അഗ്നി മിസൈല്‍ പരീക്ഷണം നീട്ടിവയ്ക്കാന്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടായെന്ന് പുസ്തകത്തില്‍ എപിജെ അബ്ദുള്‍കലാം; വിളിച്ച ടി എന്‍ ശേഷനോടു സമയം കഴിഞ്ഞെന്നു മറുപടി നല്‍കി

ദില്ലി: ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍ ശ്രദ്ധേയമായ അഗ്നി മിസൈലിന്റെ വിക്ഷേപണം തടസപ്പെടുത്താനോ വൈകിക്കാനോ നാറ്റോയും അമേരിക്കയും ശ്രമിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന്റെ പുറത്തുവരാനിക്കുന്ന അഡ്വാന്റേജ് ഇന്ത്യ: ഫ്രം ചലഞ്ച് ടു ഓപ്പര്‍ച്യൂണിറ്റി എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അഗ്നി പരീക്ഷണം തീരുമാനിച്ചിരുന്ന ദിവസം പുലര്‍ച്ചെ മൂന്നു മണിക്കാണ് ആവശ്യമുന്നയിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ കാബിനെറ്റ് സെക്രട്ടറി ടി എന്‍ ശേഷന്‍ തന്നെ വിളിച്ചതെന്നും കലാം വെളിപ്പെടുത്തുന്നു.

1989ലായിരുന്നു അഗ്നിയുടെ പരീക്ഷണം. അക്കാലത്ത് യുഎസിന്റെയും നാറ്റോയുടെയും രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ ഇന്ത്യയെ ലക്ഷ്യംവച്ചിരിക്കുന്നതായും ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടയിലാണ് അമേരിക്ക ഇത്തരമൊരാവശ്യമായി ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്. രാവിലെ മൂന്നു മണിക്കുശേഷമായിരുന്നു ശേഷന്‍ വിളിച്ചത്. നമ്മള്‍ അഗ്നിയുടെ കാര്യത്തില്‍ എവിടെയെത്തിയെന്നായിരുന്നു ചോദ്യം.

താന്‍ മറുപടി പറയുന്നതിനു മുമ്പേ പരീക്ഷണം നീട്ടിവയ്ക്കാന്‍ അമേരിക്കയുടെ സമ്മര്‍ദമുള്ളകാര്യം ശേഷന്‍ വ്യക്തമാക്കി. നയതന്ത്രരീതികളില്‍ ഇക്കാര്യം ചര്‍ച്ചകളില്‍ സജീവമാണെന്നും പറഞ്ഞു. അഗ്നിയുടെ കാര്യത്തില്‍ നമ്മള്‍ എവിടെയെത്തിയെന്ന ചോദ്യം ശേഷന്‍ ആവര്‍ത്തിച്ചു. അല്‍പസമയം തനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. കഠിനാധ്വാനം ചെയ്ത ഒരു വലിയ സാങ്കേതിക വിദഗ്ധരുടെ സ്വപ്‌നമാണ് അഗ്നി പരീക്ഷണം. ഒരു ദശാബ്ദത്തോളമായി പലരും അഗ്നി വികസിപ്പിക്കുന്നതിന്റെ പിന്നാലെയാണ്. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഇവിടെവരെയെത്തിയത്. ഇതെല്ലാം ആലോചിച്ചപ്പോള്‍ കൈവിട്ടുപോയ നിലയിലാണ് എല്ലാമെന്നും പരീക്ഷണം മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നും അതിനുള്ള സമയം കഴിഞ്ഞുപോയതായും മറുപടി നല്‍കിയതി കലാം എഴുതുന്നു. വിക്ഷേപണത്തിന് അല്‍പസമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതുകേട്ട് ശരിയെന്നും മുന്നോട്ടു പോകൂ എന്നുമുള്ള ശേഷന്റെ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയതായും കലാം പറയുന്നുണ്ട്.

മൂന്നു മണിക്കൂറിനു ശേഷം അഗ്നി മിസൈല്‍ വിക്ഷേപിച്ചു പരീക്ഷിച്ചു. കാലാവസ്ഥ കടുത്ത പ്രതിസന്ധി ഉയര്‍ത്തിയിരുന്ന സാഹചര്യത്തിലായിരുന്നു അഗ്നിയുടെ പരീക്ഷണമെന്നും കലാം എഴുതുന്നു. കനത്ത മഴ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കിയിരുന്നെന്നും വിക്ഷേപണത്തിന്റെ പിറ്റേ ദിവസംതന്നെ ചാന്ദിപ്പൂരില്‍ കനത്ത കാറ്റില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായെന്നും കലാം ഓര്‍മിക്കുന്നുണ്ട്. ശ്രീജന്‍പാല്‍ സിംഗിനൊപ്പം കലാം എഴുതിയ പുസ്തകം ഹാര്‍പെര്‍ കോളിന്‍സ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News