യാത്രക്കാരെ റെയില്‍നീര്‍ കുടിപ്പിച്ച കാറ്ററിംഗ് കരാറുകാരന്‍ പത്തുവര്‍ഷം കൊണ്ടു സ്വന്തമാക്കിയത് 500 കോടി; അതിസമ്പന്നനാകാന്‍ സഹായിച്ചത് നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും

ദില്ലി: കുറഞ്ഞവിലയുള്ള കുപ്പിവെള്ളം റെയില്‍നീരെന്ന ബ്രാന്‍ഡില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു വിതരണം ചെയ്ത കാറ്ററിംഗ് കരാറുകാരന്‍ പത്തുവര്‍ഷംകൊണ്ടു സമ്പാദിച്ചത് 500 കോടി രൂപ. തെക്കന്‍ ദില്ലി സ്വദേശിയായ ശ്യാം ബിഹാരി അഗര്‍വാളാണ് രാജ്യത്തെ റെയില്‍ശൃംഖലയില്‍ വരുന്ന എഴുപതുശതമാനം പാന്‍ട്രികാര്‍ ബിസിനസിന്റെയും സ്റ്റേഷനുകളിലെ ഹോട്ടല്‍ ബിസിനസിന്റെയും അമരക്കാരനെന്നും വ്യക്തമായി. കഴിഞ്ഞദിവസം അഗര്‍വാളിന്റെ വീട്ടില്‍നടത്തിയ റെയ്ഡില്‍ 27 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ഛത്തീസ്ഗഡില്‍ ജനിച്ചു പിന്നീട് ദില്ലിയിലേക്കു കുടിയേറിയ അഗര്‍വാളിനാണ് രാജ്യത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗ് കരാര്‍. ദീര്‍ഘദൂരം ഓടുന്ന മറ്റു പ്രധാന ട്രെയിനുകളിലെ കാറ്ററിംഗ് കരാറും ഇയാള്‍ക്കുതന്നെയാണ്. വളരെ ചെറിയനിലയില്‍ തുടങ്ങിയ കാറ്ററിംഗ് ബിസിനസ് വിവിധ രാഷ്ട്രീയനേതാക്കളുടെയും റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വിപുലമാക്കാന്‍ അഗര്‍വാളിനു കഴിഞ്ഞത്. കാറ്ററിംഗിലെ വമ്പന്‍ കരാറുകള്‍ ലഭിക്കാന്‍ റെയില്‍വേയിലെ പല പ്രമുഖ ഉദ്യോഗസ്ഥരും സഹായിച്ചിട്ടുള്ളതായി അഗര്‍വാള്‍ സമ്മതിച്ചിരുന്നു.

അഗര്‍വാളിന്റെ കമ്പനിയായ ആര്‍ കെ അസോസിയേറ്റ്‌സ് ആന്‍ഡ് ഹോട്ടെലിയേഴ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. രണ്ടു ദശാബ്ദമായി രാജ്യത്തെ പ്രീമിയം ശ്രേണിയിലുള്ളതടക്കം 150 ട്രെയിനുകളില്‍ കാറ്ററിംഗ് നടത്തുന്ന ആര്‍കെ അസോസിയേറ്റ്‌സ് ആണെന്നും വെബ്‌സൈറ്റ് പറയുന്നു. മീല്‍സ് ഓണ്‍ വീല്‍സ് എന്ന പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌കുകളും തങ്ങളുടേതാണെന്നു പരാമര്‍ശമുണ്ട്. ഇക്കാര്യങ്ങളില്‍ സ്ഥിരീകരണത്തിനായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ അഗര്‍വാള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി.

ആര്‍ കെ അസോസിയേറ്റ്‌സ് കൂടാതെ നിരവധി കമ്പനികള്‍ അഗര്‍വാളിനുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മിക്കതും ബിനാമി പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റെയില്‍വേയില്‍ പുതിയ ടെന്‍ഡറുകള്‍ വരുമ്പോള്‍ പുതിയ ഡയറക്ടര്‍മാരെ വച്ചു പുതിയ കമ്പനികള്‍ തുറക്കുകയും രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനം വച്ച് ആ കരാറുകള്‍ സ്വന്തമാക്കുകയുമായിരുന്നു അഗര്‍വാളിന്റെ രീതിയെന്നാണ് സിബിഐയുടെ നിഗമനം.

ആര്‍ കെ അസോസിയേറ്റ്‌സിനെക്കൂടാതെ സത്യം കാറ്ററേഴ്‌സ്, അംബുജ് ഹോട്ടല്‍സ് ആന്‍ഡ് റിയല്‍ എസ്‌റ്റേറ്റ്, പി കെ അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍ പ്രൈവറ്റ് ലിമിറ്റഡ്, ബ്രന്ദാവന്‍ ഫുഡ് പ്രൊഡക്ട് ആന്‍ഡ് ഫുഡ് വേള്‍ഡ് തുടങ്ങിയ കമ്പനികളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരായ സി എസ് ചാലിയ, സന്ദീപ് സിലാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. 1982 ബാച്ച് റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനായ സിലാസ് നേരത്തേ കേന്ദമന്ത്രിമാരായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെയും അംബികാ സോണിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel