ക്ലാസിൽ ഒരു ബഞ്ചിൽ ഒന്നിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സസ്‌പെൻഷൻ; കോളേജിന്റെ നിയമം അങ്ങനെയാണെന്ന് മലയാളം അധ്യാപകൻ; സംഭവം കോഴിക്കോട് ഫാറൂഖ് കോളേജിൽ

കോഴിക്കോട്: ക്ലാസിൽ ഒരുമിച്ച് ഒരു ബഞ്ചിൽ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർത്ഥികൾക്കും സസ്‌പെൻഷൻ. കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റാണ് എട്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ മലയാളം ക്ലാസിലാണ് വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബഞ്ചിലിരുന്നത്. ഇത് കണ്ട മലയാള അധ്യാപകൻ ഇങ്ങനെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കില്ലെന്നറിയിക്കുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും വെവേറെ സീറ്റിൽ മാത്രമേ ഇരിക്കാവൂ എന്ന് കോളേജിൽ നിയമമുണ്ടെന്നും അത് പാലിക്കാത്തവർ തന്റെ ക്ലാസിലിരിക്കേണ്ടെന്ന് അധ്യാപകൻ പറഞ്ഞെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതോടെയാണ് എട്ടു പേരെയും ക്ലാസിൽ നിന്നു പുറത്താക്കിയത്. തുടർന്ന് അധ്യാപകന്റെ പരാതിയിൽ പ്രിൻസിപ്പൽ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച മാതാപിതാക്കളെ കൊണ്ടു വരണമെന്നും കോളേജ് അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുമിച്ചിരിക്കുന്നതിനും സംസാരിക്കുന്നതിനും ഫാറൂഖ് കോളേജ് ക്യാമ്പസിൽ വിലക്കുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ കോളേജിന്റെ സൽപ്പേര് കളയരുതെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കാന്റീനിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിലെ മറ്റു പൊതു സ്ഥലങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇരിക്കാൻ പ്രത്യേക സ്ഥലങ്ങളും അനുവദിച്ചു നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News