തൃശൂരില്‍ നിന്ന് കാണാതായ പതിനാറുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി; മകനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അഷ്‌റഫും ഹൈറുന്നീസയും; പീപ്പിള്‍ ടിവി ‘മക്കളെ കാത്ത്’ പരമ്പര ഇംപാക്ട്

തൃശൂര്‍: പീപ്പിള്‍ ഇംപാക്ട്. തൃശൂരില്‍ നിന്ന് കാണാതായ പതിനാറുകാരനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി. ഒന്നരമാസം മുമ്പ് കാണാതായ ചാവക്കാട് സുനാമി കോളനിയിലെ അഷ്‌റഫിന്റെ മകന്‍ നാസിലിനെയാണ് ചെന്നൈയില്‍ നിന്ന് കണ്ടെത്തിയത്. പീപ്പിള്‍ ടിവിയുടെ മക്കളെ കാത്ത് പരമ്പരയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് നാസില്‍ തമിഴ്‌നാട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.

അയല്‍വാസി ഉസൈനിനൊപ്പമാണ് ചാവക്കാട് സുനാമി കോളനിയിലെ അഷ്‌റഫ് – ഹൈറുന്നീസ ദമ്പതികളുടെ മകന്‍ നാസില്‍ വീടുവിട്ടിറങ്ങിയത്. ഞായറാഴ്ചയാണ് നാസിലിനെ കാണാതായ വാര്‍ത്ത പീപ്പിള്‍ ടിവി മക്കളെ കാത്ത് പരമ്പരയില്‍ സംപ്രേഷണം ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട മലയാളികളാണ് കുട്ടികള്‍ ചെന്നൈയിലുണ്ടെന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. കോയമ്പത്തൂരിലുള്ള നാസിലിന്റെ ബന്ധുക്കള്‍ക്കൊപ്പം എത്തിയതോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധരായത്.

ഇവര്‍ ജോലി തേടിപ്പോയതാണെന്നും ഒന്നരമാസം എറണാകുളത്ത് ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലി ചെയ്തുവെന്നും നാസിലിന്റെ ഉമ്മ ഹൈറുന്നീസ പറഞ്ഞു. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതോടെ ഇരുവരും ചെന്നൈയിലേക്ക് പോയി. അവിടെ വച്ച് ജോലി തേടുന്നതിനിടെയാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളെ വിവരം അറിയിച്ചുവെന്നും ഹൈറുന്നിസ പറഞ്ഞു. ജോലി തേടിയതാണ് വീടുവിട്ടതെന്ന് മടങ്ങിയെത്തിയ നാസില്‍ പറഞ്ഞു. നാസിലിനൊപ്പം കാണാതായ അയല്‍വാസി ഉസൈനും തിരികെയെത്തിയതോടെ ഇരു കുടുംബങ്ങള്‍ക്കും ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News