ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു; രണ്ടുമാസത്തെ ഉയര്‍ന്ന നിരക്കില്‍

ദില്ലി: ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു. രാജ്യത്ത് ക്രൂഡ് ഓയിലിന് വില രണ്ടുമാസത്തിനിടെ ആദ്യമായി ബാരലിന് 50 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ബാരലിന് രണ്ടു ഡോളറാണ് വര്‍ധിച്ചത്. 50.33 ഡോളറാണ് ഇന്ന് ബാരലിന് വില. ആഗോള വിപണിയിലെ ചുവടുമാറ്റത്തിന് അനുസരിച്ചാണ് ഇന്ത്യയിലും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്. യുഎസ് ഓഹരി വിപണിയിലെ മാറ്റങ്ങളും വര്‍ധിച്ച ഉത്പാദനവും മൂലം ഓഗസ്റ്റ് ആദ്യവാരം മുതലാണ് ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞ് തുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ വില ബാരലിന് 42 ഡോളറിലേക്കെത്തിയിരുന്നു.

യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നത്. 2016-ഓടെ ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകത ഉയരുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആറുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എണ്ണ ഉപഭോഗവും ആവശ്യകതയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബ്രെന്റ് ക്രൂഡിന്റെ അടുത്ത മാസത്തേക്കുള്ള വില 53.47 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. 0.8 ശതമാനമാണ് ഉയര്‍ന്നത്.

ഓഗസ്റ്റ് മൂന്നിനു ശേഷം ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ജൂലൈ 31ന് 52.98 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തിയ ക്രൂഡ് വില ഓഗസ്റ്റ് ആറിന് 49.11 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നു. ഓഗസ്റ്റ് 25ന് വീണ്ടും താഴ്ന്ന വില ബാരലിന് 42.59 എന്ന നിരക്കിലെത്തി. ഇതിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ ക്രൂഡ് വില ഉയരുന്നത്. വില ഉയരുന്നതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുമോ എന്നാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News