ്രാപ്യമാക്കിയ സാമൂഹ്യപരിണാമചരിത്രം തമസ്‌കരിക്കപ്പെടുകയും വിദ്യാഭ്യാസം അതാഗ്രഹിക്കുന്ന വ്യക്തിയുടെ ‘സ്വകാര്യ’ ആവശ്യമായി മാറുകയും ചെയ്തു. അപ്പോഴൊന്നും വിദ്യാഭ്യാസസംരക്ഷകര്‍ ശബ്ദിച്ചിട്ടില്ല. കാമ്പസുകളും വിദ്യാലയങ്ങളും അരാഷ്ട്രീയതയ്ക്ക് തീറെഴുതുകയായിരുന്നു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഉദ്ദേശ്യം.

ഇപ്പോള്‍ വീണ്ടും അവരുടെ മൗനം ശ്രദ്ധിക്കപ്പെടുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളവര്‍മ്മ കോളേജിനുള്ളില്‍ ബീഫ് കഴിച്ച വിദ്യാര്ഥികള്‍ക്കെതിരെ സംഘപരിവാരം നടത്തിയ അക്രമത്തെ അപലപിക്കുകയും ബീഫ് കഴിച്ച വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത ദീപ നിശാന്ത് എന്ന അധ്യാപികയ്‌ക്കെതിരെ മാനേജ്‌മെന്റ് നടപടിക്കൊരുങ്ങുകയാണ്. ബീഫ് കഴിച്ച് കുട്ടികള്‍ പ്രതിഷേധിക്കാനിടയായ സാഹചര്യം മാനേജ്‌മെന്റ് അപ്രസക്തമായി കാണുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് അടുക്കളയില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഇസ്ലാംമതവിശ്വാസിയായ മുഹമ്മദ് അഖ്‌ലാക്കിനെ ഇഷ്ടിക കൊണ്ടിടിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിനും ഭരണഘടനയിലെ മതനിരപേക്ഷ മൂല്യത്തിനും ഏല്‍പിക്കുന്ന ആഘാതം കനത്തതാണ്. അതിനോട് പ്രതികരിക്കുവാന്‍ വിദ്യാഭ്യാസസംരക്ഷകര്‍ രൂപപ്പെടുത്തിയ അരാഷ്ട്രീയ കാമ്പസുകള്‍ക്ക് ധൈര്യമോ വിവേകമോ ഉണ്ടാവില്ല. ആ ധീരത സംഘടിതരായ വിദ്യാര്‍ഥികള്‍ക്കാണുണ്ടാവുക. നിര്‍വികാരതയുടെ ജഡസമൂഹമല്ല കാമ്പസുകളിലുണ്ടാവേണ്ടതെന്ന് തെളിയിക്കുകയാണ് കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ ചെയ്തത്. അവരോട് അനുഭാവം പ്രകടിപ്പിക്കുക വഴി അധ്യാപനത്തിന്റെ മൂല്യമാണ് ദീപ സംരക്ഷിച്ചത്.

ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുവാന്‍ ശ്രമിക്കുന്നവര്‍ ഹൈന്ദവസംസ്‌കാരത്തെക്കുറിച്ച് അജ്ഞരാണ് എന്നതാണ് യാഥാര്‍ഥ്യം. ഹൈന്ദവസംസ്‌കാരം പിന്തുടര്‍ന്നിരുന്ന രാമനെ അവതരിപ്പിച്ച വാല്‍മീകിരാമായണത്തില് മാട്ടിറച്ചി ഭക്ഷിക്കുന്ന രാമനുണ്ട്. ഇറച്ചി ഉണക്കാനിട്ട് അതിനു കാവലിരിക്കുന്ന സീതയെയും രാമായണത്തില്‍ കാണാം. ആദ്യകാലത്ത് ബ്രാഹ്മണര്‍ മാംസാഹാരികളായിരുന്നുവെന്നതിനും തെളിവുണ്ട്. പശുവിനെ കൊല്ലുന്നവന്‍ എന്നര്‍ഥമുള്ള ഗോഘ്‌നന്‍ എന്ന പദത്തിന് ഉത്തമനായ ബ്രാഹ്മണന് എന്ന് അര്‍ഥം ലഭിക്കുന്നത് അങ്ങനെയാണ്. വീട്ടിലെത്തുന്ന അതിഥികളെ ഗോമാംസം നല്‍കി ബ്രാഹ്മണര്‍ സല്‍ക്കരിച്ചിരുന്നതായും രേഖപ്പെടുത്തലുകളുണ്ട്. ഹൈന്ദവ വിശ്വാസികള്‍ 82 ശതമാനമുള്ള ഇന്ത്യാരാജ്യത്ത് ഈ ചരിത്രരേഖകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാവില്ലല്ലോ. ഈ ചരിത്ര യാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ബീഫ് നിരോധനം വരുന്നത്. ഭക്ഷണത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും എല്ലാ മനുഷ്യര്‍ക്കും ഭക്ഷണം നല്‍കുക എന്ന പ്രാഥമിക ദൗത്യം മറക്കുന്നത് ജനാധിപത്യസമൂഹത്തിനുചേര്‍ന്നതല്ലായെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചത്.
അവരെ സസ്‌പെന്റ് ചെയ്തതോടൊപ്പം അവരോട് അനുഭാവം പ്രകടിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുന്നതിലൂടെ മാനേജ്‌മെന്റ് ഹൈന്ദവ വര്‍ഗ്ഗീയതയോടുള്ള ആഭിമുഖ്യം വ്യക്തമാക്കിയിരിക്കുന്നു. വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന ഹൈന്ദവസങ്കല്‍ലം ബീഫ് നിരോധനത്തിലെത്തിനില്‍ക്കുമ്പോള് സമീപഭാവിയില്‍ അത്, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ദളിതരുടെയും ഇതരമതസ്ഥരുടെയും വിദ്യാലയപ്രവേശനത്തെ നിരോധിക്കുന്നതായി മാറുമെന്ന് ഭയക്കേണ്ടതുണ്ട്. ‘ഘര്‍ വാപസി’ക്ക് വിവേകാനന്ദന് വിശേഷിപ്പിച്ച ഭ്രാന്താലയത്തിലേക്കുള്ള മടക്കയാത്രയെന്ന് അര്ഥമുണ്ടാകുന്നു. ആ യാത്രയ്ക്ക് ആശംസയോതുകയാണ് വിദ്യാഭ്യാസസംരക്ഷകരുടെ മൗനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News