ആകാശയുദ്ധത്തിന് ഇനി പെണ്‍പടയും; വ്യോമസേനയുടെ വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതാ പൈലറ്റുമാരും

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയോഗിക്കുമെന്ന് എയര്‍ഫോഴ്‌സ് ചീഫ്. നിലവില്‍ വ്യോമസേനയുടെ മറ്റു വിമാനങ്ങളും ഹെലികോപ്റ്ററുകളും നിയന്ത്രിക്കാന്‍ മാത്രമാണ് വനിതാ പൈലറ്റുമാരെ പരിഗണിച്ചിരുന്നത്. നാവിക സേനയിലും യുദ്ധകപ്പലുകളില്‍ വനിതാസൈനികരെ നിയോഗിച്ചേക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

1990 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ വനിതകള്‍ സേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ വ്യോമസേനയുടെ യാത്രാചരക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളും നിയന്ത്രിക്കാന്‍ മാത്രമാണ് ഇതുവരെ വനിതാ പൈലറ്റുമാരെ അനുവധിച്ചിരുന്നത്. ഇതിനു മാറ്റം വരുത്തിയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ 83ാം ദിനാഘോഷത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയുടെ പ്രഖ്യാപനം.

വ്യോമസേനയുടെ യുവ വനിതാ സൈനികരേയും ഇനി മുതല്‍ യുദ്ധവിമാന പരിശീലനത്തിനായി തെരഞ്ഞെടുക്കും. നിലവില്‍ മികവു പ്രകടിപ്പിക്കുന്ന മികച്ച വനിതാ പൈലറ്റുമാരെ യുദ്ധവിമാന നിയന്ത്രണത്തിനായി തെരഞ്ഞെടുക്കും. 13 കോടിയിലേറെ രൂപയാണ് ഒരു ഫൈറ്റര്‍ പൈലറ്റിനായി ചെലവഴിക്കേണ്ടി വരുന്നത്.

14 വര്‍ഷമെങ്കിലും ഇവരുടെ സേവനം ലഭിക്കേണ്ടതിനാലാണ് വനിതകളെ യുദ്ധവിമാന ശ്രേണിയിയിലേക്ക് പരിഗണിക്കാന്‍ മടിച്ചിരുന്നതെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. 2010 മുതല്‍ വ്യോമസേനയിലും കരസേനയിലും വനിതകള്‍ക്ക് മുഴുവന്‍ സമയ സേവനത്തിന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News