വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതിയെ വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലി; മാതാപിതാക്കളെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം

ആലപ്പുഴ: വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി. വിവാഹം കഴിഞ്ഞു പത്താം നാളില്‍ ഗള്‍ഫിലേക്കു വിമാനം കയറിയ യുവാവ് വൈക്കം സ്വദേശിയാണ്. പത്തുലക്ഷം രൂപയും എണ്‍പതു പവനും സ്ത്രീധനം വാങ്ങി വിവാഹം ചെയ്ത യുവതിയെയാണ് മൊഴിചൊല്ലിയത്.

സംഭവത്തെത്തുടര്‍ന്നുള്ള മനോവിഷമത്തില്‍ യുവതി പഠനം അവസാനിപ്പിച്ചെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് വനിതാ കമ്മീഷനില്‍ പരാതിയുമായെത്തുകയായിരുന്നു. തലാഖ് അംഗീകരിക്കില്ലെന്നും യുവതി പറഞ്ഞു. പാലായില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് യുവതി പരാതിയുമായി എത്തിയത്.

വാട്‌സ് ആപ്പിലൂടെയുള്ള മൊഴിചൊല്ലലിന്റെ സാധുത വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു വനിതാ കമ്മീഷന്‍ നോര്‍ക്കയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത അദാലത്തില്‍ യുവാവിന്റെ മാതാപിതാക്കളെ ഹാജരാക്കണമെന്നു കമ്മീഷന്‍ പൊലീസിനോടു നിര്‍ദേശിച്ചു.

വാട്‌സ്ആപ്പിലൂടെയുള്ള തലാഖിനു നിയമസാധുതയില്ലെന്നും ഭാര്യയും ഭര്‍ത്താവും മുഖാമുഖം ചര്‍ച്ച ചെയ്ത ശേഷം ഒന്നിച്ചു പോകാനാവില്ലെങ്കില്‍ നേരിട്ടു മൊഴിചൊല്ലിയാല്‍ മാത്രമേ അംഗീകരിക്കാനാവൂവെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ മുസ്ലിം പണ്ഡിതന്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here