രവീന്ദ്ര ജഡേജ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; അവസാന ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ മാറ്റം

ദില്ലി: രവീന്ദ്ര ജഡേജയെ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വിളിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയത്. നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിലേക്ക് രവീന്ദ്ര ജഡേജയെ തിരികെ വിളിക്കാന്‍ ബിസിസിഐ യോഗം തീരുമാനിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനു ശേഷമാണ് ജഡേജ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജയെ ഒരുവര്‍ഷമായി പുറത്തിരുത്തിയിരിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ജഡേജയുടെ പ്രകടന മികവാണ് ടെസ്റ്റ് ടീമില്‍ ജഡേജയ്ക്ക് ഇടം നല്‍കിയത്.

ജഡേജയെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ടീമില്‍ ഉണ്ടാവില്ല. ആര്‍. അശ്വിനെ ടീമില്‍ നിലനിര്‍ത്തിയെങ്കിലും പരുക്ക് ഭേദമാകാത്തതിനാല്‍ അശ്വിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂറാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലും മാറ്റം വരുത്തിയിട്ടുണ്ട്. ടീമിലെ ഏക പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം ശ്രീനാഥ് അരവിന്ദിനെ ടീമില്‍ ഉള്‍പ്പെടുത്തി. മറ്റു മാറ്റങ്ങള്‍ ഒന്നും ഏകദിന ടീമില്‍ ഇല്ല. ടെസ്റ്റ് ടീമിനെ വിരാട് കോഹ്‌ലി നയിക്കും.

രഞ്ജി ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനമാണ് ജഡേജയ്ക്ക് ടീമില്‍ ഇടംനല്‍കിയത്. സൗരാഷ്ട്രയ്ക്കു വേണ്ടി രണ്ടു മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ജഡേജ. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് പരുക്ക് മൂലം പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെയും ടീമില്‍ ഉള്‍പ്പെടുത്തി. ശിഖര്‍ ധവാനും മുരളി വിജയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ എന്നിവരും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന് കരുത്ത് പകരും. ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, അമിത് മിശ്ര തുടങ്ങിയവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഐസിസിയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആദ്യ മത്സരത്തില്‍ കൡക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here