ഭക്ഷണത്തോടു മാത്രം പ്രിയവും ഇണചേരാന്‍ മടിയും; കേരളത്തില്‍നിന്നു കൊണ്ടുപോയ കടുവയെ ദില്ലിയിലെ മൃഗശാല തിരിച്ചയച്ചു

ദില്ലി: ഇണചേരാന്‍ മടി കാട്ടിയ കടുവയെ ദില്ലിയിലെ മൃഗശാലയില്‍നിന്നു കേരളത്തിലേക്കു മടക്കി അയച്ചു. ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഏക പെണ്‍കടുവ കല്‍പനയോട് ഇണചേരാനായി തിരുവനന്തപുരം മൃഗശാലയില്‍നിന്നെത്തിച്ച കടുവ സല്‍മാനെയാണ് തിരിച്ചയച്ചത്. ഇണചേരാനുള്ള താല്‍പര്യക്കുറവും തൂക്കക്കൂടുതലും കാരണം സല്‍മാനെ തങ്ങള്‍ക്കു വേണ്ടെന്നു കാട്ടിയാണ് ദില്ലി നാണഷല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നടപടി.

ഒരു വര്‍ഷം മുമ്പാണ് സല്‍മാനെ കേരളത്തില്‍നിന്നു ദില്ലിയിലേക്കു കൊണ്ടുപോയത്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ മാത്രമാണ് സല്‍മാന് താല്‍പര്യമുണ്ടായിരുന്നതെന്നും മൃഗശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടി. ദില്ലി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മോഹന്‍, ശങ്കര്‍ എന്നീ രണ്ട് ആണ്‍ കടുവകള്‍ കൂടിയുണ്ട്.

2014 ഒക്ടോബര്‍ ഇരുപതിനാണ് സല്‍മാന്‍ ദില്ലിയിലെത്തിയത്. അന്നുമുതല്‍ അലസനായാണ് കാണപ്പെട്ടത്. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മാത്രമായിരുന്നു താല്‍പര്യം കാട്ടിയിരുന്നതെന്ന് സല്‍മാന്റെ കാര്യങ്ങള്‍ നോക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ജീവനക്കാരന്‍ ദ ഇന്ത്യന്‍ എക്‌സപ്രസിനോടു പറഞ്ഞു. സല്‍മാന്റെ തൂക്കം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയെങ്കിലും പിന്നീട് ഇതൊഴിവാക്കുകയായിരുന്നു. ദില്ലിയില്‍നിന്ന് ദ ഇന്ത്യന്‍ എക്‌സപ്രസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരത്തുനിന്നു കൊണ്ടുപോകുമ്പോള്‍ സല്‍മാന്‍ ഫിറ്റ് ആയിരുന്നെന്നാണ് മൃഗശാലാ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ക്ക് സല്‍മാനെ തീറ്റിപ്പോറ്റാന്‍ താല്‍പര്യമില്ലെന്നു ദില്ലി സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചത് അനുസരിച്ച് മടക്കിക്കൊണ്ടുവരാന്‍ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥര്‍ തയാറാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News