വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ സങ്കടപ്പെടേണ്ട; ബര്‍ത്ത് കണ്‍ഫേം ആയില്ലെങ്കില്‍ ടിക്കറ്റ് മാറിയെടുക്കാതെ അടുത്ത ട്രെയിനില്‍ യാത്ര ചെയ്യാം; പരിഷ്‌കാരം നവംബര്‍ ഒന്നുമുതല്‍

ചെന്നൈ: നാളുകള്‍ മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടും കണ്‍ഫേം ആയില്ലെങ്കില്‍ വിഷമിക്കേണ്ട, ടിക്കറ്റ് കാന്‍സല്‍ ചെയ്തു പുതിയ ടിക്കറ്റെടുക്കാതെതന്നെ തൊട്ടടുത്ത സീറ്റോ ബര്‍ത്തോ ഉള്ള ട്രെയിനില്‍ യാത്ര ചെയ്യാം. റെയില്‍വേയുടെ പരിഷ്‌കാരം നവംബര്‍ ഒന്നിനു നിലവില്‍ വരും. ഓള്‍ടര്‍നേറ്റ് ട്രെയിന്‍സ് അക്കോമൊഡേഷന്‍ സ്‌കീം (വികല്‍പ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ ട്രെയിന്‍ യാത്രാക്ലേശത്തിനു വലിയൊരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യാനാവില്ല. ഒരേസമയം ഒരു ട്രെയിനിലേക്കു മാത്രമേ ടിക്കറ്റ് റിസര്‍വ് ചെയ്യാനും ആകൂ. വികല്‍പ് വരുന്നതോടെ ഒരു ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കണ്‍ഫേം ആയില്ലെങ്കില്‍ യാത്ര ചെയ്യാന്‍ മറ്റു ട്രെയിനുകള്‍ ഓപ്ഷനല്‍ ആയി രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാകും. ഒരേ
റൂട്ടില്‍ പോകുന്ന ഏതു ട്രെയിനിലോ ഭാഗീകയാത്രയ്‌ക്കോ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

അവധിക്കാലങ്ങളില്‍ പല പ്രധാന ട്രെയിനുകളിലും മുന്നൂറു ടിക്കറ്റ് വരെ വെയിറ്റിംഗ് ലിസ്റ്റില്‍ വരാറുണ്ട്. വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കാനും ഒരേ ദിശയില്‍വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കു ബര്‍ത്തോ സീറ്റോ അനുവദിക്കുന്നതിനും റെയില്‍വേ ആലോചിക്കുന്നുണ്ട്. ഇക്കാര്യം എസ്എംഎസ് മുഖേനയും ഇ മെയില്‍ മുഖേനയും യാത്രക്കാരെ അറിയിക്കുകയും ചെയ്യും.

മെയില്‍, എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലായിരിക്കും സംവിധാനം ആദ്യം നടപ്പാക്കുക. എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് എടുത്തവര്‍ക്കു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലാണ് സീറ്റ് കണ്‍ഫേം ആകുന്നതെങ്കില്‍ അധികം നിരക്കു നല്‍കേണ്ടതില്ലെന്നും റെയില്‍വേ അറിയിച്ചു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ ടിക്കറ്റ് എടുത്തവര്‍ എക്‌സ്പ്രസ് ട്രെയിനുകളിലാണ് പോകുന്നതെങ്കില്‍ ബാക്കി തുക തിരിച്ചു നല്‍കില്ല.

പല പുതിയ ട്രെയിനുകളില്‍ കഴിഞ്ഞകാലങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പോപ്പുലറായ ട്രെയിനുകളില്‍ യാത്ര ചെയ്യാനാണ് യാത്രക്കാര്‍ക്കു താല്‍പര്യം. പലപ്പോഴും ഒരേ റൂട്ടില്‍തന്നെ പ്രതിവാര, ദ്വൈവാര ട്രെയിനുകളും സ്‌പെഷല്‍ ട്രെയിനുകളും ആളില്ലാതെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News