ചേകന്നൂര്‍ മൗലവി, അഭയ, ശാശ്വതികാനന്ദ സ്വാമി: സത്യം പുറത്തുവരാതെ ചില മരണക്കഥകള്‍

ആധ്യാത്മികതയുടെ സ്വയം പ്രഖ്യാപിത ലോകങ്ങള്‍ അരുതായ്മയുടെ താവളങ്ങളായിത്തീരുന്നു. ഇതിന്റെ ഉദാഹരണങ്ങളാണ് ആശ്രമങ്ങളില്‍ സംഭവിക്കുന്ന ദുരൂഹതകള്‍ നിറഞ്ഞ മരണങ്ങള്‍. നിരവധി ആശ്രമ അന്തേവാസികളുടെയും അനുചരന്‍മാരുടേയും മരണങ്ങള്‍ ഉത്തരമില്ലാതെ ചരിത്രത്തില്‍ പൊടി മൂടിക്കിടക്കുന്നു. എണ്ണമറ്റ കൊലപാതകക്കേസ്സുകളിലൊന്നായി അതില്‍ പലതും ക്രമേണ വിസ്മൃതിയിലാകും. എങ്കിലും കാലം സത്യം തെളിയിക്കുമോ എന്ന് കാത്തിരുന്ന് കാണാം. കേരളം സത്യമറിയാന്‍ കാത്തിരിക്കുന്ന ചില ദൂരൂമരണങ്ങളെപ്പറ്റി വായിക്കാം.

ചേകന്നൂര്‍ മൗലവി

ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്നു ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്. മതപ്രഭാഷണത്തിന് എന്ന പേരില്‍ ചിലര്‍ ഇദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയി. വധിക്കപ്പെട്ടുവെന്ന് പിന്നീട് വ്യക്തമായെങ്കിലും 25 വര്‍ങ്ങള്‍ക്കിപ്പുറവും ഉത്തരം കിട്ടാത്ത നിരവധി സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് ചേകന്നൂര്‍ മൗലവിയുടെ തിരോധാനം. കേസന്വേഷിച്ച സിബിഐ ഒന്‍പത് പ്രതികളെ കോടതിക്ക് മുന്നില്‍ എത്തിച്ചു. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ഒരു പ്രതി മാത്രം. ഒന്നാം പ്രതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടി. മൗലവിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ട് പോയ ബഷീര്‍ ഉള്‍പ്പടെയുളളവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതേ വിട്ടു.

കേസില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഉള്‍പ്പടെ ആരോപണ വിധേയരായിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കാന്‍ സിബിഐയ്ക്ക് തെളിവുകള്‍ ലഭ്യമായില്ല. ചേകന്നൂര്‍ മൗലവിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നാലുവര്‍ഷം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ചേകന്നൂര്‍ മൗലവിയെ വിവിധ സംഘങ്ങള്‍ക്ക് കൈമാറി കൊലപ്പെടുത്തിയെന്നും പിന്നീട് മറ്റൊരുസംഘം മൃതദേഹം ഒളിപ്പിച്ചെന്നുമാണ് സിബിഐ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്താന്‍ മലപ്പുറം ചുവന്നകുന്നില്‍ തിരച്ചില്‍ നടത്തി. എങ്കിലും ഒരു മുടിനാരിഴ പോലും കണ്ടെടുക്കാന്‍ കഴിയാത്തത് ദൂരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

സിസ്റ്റര്‍ അഭയ
1992 മാര്‍ച്ച് 27നു കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറ്റിലാണ് സിസ്റ്റര്‍ അഭയ എന്ന 19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം തോമസിന്റെ മകളായിരുന്നു അഭയ. മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളേജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനി കൂടി ആയിരുന്നു. മാറിമാറി കേസ് അന്വേഷിച്ച സിബിഐ സംഘം കൊലക്കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റു ചെയ്ത് നുണ പരിശോധനക്ക് വിധേയരാക്കി.

സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യപങ്ക് വഹിച്ചത് ഫാ. തോമസ് കോട്ടൂരാണെന്നും അഭയയുടെ തലയ്ക്കടിക്കാന്‍ ഫാ. ജോസ് പൂതൃക്കയില്‍ കൂട്ടുനിന്നെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. സിസ്റ്റര്‍ സെഫി കുറ്റകൃത്യത്തില്‍ പങ്ക് ചേര്‍ന്നെന്നും സിബിഐ ആരോപിക്കുന്നു. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്‌ഐ വിവി അഗസ്റ്റിന്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലങ്ങളൂം നിരന്തരം തിരുത്തപ്പെട്ട് വിശ്വാസ്യത തകര്‍ന്നതോടെ അഭയയുടെ മരണകാരണവും ഉത്തരമില്ലാത്ത ചോദ്യമായി.

ശാശ്വതീകാനന്ദ സ്വാമി
2002 ജൂലൈ 1നാണ് പെരിയാറില്‍ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ മുങ്ങി മരിക്കുന്നത്. ആലുവ അദ്വൈതാശ്രമത്തില്‍ ശിവഗിരിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കനാണ് സ്വാമി എത്തിയത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്നു സ്വാമി ശാശ്വതീകാനന്ദ. ശാശ്വതീകാനന്ദ നീന്തല്‍ വിദഗ്ദ്ധനായിരുന്നു എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ കുടുബവും സന്തത സഹചാരികളും മുങ്ങിമരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നത്.

1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളര്‍ച്ചയുടെ കൊടുമുടിയാണ്. 1984ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തിയത്. അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടര്‍ന്ന് സ്വാമി ശാശ്വതികാനന്ദ വിവാദനായകനായി. അധികാരതര്‍ക്കങ്ങളുടേയും സാമ്പത്തീക ഇടപാടുകളുടേയും പേരില്‍ എസ്എന്‍ഡിപി നേതൃത്വത്തിലെ ചിലര്‍ സ്വാമിയെ വകവരുത്തുകയായിരുന്നു എന്നാണ് പിന്നാമ്പുറക്കഥ. എന്തായാലും കേരളത്തിലുണ്ടായ ആശ്രമ മരണങ്ങളില്‍ പ്രമുഖമായ ശാശ്വതീകാനന്ദയുടെ മരണം നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നത് തന്നെ.

സത്‌നാം സിങ്ങ്
ബീഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായത് അമൃതാന്ദമയി ആശ്രമമാണ്. പേരുര്‍ക്കട മാനസീകാരോഗ്യകേന്ദ്രത്തില്‍ വെച്ചാണ് സത്‌നാംസിങ്ങ് മരിച്ചത്. തുടര്‍ന്ന് ആശ്രമവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. 2012 ആഗസ്റ്റ് രണ്ടിന് കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാനാസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാമിനെ പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം സത്‌നാം സിങ്ങ് ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ആശ്രമത്തില്‍വെച്ചും പോലീസ് കസ്റ്റഡിയില്‍വെച്ചും സത്‌നാമിനെ മര്‍ദ്ദനത്തിനിരയാക്കി എന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel