പഴയ മദിരാശിപ്പട്ടണം ചെന്നൈനഗരമായപ്പോള്‍ ചില റോഡുകള്‍ ജനങ്ങള്‍ക്കു പേടിയുള്ളതായി. പലതും ആത്മഹത്യ ചെയ്യാനെത്തിയവര്‍ മരണത്തെ പുല്‍കിയ പാതകളായി. ചിലതാകട്ടെ ഹൊറര്‍ സിനിമകളിലൊക്കെ കണ്ടിട്ടുള്ളവിധം ഭയപ്പെടുത്തുന്നതും. ഇതാ ആ റോഡുകളെക്കുറിച്ച്…

haunted-places-in-chennai-blue-cross-road

ബ്ലൂ ക്രോസ് റോഡ്

ചെന്നൈയില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നവര്‍ക്കു പ്രിയങ്കരമാണേ്രത ഈ റോഡുകള്‍. നിരവധി പേരാണ് ഇവിടെ ജീവന്‍ ഹോമിച്ചിരിക്കുന്നത്. നിറയെ മരങ്ങള്‍ വഴിയോരത്തുള്ള റോഡാണിത്. പലരും ഇവിടെ വിജനമായതിനാല്‍ മരങ്ങളില്‍ തൂങ്ങിമരിക്കുകയാണ് ചെയ്യുന്നത്. അടുത്തകാലത്തു പോലും റോഡിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓരത്തെ മരങ്ങളില്‍ തൂങ്ങി മൃതിയടഞ്ഞവരെ കണ്ടിട്ടുണ്ട്. ഇവിടെ മരിച്ചവരുടെ ആത്മാക്കള്‍ റോഡിലൂടെ അലഞ്ഞുനടക്കാറുണ്ടെന്നു വിശ്വസിക്കുന്നവരും ഉണ്ട് ചെന്നൈയില്‍. അവര്‍ പറയുന്നതാകട്ടെ വിശ്വസിക്കാന്‍ പ്രയാസമുള്ള കഥകളും. ബ്ലൂ ക്രോസ് റോഡിലൂടെ പോകുമ്പോള്‍ അതുവരെ ഒരിക്കലും കേടാകാത്ത ഹെഡ്‌ലൈറ്റ് കെട്ടുപോയിട്ടുണ്ടെന്നും ടയര്‍ പഞ്ചറായി വഴിയില്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞു കേട്ട അറിവ്.

basanth-avenue-road
ബസന്ത് അവെന്യൂ റോഡ്

മരങ്ങള്‍ ഓരത്ത് ഇടതൂര്‍ന്നു നില്‍ക്കുന്ന റോഡാണ് ഇത്. വാഹനഗതാഗതം വളരെക്കുറവും. മരത്തിന്റെ നിഴലുകള്‍തന്നെ പേടിപ്പിക്കും. പ്രേതങ്ങള്‍ തളികകള്‍ കൈമാറുന്നതാണ് മരങ്ങളുടെ ഇലയനക്കങ്ങള്‍ എന്നാണ് അന്ധവിശ്വാസികള്‍ പറയുന്നത്. വഴിയിലൂടെ നടന്നുപോയവരെ അദൃശ്യമായതെന്തോ ആക്രമിച്ചതായും പറയപ്പെടുന്നു. പലരും തങ്ങളുടെ പഴ്‌സും പണവും കവര്‍ച്ച ചെയ്യപ്പെടതായും പറയുന്നുണ്ട്.

haunted-places-in-chennai-anna flyover
അണ്ണാദുരൈ ഫ്‌ളൈഓവര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരയുടെ പേരിലുള്ള അണ്ണാദുര ഫ്‌ളൈഓവറില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണമേറെയാണ്. ചെന്നൈ നിവാസികളുടെ പേടിസ്വപ്‌നമാണ് ഇവിടം. അപകടങ്ങള്‍ക്കും കുപ്രസിദ്ധമാണ് ഈ ഫ്‌ളൈഓവര്‍. ഇതുവഴി പോകുന്നവര്‍ക്കു പലപ്പോഴും അത്മഹത്യാ പ്രവണത തോന്നാറുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇവിടെ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കാളാണ് ഇതിനു കാരണമെന്നാണ് ഈ ഫ്‌ളൈ ഓവറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം.

ഈസ്റ്റ് കോസ്റ്റ് റോഡ്

ചെന്നൈയെ പുതുച്ചേരിയുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. ഒറ്റയ്ക്ക് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ സഞ്ചരിക്കാന്‍ ചെന്നൈക്കാര്‍ക്ക് ഇപ്പോഴും ഭയമാണ്. യക്ഷി പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. യക്ഷിയല്ല, പിടിച്ചുപറിക്കാരും തട്ടിപ്പുകാരുമാണെന്നാണ് ചിലര്‍ പറയുന്നത്. ഇവരെ കാണുന്ന മാത്രയില്‍ ഡ്രൈവര്‍ക്കു നിയന്ത്രണം വിടുകയും വാഹനം അപകടത്തില്‍ പെടുകയുമാണത്രേ ഉണ്ടാവുക. എന്തോ കണ്ടു പേടിച്ചതായാണ് അപകടത്തില്‍പെട്ട് ആശുപത്രിയിലായ ഡ്രൈവര്‍മാര്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ, ഇതിലൊന്നും കാര്യമില്ലെന്നും പലരും കേട്ടുകേള്‍വിയില്‍ ചിത്തഭ്രമത്തില്‍ പെടുന്നതാണ് കാര്യമെന്നുമാണ് പൊലീസിന്റെപക്ഷം.

ഡി മോന്റെ കോളനി റോഡ്

ചെന്നൈ വാസികളെ പേടിപ്പെടുത്തുന്ന ഒരു റോഡാണ് ഡി മോന്റെ കോളനി റോഡ്. പോര്‍ച്ചുഗീസുകാര്‍ വന്ന കാലം മുതലേ ഈ റോഡില്‍ പ്രേതമുണ്ടെന്നാണ് പറഞ്ഞുപരത്തിയിരിക്കുന്നത്. ഇവിടെയുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന ഒരു പോര്‍ച്ചുഗീസുകാരന്‍ തന്റെ ഭാര്യയെ കൊന്നിട്ടുണ്ടെന്നാണ് കഥ. പോര്‍ച്ചുഗീസുകാര്‍ കപ്പല്‍ കയറിപ്പോയെങ്കിലും പ്രേതം പോയില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞുപരത്തിയത്.