കേരളഹൗസ് കാന്റീനിലെ പോത്തിറച്ചിയുടെ വിതരണം നാളെ മുതല്‍ പുനരാരംഭിക്കും; ദില്ലി പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ദില്ലി: കേരളാ ഹൗസ് കാന്റീനിലെ പോത്തിറച്ചിയുടെ വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. വിവിധ ഭാഗങ്ങളില്‍ നിന്ന് ബീഫിന് പകരം പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് ഇന്നലെ ദില്ലി പൊലീസ് കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധന നടത്തിയത് പരിഗണിച്ചാണ് ബീഫ് വിഭവങ്ങള്‍ നല്‍കേണ്ടന്ന് അധികൃതര്‍ നേരത്തെ തീരുമാനിച്ചത്. കേരള ഹൗസിലെ മെനുവില്‍ നിന്നും ബീഫ് മാറ്റാന്‍ റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നതെന്നും കേരള ഹൗസിന് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും ക്യാന്റീന്‍ കമ്മിറ്റി അറിയിച്ചു. ദില്ലിയിലെത്തിയ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിഷയത്തില്‍ ഇടപെട്ടു. കേരളഹൗസില്‍ പൊലീസ് കയറിയതിനെതിരെ ദില്ലി പോലീസ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയതായി ജിജി തോംസണ്‍ അറിയിച്ചു. ദില്ലി മലയാളികള്‍ക്കായി ബീഫ് കേരള ഹൗസില്‍ നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ചീഫ് സെക്രട്ടറി ഒഴിഞ്ഞ് മാറി. വിളമ്പിയത് പോത്തിറച്ചി തന്നെയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ബീഫ് നല്‍കേണ്ടന്ന് തീരുമാനിച്ചതിലൂടെ സംഘപരിവാര്‍ അജണ്ടയ്ക്ക് കേരളം സര്‍ക്കാര്‍ കീഴടങ്ങിയെന്ന് പോളിറ്റ്ബ്യറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

ദില്ലി പൊലീസിന്റെ നടപടി തെറ്റായി പോയെന്നും പൊലീസ് അല്‍പ്പം മിതത്വം പാലിക്കാമായിരുന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. കേരളഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദില്ലി പൊലീസ് റെയ്ഡ് നടത്തിയ നടപടി ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ലോഡ്‌ജോ ഹോട്ടലോ അല്ല കേരള സര്‍ക്കാരിന്റെ സ്ഥാപനമാണ്. എന്തെങ്കിലും പരാതിയുണ്ടൈങ്കില്‍ അതേക്കുറിച്ച് വ്യക്തമായി ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയാണ് വേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഗോമാംസം വിളമ്പിയെന്ന പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ദില്ലി പൊലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം വഴിയാണ് പരാതി ലഭിച്ചത്. പരിശോധനയില്‍ കേരള ഹൗസിന്റെ അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

കേരള ഹൗസ് കാന്റീനായ ‘സമൃദ്ധിയില്‍’ മലയാളി ഉള്‍പ്പടെയുള്ള സംഘം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. വിളമ്പുന്നത് പശുവിറച്ചിയാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കള്‍ എത്തിയതോടെയാണ് സംഭവത്തിന് തുടക്കമായത്. വില വിവര പട്ടികയില്‍ ബീഫ് എന്നത് മലയാളത്തിലും മറ്റുള്ള ഭക്ഷണ സാധനങ്ങള്‍ ഇംഗ്ലീഷിലുമാണ് എഴുതി വച്ചിരിക്കുന്നത്. പട്ടിക യുവാക്കള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതും സംഘര്‍ഷത്തിന് കാരണമായി. സംഘത്തില്‍ ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

കര്‍ണാടക സ്വദേശിയായ യുവാവ് വൈകിട്ട് നാലരയോടെ വീണ്ടും കാന്റീനിലെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇയാളെ കേരളഹൗസ് വളപ്പിന് പുറത്തെത്തിച്ച ശേഷം പൊലീസ് കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു. അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ക്യാന്റീനില്‍ പോത്തിറച്ചി മാത്രമാണ് വിളമ്പുന്നതെന്നും പശു ഇറച്ചി ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News