ഇന്ത്യന്‍ റെയില്‍വേക്ക് അദാനി കറണ്ട് നല്‍കും; യൂണിറ്റിന് 3 രൂപ 69 പൈസയ്ക്ക്

ദില്ലി: വൈദ്യുതി വിതരണത്തിന് ഇന്ത്യന്‍ റെയില്‍വേയും അദാനി പവറും തമ്മില്‍ കരാര്‍ ഒപ്പിട്ടു. യൂണിറ്റിന് 3 രൂപ 69 പൈസ നിരക്കില്‍ മൂന്നു വര്‍ഷത്തേക്ക് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. 50 മെഗാവാട്ട് വൈദ്യുതിയാണ് അദാനിയില്‍ നിന്ന് വാങ്ങുക. ഇത് പ്രതിവര്‍ഷം 150 കോടി രൂപ റെയില്‍വേക്ക് ലാഭമുണ്ടാക്കുമെന്ന് റെയില്‍വേ കണക്കാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് യൂണിറ്റിന് 6.75 രൂപയ്ക്കാണ് റെയില്‍വെ വൈദ്യുതി വാങ്ങുന്നത്.

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയും അദാനി പവറും തമ്മിലാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. സ്വകാര്യ മേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതിയുടെ ആദ്യപടിയെന്ന നിലയിലാണ് അദാനിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ഡീംഡ് ലൈസന്‍സി പ്രകാരമാണ് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രവര്‍ത്തനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കരാറെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

കഴിഞ്ഞ റെയില്‍ ബജറ്റില്‍ പ്രവര്‍ത്തനച്ചെലവ് 3,000 കോടി രൂപ വരെ ചുരുക്കുമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കിയിരുന്നു. റെയില്‍വേയുടെ പരമാവധി വൈദ്യുതി ഉപഭോഗം 4,000 മെഗാവാട്ട് വരെയാണ്. ഇതിന് ഏകദേശം 12,000 കോടി രൂപ വരെ പ്രതിവര്‍ഷം റെയില്‍വേക്ക് ചെലവു വരുന്നുണ്ട്. പുതിയ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങുമ്പോള്‍ നിലവിലെ കണക്കു പ്രകാരം റെയില്‍വേക്ക് യൂണിറ്റിന് 4 രൂപ വരെ ചെലവു ചുരുക്കാനാകും. 585 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 4 രൂപ ചെലവില്‍ വാങ്ങിക്കുന്ന പുതിയ മൂന്നു കരാറുകള്‍ കൂടി അടുത്ത വര്‍ഷം ആദ്യത്തോടെ റെയില്‍വേ ഒപ്പിടാന്‍ ഉദ്ദേശിക്കുന്നുണ്ട്. 19 കമ്പനികളുടെ 44 ബിഡുകള്‍ ഇതിനായി റെയില്‍വേ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News