ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സിംഗ് സോം ബീഫ് കച്ചവടക്കാരന്‍; വ്യാവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ആരംഭിക്കാന്‍ അലിഗഡില്‍ ഭൂമി സ്വന്തമാക്കിയ രേഖ പുറത്ത്

ദില്ലി: ഗോവധ നിരോധനത്തിനായി വാദിക്കുന്ന ബിജെപിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവ് ബീഫ് കച്ചവടക്കാരന്‍. സര്‍ധാനയില്‍നിന്നുള്ള എംഎല്‍എ സംഗീത് സോമാണ് വന്‍തോതില്‍ ബീഫ് വ്യാപാരത്തിനും കയറ്റുമതിക്കും ചുക്കാന്‍ പിടിക്കുന്നതെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തു. ഗോവധ നിരോധനത്തിനെതിരേ രാഷ്ട്രീയമായി പുറത്തു പ്രസംഗിക്കുന്ന സംഗീത് സോം രഹസ്യമായാണ് ബീഫ് വ്യവസായം നടത്തിയിരുന്നത്.

2009-ല്‍ അലിഗഡില്‍ കയറ്റുമതിക്കായുള്ള ബീഫ് സംസ്‌കരണ യൂണിറ്റ് ആരംഭിക്കാനാണ് സംഗീത് സോം സര്‍ക്കാരില്‍നിന്നു ഭൂമി സ്വന്തമാക്കിയത്. അല്‍ ദുവ ഫുഡ് പ്രൊഡക്ട്‌സിന്റെ പേരിലായിരുന്നു ഇത്. ഈ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് സംഗീത് സോം. മൊയ്‌നുദീന്‍ ഖുറേഷി, യോഗേഷ് റാവത്ത് എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍. താന്‍ കമ്പനിയുടെ ഡയറക്ടറാണെന്നകാര്യം അറിയില്ലെന്നാണ് സംഭവം വിവാദമായപ്പോള്‍ സംഗീത് സോമിന്റെ പ്രതികരണം.

ഭൂമിയിടപാടിന്റെ രേഖ

താന്‍ കടുത്ത ഹിന്ദുത്വ വാദിയാണെന്നും യുപിയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ ഗോവധ നിരോധനത്തിനായി വാദിക്കുമെന്നും കൊലക്കുറ്റമാക്കുമെന്നുമാണ് തന്റെ നിലപാടെന്നും സംഗീത് സോം പറയുന്നു. അതേസമയം, ഹലാല്‍ ഇറച്ചി വില്‍പനയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് അല്‍ ദുവയെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. തനിക്കു കമ്പനിയില്‍ പങ്കാളിത്തം ഇല്ലെന്നു പറയുന്ന സംഗീത് സോമിന്റെ ഒപ്പാണ് ഫാക്ടറിക്കായി ഭൂമി വാങ്ങിയ ആധാരത്തില്‍ ഇട്ടിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയിലെ തന്റെ ശത്രുക്കളാണ് വ്യാജ ആരോപണം ഉണ്ടാക്കുന്നതെന്നും തെളിയിക്കുകയാണെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. മുസാഫര്‍നഗറില്‍ മുസ്ലിം വിഭാഗക്കാര്‍ക്കു നേരേ നടന്ന കലാപത്തില്‍ മുഖ്യ പങ്കുള്ളയാണെന്ന് ആരോപണവിധേയനാണ് സംഗീത് സോം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here