സ്‌റ്റൈലിലും സാങ്കേതിക പുതുമയിലും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പ്; വില 6.7 ലക്ഷം മുതല്‍

ദില്ലി: ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കൂടുതല്‍ സ്റ്റൈലിഷും പുതിയ ഫീച്ചേഴ്‌സോടും കൂടിയാണ് വാഹനം ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്. രണ്ട് പെട്രോള്‍ വേരിയന്റിലും ഒരു ഡീസല്‍ വേരിയന്റുമാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. സാങ്കേതികമായും സവിശേഷപരമായും ഒട്ടേറെ മാറ്റങ്ങള്‍ പുതിയ ഇക്കോസ്‌പോര്‍ട്ടില്‍ ഫോര്‍ഡ് വരുത്തിയിട്ടുണ്ട്.

ആദ്യം പുറംഭംഗി ഒന്ന് ആസ്വദിക്കാം. സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റാണ് പുറത്ത് വരുത്തിയിട്ടുള്ള പ്രധാനമാറ്റം. നോണ്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും പുതിയ ഇക്കോസ്‌പോര്‍ട്ടിന്റെ പ്രത്യേകതകളാണ്. പുതിയ ഗോഡന്‍ ബ്രോണ്‍സ് നിറത്തിലാണ് ഇക്കോസ്‌പോര്‍ട് എത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, ഓട്ടോമാറ്റിക് വൈപ്പര്‍, ഇലക്ട്രോണിക് മിറര്‍, ലെതറില്‍ പൊതിഞ്ഞ ഹാന്‍ഡ്‌ബ്രേക്ക് തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകളാണ് ഇക്കോസ്‌പോര്‍ട്ടിന്റേത്. ഇലക്ട്രോണിക് മിററിന്റെ പ്രത്യേകത പുറകില്‍ നിന്നു വരുന്ന വാഹനത്തിന്റെ ബീം ലൈറ്റിനെ വ്യതിചലിപ്പിക്കുന്നു എന്നതാണ്.

മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനം എത്തുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഡീസല്‍ വേരിയന്റ് 1.5 ലീറ്റര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 205 എന്‍എം ടോര്‍ക്കില്‍ 100 പിഎസ് കരുത്ത് സൃഷ്ടിക്കും എഞ്ചിന്‍. ഇതിനു മുമ്പ് ഇറങ്ങിയ ഇക്കോസ്‌പോര്‍ട്ടിന്റെ ഡീസല്‍ എഞ്ചിന്‍ 204 എന്‍എം ടോര്‍ക്കില്‍ 91 പിഎസ് കരുത്ത് മാത്രമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ധനക്ഷമതയില്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ഡീസല്‍ വേരിയന്റിന് 22.67 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നെങ്കില്‍ ഇതില്‍ 22.27 കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. പഴയപോലെ 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്. മറ്റു മാറ്റങ്ങളൊന്നും പെട്രോള്‍ വേരിയന്റില്‍ വരുത്തിയിട്ടില്ല. മറ്റൊരു പെട്രോള്‍ ഓപ്ഷന്‍ കൂടി ഇറക്കിയിട്ടുണ്ട്. അത് 1 ലീറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനാണ്.

വിലവിവരം കൂടി അറിയുന്നതോടെ പൂര്‍ത്തിയാകും. 1.5 ലീറ്റര്‍ പെട്രോള്‍ വേരിയന്റിന് ദില്ലിയിലെ എക്‌സ്‌ഷോറൂം വില 6.79 ലക്ഷത്തിനും 9.93 ലക്ഷത്തിനും ഇടയ്ക്കാണ്. 1 ലീറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍ 8.53 ലക്ഷം മുതല്‍ 9.89 ലക്ഷം വരെ വിലവരും. ഡീസല്‍ വേരിയന്റിന് 7.98 ലക്ഷം മുതല്‍ 10.44 ലക്ഷം രൂപ വരെയാണ് ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here