പീഡിപ്പിക്കപ്പെടുമെന്ന് ഭയം; പത്തു വർഷമായി പെൺകുട്ടി ജീവിക്കുന്നത് ആൺകുട്ടിയായി

അഹമ്മദാബാദ്: പീഡിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ട് കഴിഞ്ഞ പത്തുവർഷമായി പായൽ ബാരിയ എന്ന 13കാരി ജീവിക്കുന്നത് ആൺകുട്ടിയുടെ വേഷത്തിൽ. അഹമ്മദാബാദിൽ ചെരുപ്പും ഷൂവും പോളിഷ് ചെയ്ത് ജീവിക്കുന്ന പെൺകുട്ടിക്കാണ് ഇത്തരമൊരു അവസ്ഥ.

പോളിഷ് ജോലിക്കായി വീട്ടിൽ നിന്ന് പുലർച്ചെ നാലു മണിക്കെങ്കിലും ഇറങ്ങേണ്ടി വരും. മാത്രമല്ല, വീട്ടിലേക്ക് തിരിച്ചുവരുന്നതും രാത്രിയേറെ വൈകിയായിരിക്കും. ഈ സമയത്ത് താൻ പെൺകുട്ടിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാൽ തനിക്ക് നേരെ പീഡന ശ്രമം ഉണ്ടായേക്കാമെന്ന ഭയമാണ് ആൺ വേഷം കെട്ടാൻ പായലിനെ പ്രേരിപ്പിച്ചത്.

പായലിന്റെ ചെറുപ്രായത്തിൽ തന്നെ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പായലിന് ഏറ്റെടുക്കേണ്ടി വന്നു. തുടർന്നാണ് പഠനം ഉപേക്ഷിച്ച് പായൽ പോളീഷ് ജോലി ഏറ്റെടുത്തത്. ആൺകുട്ടിയെ പോലെ തോന്നാനായി അമ്മയാണ് പായലിന്റെ മുടി വളരെ ചെറുതായി മുറിച്ചുകൊടുത്തിരുന്നു. മറ്റുള്ളവർ മകളെ ചൂഷണം ചെയ്യുമെന്ന ഭയം കൊണ്ടാണ് മാതാവ് പായലിനെ ആൺകുട്ടിയെ പോലെ വളർത്തിയത്.
പായലിന് നാല് സഹോദരങ്ങളുണ്ട്. എന്നാൽ മൂത്ത രണ്ടു സഹോദരങ്ങൾ കുടുംബവുമായി വഴക്കിലാണ്. വിവാഹം കഴിഞ്ഞ ഇവർ മറ്റു സ്ഥലത്താണ് താമസം. മാതാവ് അഹമ്മദാബാദ് എൽജി ആശുപത്രിക്ക് സമീപം ഭിക്ഷ യാചിച്ചും ഭക്ഷണത്തിനുള്ള പണം സമ്പാദിക്കുന്നു. അനാഥ കുട്ടിയെ പോലെയാണ് താൻ ജനിച്ചതെന്നും പിതാവ് ഒരിക്കലും ഒരു പെൺകുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നും പായൽ പറയുന്നു.

സ്‌കൂളിൽ പോകാൻ സാധിക്കാത്തതിനാൽ പായലിന് വളരെ വിഷമമുണ്ട്. എന്നാൽ തന്റെ അവസ്ഥ അനുജന് വരരുതെന്നാണ് പായലിന്റെ ആഗ്രഹം. അതുകൊണ്ട് അവനെ വേണ്ടത്ര പഠിപ്പിക്കുക എന്നത് മാത്രമാണ് പായലിന്റെ ലക്ഷ്യം. അതു കൊണ്ട് മാത്രമാണ് താൻ ആൺ വേഷത്തിൽ ജീവിതം തുടരുന്നതെന്ന് പായൽ പറയുന്നു. ഒരു ദിവസം ജോലി ചെയ്താൽ 150 രൂപ മാത്രമാണ് പായലിന് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News