അടുക്കളകളെ വേട്ടയാടി ബീഫ് രാഷ്ട്രീയം; നമോ ചായയുമായി എത്തിയവരുടെ പുതിയ മസാല ബീഫില്‍

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി രാജ്യത്തെ ഓരോ അടുക്കളകളിലും അന്ധാളിപ്പുണ്ടാക്കുന്ന കുതന്ത്രമാണ് ബീഫ് രാഷ്ട്രീയം. നമോ ചായമുമായി രംഗപ്രവേശം ചെയ്തവരുടെ പുതിയ നീക്കം തീവ്രഹിന്ദുത്വത്തിന്റെ മസാല ചേര്‍ത്ത് അടുക്കളകളില്‍ എത്തിക്കഴിഞ്ഞു. ബീഫ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ പ്രകടനമായ ദാദ്രി കൊലപാതകം ഇറച്ചി മസാല കൂട്ടുന്ന ഓരോ അടുക്കളകളേയും വേട്ടയാടുന്നുണ്ട്. പണ്ട് ഉപ്പു സത്യാഗ്രഹം വഴി അടുക്കളകളിലൂടെ പൊതുജന മുന്നേറ്റം നടത്തിയ ഗാന്ധിയന്‍ തന്ത്രത്തിന്റെ കറുത്ത പതിപ്പാണ് ഈ ആമാശയ രാഷ്ട്രീയം.

ബീഫ് കഴിച്ചാലെന്താ ഇല്ലെങ്കിലെന്താ എന്നത് ഒന്നൊന്നര ചോദ്യമാണ്. കാരണം പണ്ടും നമ്മുടെ നാട്ടില്‍ ഈ മാട്ടിറച്ചി പ്രിയരും ഇറച്ചി വര്‍ജിതരുമുണ്ടായിരുന്നു. കഴിക്കണോ വേണ്ടയൊ എന്നതൊക്കെ അവനവന്റെ ഇഷ്ടമാണ്. പക്ഷേ അന്നൊന്നും ആരും ഒരു സംഘടനയും ഇടപെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് മനുഷ്യനെ മാട്ടിറച്ചിയുടെ പേരില്‍ ബീഫ് രാഷ്ട്രീയ വക്താക്കള്‍ തല്ലിക്കൊല്ലാന്‍ തക്കം പാര്‍ക്കുകയാണ്. എന്തായാലും ഗോമാതാവിനെ ആരാധിക്കണമോ വേണ്ടയോ എന്നുളള വ്യക്തിസ്വാതന്ത്യം പോലും ബീഫ് രാഷ്ട്രീയത്തില്‍ ഇല്ല.

എന്തിന്റെ പേരിലായാലും മനുഷ്യനെ കൊല്ലാന്‍ ആര്‍ക്കാണ് അവകാശമുളളത്. ദാദ്രി കൊലപാതകത്തിന് മുന്നും പിന്നുമുളള ആസൂത്രിത നീക്കങ്ങള്‍ തന്നെയാണ് ബീഫ് രാഷ്ട്രീയത്തിന്റെ കഥ പറയുന്നത്. കൊലപാതകത്തിന് മുമ്പ് നടന്ന ആളെക്കൂട്ടി വിളംബരവും കൊലപാതകം സംബന്ധിച്ച പൊലീസ്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് ആക്രമണ കാരണം ഒഴിവാക്കിയിരിക്കുന്നതും മാത്രം മതി അതു തിരിച്ചറിയാന്‍.
രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മാട്ടിറച്ചി പ്രധാന പ്രചാരണമാകുമ്പോള്‍ ബീഫ് രാഷ്ട്രീയം കൂടുതല്‍ വ്യക്തമാവുകയാണ്.

ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യകത ഉയരുകയും സംഘടിച്ചെത്തുന്നവര്‍ അത് തടയുകയും ചെയ്യുമ്പോള്‍ ഇതുവരെയുണ്ടായിരുന്ന ഭാരതീയ സംസ്‌കാരങ്ങളും മൂല്യങ്ങളും കാലത്തിന് മുന്നില്‍ കണ്ണടക്കുക തന്നെയാണ്. ആ ഇരുട്ടില്‍ ബീഫ് രാഷ്ട്രീയം ഉയര്‍ത്തുന്ന ആശങ്കകളെ ഭയന്ന് ജീവിക്കുന്നവരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here