ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ഒന്നുമില്ലാതെ; ആകെയുള്ളത് വാക്കാലുള്ള പരാതി മാത്രം; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും

കൊച്ചി: ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊൡയുന്നു. ജേക്കബ്ബ് തോമസിനെതിരെ യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖയിലാണ് ജേക്കബ്ബ് തോമസിനെതിരെ എഴുതി തയ്യാറാക്കിയ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റി പൊലീസ് ഹൗസിംഗ് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. മന്ത്രിസഭാ യോഗത്തിലടക്കം മന്ത്രിമാര്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം എന്നായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍, ഫ് ളാറ്റ് ലോബിക്കു വേണ്ടിയാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

കൃത്യമായ പരാതികള്‍ ഇല്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി പാടില്ലെന്ന് പൊലീസ് ചട്ടത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ജേക്കബ് തോമസിനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതേസമയം, ജേക്കബ് തോമസില്‍ നിന്നും വിശദീകരണം തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ വിഷയത്തിലാണ് ജേക്കബ് തോമസ് വിശദീകരണം നല്‍കേണ്ടത്. സര്‍ക്കുലര്‍ വിവാദത്തെ കുറിച്ചായിരുന്നു ജേക്കബ് തോമസ് മാധ്യമങ്ങളോട് സംസാരിച്ചത്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ചാണ് ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. സുരക്ഷയില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഫ് ളാറ്റുകള്‍ അടക്കമുള്ളവയ്ക്ക് അനുമതി നല്‍കേണ്ടെന്നായിരുന്നു സര്‍ക്കുലര്‍. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിനെ പൊലീസ് ഹൗസിംഗ് ബോര്‍ഡിലേക്ക് സ്ഥാനം മാറ്റിയത്. എന്നാല്‍, ഹൗസിംഗ് കോര്‍പറേഷന്റെ എംഡി സ്ഥാനം മാത്രം നല്‍കാനുള്ള തീരുമാനവും വിവാദമായി. ചെയര്‍മാനായിട്ടാണ് സ്ഥാനമാറ്റം നല്‍കിയതെങ്കിലും ചെയര്‍മാന്റെ ചുമതല നല്‍കിയിരുന്നില്ല. വാര്‍ത്തയായതോടെ എംഡിയാക്കി മാത്രം നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here