കാവിയണിയുന്ന എസ്എന്‍ഡിപിയുടെ നോമിനികളെ സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

തിരുവനന്തപുരം: സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്ന എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു. ബിജെപിയുമായി അടുപ്പം കാണിക്കുമ്പോള്‍ പല എസ്എന്‍ഡിപി നേതാക്കളും യുഡിഎഫ് നല്‍കിയ പദവികളില്‍ കടിച്ചുതൂങ്ങിനില്‍ക്കുന്നതായി കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

കെപ്‌കോ ചെയര്‍മാന്‍ പത്മകുമാര്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍, ദേവസ്വം നിയമനാഗം അനില്‍ തറനിലം, ഗുരുവായൂര്‍ ദേവസ്വം അംഗം ബിനീഷ്, ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു എന്നിവര്‍ രാജിവയ്ക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസില്‍ പൊതു വികാരമായി ഉയരുന്നത്. അതേസമയം, ആലപ്പുഴ ഡിസിസി ഉന്നയിച്ച ആവശ്യത്തോടു പ്രതികരിക്കാന്‍ കെപിസിസി തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും കൂടുതല്‍ അടുക്കുന്നതോടെ ഈ ആവശ്യത്തിന് ശക്തിപകരുമെന്നാണ് സൂചന.

കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ ശക്തിയായ വളരാന്‍ ബിജെപി ശ്രമിക്കുകയും അതിന്റെ ഭാഗമായി എസ്എന്‍ഡിപിയെ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ സമുദായത്തിന്റെ നോമിനികള്‍ ആയി സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശും എസ്എന്‍ഡിപിയുടെ നോമിനിയായി മന്ത്രിസഭയിലെത്തിയതാണ്.

ആവശ്യം ശക്തമാകുന്ന മുറയ്ക്ക് അടൂര്‍ പ്രകാശിന്റെ രാജിക്കു വേണ്ടിയും മുറവിളി ഉണ്ടാകുമെന്നാണ് വിവരം. അമിത്ഷായും നരേന്ദ്രമോദിയും ആയി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തുന്നതുവരെ എത്തിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗവുമായി ബന്ധമുള്ളവരെ യുഡിഎഫ് നല്‍കിയ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കേണ്ടെന്നു തന്നെയാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News