വിവാഹശേഷം സ്വന്തം പേരിന്റെ പിന്നിലായി ഭര്‍ത്താവിന്റ പേരു ചേര്‍ക്കാന്‍ രാജ്യത്തെ ഭൂരിഭാഗം യുവതികള്‍ക്കും താല്‍പര്യമില്ല. വൈവാഹിക വെബ്‌സൈറ്റായ ശാദി ഡോട് കോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത ഇരുപത്തഞ്ചു വയസിനും മൂപ്പത്തിനാലു വയസിനും ഇടയിലുള്ള അവിവാഹിതകള്‍ സിംഹഭാഗവും തങ്ങള്‍ക്കു നിലവിലുള്ള പേരില്‍ തുടരാനാണ് താല്‍പര്യമെന്നു അഭിപ്രായം രേഖപ്പെടുത്തി.

വിവാഹത്തിന് എന്തെങ്കിലും ഉപാധികള്‍ വയ്ക്കുമോ എന്ന ചോദ്യത്തിന് 71.3 ശതമാനം പേര്‍ ഉണ്ടെന്നു മറുപടി നല്‍കി. 5.8 ശതമാനം പേര്‍ മാത്രം ഇല്ല എന്നും 22.9 ശതമാനം പേര്‍ പിന്നീടു ചിന്തിക്കുമെന്നും മറുപടി പറഞ്ഞു. തങ്ങളുടെ പേരു മാറ്റില്ലെന്നാണ് ഉപാധികളുണ്ടെന്നു പറഞ്ഞവരിലേറെയും ചൂണ്ടിക്കാട്ടിയത്. വിവാഹശേഷവും സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്നും ഭൂരിഭാഗം പേരും പറഞ്ഞു.

സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഇന്ത്യയിലെ പുതുതലമുറയിലെ സ്ത്രീകളെന്ന വിലയിരുത്തലാണ് സര്‍വേ നല്‍കിയത്. തെരഞ്ഞെടുപ്പുകളിലും വ്യക്തിത്വ രൂപീകരണത്തിലും കൂടുതല്‍ ജാഗ്രതയുള്ളവരായെന്നും കൃത്യമായ ദിശാബോധമുള്ളവരാണെന്നും ഫലം വ്യക്തമാക്കുന്നതായി ശാദി സിഇഒ ഗൗരവ് രക്ഷിത് ചൂഎണ്ടിക്കാട്ടി.