മഴനനയാം… കാട്ടിലെ മഴയറിയാം… അഗുംബെയിലേക്കു പോകാം; ഉടുമ്പിനോടും പാമ്പിനോടും അനവധി മൃഗങ്ങളോടും കൂട്ടുകൂടി കണ്ടുതീരാത്ത കാഴ്ചകളുമായി മടങ്ങാം

രോ യാത്രയും ഒരോ അനുഭവങ്ങളായാണു ഓര്‍മകളില്‍ അവതരിക്കുന്നത്. നൂലുമഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുല്‍മേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ടു മഴയുടെ സംഗീതം ആസ്വദിക്കാന്‍ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകള്‍ അങ്ങനെയാണ്, മനസ് പറയുമ്പോലെ പെട്ടെന്നൊരു നിമിഷം എടുക്കുന്ന തീരുമാനം. ഷിമോഗയിലെ തീര്‍ത്ഥഹള്ളിയിലാണു മഴക്കാടുകളാല്‍ വിസ്മയമൊരുക്കിയിരിക്കുന്ന അഗുംബെ.

40939_120858587966057_8003030_n

അറുപതുകളിലെയും എഴുപതുകളിലെയും ഗ്രാമീണതയുടെ നേര്‍പ്പതിപ്പുകളായാണു ഷിമോഗയിലേക്കുള്ള ഒരോ യാത്രയും സ്മൃതിയിലുണരുക. നാഗരികതയുടെ കടന്നാക്രമണത്തിലും ഗ്രാമീണതയുടെ തനതായ നൈര്‍മല്യം കൈവിടാതെ കാത്തു സൂക്ഷിക്കുവാന്‍ ഇന്നും ഈ കന്നഡഗ്രാമങ്ങള്‍ക്കു കഴിയുന്നു. നെല്‍പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കവുങ്ങിന്‍ തോട്ടങ്ങളും എല്ലാമായി കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന വഴിയോരങ്ങള്‍. ആവര്‍ത്തിച്ചുള്ള യാത്രകളാല്‍ ഈ വഴി ചിരപരിചിതമായിക്കഴിഞ്ഞു. മംഗലാപുരത്തുനിന്നു മൂഡബിദ്രിവഴി വഴി ആര്‍ദ്ര മഴക്കാടുകളുടെ വശ്യസൗന്ദര്യവുമാസ്വദിച്ച് അഗുംബെയിലേക്ക്. സോമേശ്വര വഴിയാണു യാത്ര.

മൂടല്‍മഞ്ഞും മഴയും യാത്രയ്ക്ക് അകമ്പടിയായി കൂടെയുണ്ട്. അല്ലങ്കില്‍തന്നെ മഴയില്ലാത്ത അഗുംബെ ഓര്‍മകളില്‍ വിരളമാണ്. ഒരുപക്ഷേ മഴയോടുള്ള പ്രണയമാവാം സഞ്ചാരപ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. കാലാവസ്ഥയിലെ അപ്രവചനീയതകള്‍ക്കും അപ്പുറം അഗുംബേ എന്നാല്‍ മഴ എന്ന മറുവാക്ക് രൂപപ്പെട്ടുകഴിഞ്ഞു കാലങ്ങള്‍ക്കുമിപ്പുറം ചിലരുടെയെങ്കിലും മനസില്‍.

45171_120865524632030_499270_n
മിനി ബസുകളും മറ്റു ചെറു വാഹനങ്ങളുമൊഴിച്ചാല്‍ റോഡില്‍ അധികം തിരക്കില്ല. കുത്തനെയുള്ള ചുരങ്ങള്‍ കയറിയുള്ള യാത്രയായതിനാല്‍ വല്യ വാഹനങ്ങള്‍ പൊതുവെ ഈ വഴിയില്‍ കാണാറില്ല. പശ്ചിമഘട്ട മലനിരകളുടെ വന്യത അതിന്റെ പൂര്‍ണ്ണഭാവം കാട്ടിത്തരുന്നത് ഈ മലയിടുക്കിലൂടെയുള്ള യാത്രയിലാണ് എന്ന് തോന്നും വിധമായിരുന്നു കണ്‍മുന്നിലുള്ള കാഴ്ചകള്‍. ഏകദേശം 88 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന നിത്യഹരിത വനങ്ങള്‍. സസ്യവൈവിധ്യങ്ങളുടെ കലവറകൂടിയാണു ഇവിടം. അത്യപൂര്‍വ്വമായ അനവധി ഔഷധ സസ്യങ്ങള്‍ ഈ വനമേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. 1974 ല്‍ ആണു സോമേശ്വര വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. മ്ലാവും കടുവയും പുള്ളിമാനും കുറുനരിയുമുള്‍പ്പടെ ഒട്ടനവധി വന്യജീവികളുടെ അധിവാസകേന്ദ്രമാണിവിടം.

വഴിയോരകാഴ്ച്ചകളില്‍ ലയിച്ചിരുന്നപ്പോളാണു നൊടിയിടയില്‍ മിന്നിമറഞ്ഞ ഉടുമ്പില്‍ കണ്ണുടക്കിയത്. വാഹനത്തിന്റെ ഒച്ച കേട്ടതാവാം ശരവേഗത്തിലായിരുന്നു അതിന്റെ പ്രയാണം. മരച്ചില്ലകളില്‍ ചാടിക്കളിക്കുന്ന കുരങ്ങന്മാര്‍ അപകടകാരികള്‍ കൂടിയാണെന്നു തോന്നുന്നു . അവസരം കിട്ടിയാല്‍ വഴിയാത്രക്കാരെ കടന്നാക്രമിക്കുവാനുള്ള മട്ടും ഭാവവും അവയുടെ മുഖത്ത് പ്രകടമാണ്.

A giant forest scorpion (Heterometrus)വഴിയരുകില്‍ മരങ്ങള്‍ക്കിടയിലൂടെ രൂപപ്പെട്ടിരിക്കുന്ന ചെറു നീര്‍ച്ചാലുകള്‍ അധികവും മഴക്കാലകാഴ്ച മാത്രമായി ഒതുങ്ങും. ചിലഭാഗങ്ങളിലൊക്കെ ശക്തമായി വെള്ളം ഒഴുകിയതിന്റെ അടയാളമായി മണ്ണൊലിച്ചു മാറിയിട്ടുണ്ട്. കാറ്റിന്റെ കുളിരില്‍ നേര്‍ത്ത ഇലയനക്കത്തിനൊപ്പം കേള്‍ക്കാം മഴമേഘങ്ങളെ ആരവങ്ങളോടെ വരവേല്‍ക്കുന്ന പക്ഷികളുടെ സംഗീതം. നാട്ടിപുറങ്ങളില്‍ ഇടയ്ക്ക് സന്ദര്‍ശകരായി എത്താറുള്ളതുകൊണ്ട് കൂട്ടത്തില്‍ വേഴാമ്പലുകളുടെ ശബ്ദം മാത്രം പെട്ടന്നു തിരിച്ചറിയാന്‍ കഴിഞ്ഞു.

നിബിഡവനത്തിലെ പാതയിലൂടെ ചുരം കയറി മുകളിലെത്തിയാല്‍ 14-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വ്യൂ പോയിന്റ് ആണ്. അഗുംബയിലെ സൂര്യാസ്തമയം കാണാന്‍ സഞ്ചാരികളുടെ വലിയ നിരതന്നെ ഇവിടേക്ക് എത്താറുണ്ട്. അസ്തമയങ്ങള്‍ എന്നും എവിടേയും മതിവരാത്ത കാഴ്ച്ചകളാണു സമ്മാനിക്കുന്നത്. യാത്രികര്‍ക്ക് സൗകര്യപ്രദമാം വിധം കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ മുനമ്പില്‍ ഒരു പീഠം ഉയര്‍ത്തി കെട്ടിയിട്ടുണ്ട്. മുനമ്പില്‍നിന്നുള്ള കാഴ്ച്ച താഴ്‌വാരത്തിന്റെ അഭൗമസൗന്ദര്യം വിളിച്ചോതുമ്പോള്‍ ദൂരെ ഹരിതശോഭയുടെ ധാരാളിത്തത്തെ മറച്ചുപിടിക്കാനായി മഞ്ഞും മഴമേഘങ്ങളും മത്സരിക്കുന്നു. കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം യാത്ര വീണ്ടും തുടര്‍ന്നു അഗുംബെ എന്ന ചെറു ഗ്രാമത്തിലേക്ക്.

Camp side

അഗുംബെ എന്നും ഗ്രാമീണതയുടെ ഗതകാല സ്മരണയിലേക്കാണു കൂട്ടിക്കൊണ്ട് പോകുന്നത്. വിനോദസഞ്ചാരികളും ഷിമോഗയിലേക്കുള്ള യാത്രികരുമൊഴിച്ചാല്‍ ജനസാന്ദ്രത താരതമ്യേന കുറവുള്ള നാട്ടിന്‍പുറം. ഗൃഹാതുരത ഉണര്‍ത്തുന്ന കാഴ്ച്ചകളുമാസ്വദിച്ച് മാല്‍ഗുഡി ഡേയ്‌സിനു വേദിയായ നിരത്തുകളിലൂടെ മുന്‍പോട്ട്. കസ്തൂരി അക്കയുടെ വീടാണു ലക്ഷ്യം. അഗുംബയെക്കുറിച്ചു പറയുമ്പോള്‍ കസ്തൂരി അക്കയെക്കുറിച്ചും മാല്‍ഗുഡി ഡേയ്‌സിനെക്കുറിച്ചും ചെറു സൂചനയെങ്കിലും നല്‍കിയാലെ അത് പൂര്‍ണമാവൂ. ആര്‍ കെ നാരായണിന്റെ പ്രശസ്തമായ മാല്‍ഗുഡി ഡേയ്‌സ് സീരിയല്‍ ആയപ്പോള്‍ അതിലെ മാല്‍ഗുഡി എന്ന സാങ്കല്‍പികഗ്രാമമായി രൂപപ്പെടുത്തിയത് അഗുംബയായിരുന്നു. സ്വാമിയുടെ വീടായി ചിത്രീകരിച്ചതു കസ്തൂരിയക്കയുടെ തറവാടായ ദൊട്ടുമനയും. ഒന്‍പതിലോ പത്തിലോ പഠിക്കുമ്പോളാണു മാല്‍ഗുഡി ഡേയ്‌സിനെക്കുറിച്ചു പഠിക്കുന്നത്. ഇപ്പോഴും ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ അതു പാഠവിഷയം ആണെന്നാണ് ഓര്‍മ്മ. 1986 ല്‍ ആണു മാല്‍ഗുഡി ഡെയ്‌സ് ചിത്രീകരിച്ചത് എന്നു പറയുന്നു.

പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ദൊട്ടുമനയ്ക്ക് ഏകദേശം 124 വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണു പറയുന്നത്. കര്‍ണാടകയുടെ തനതായ നാടന്‍ ഭക്ഷണരീതിയും ഗൃഹാതുരത്വമുണര്‍ത്തുന്ന താമസസൗകര്യങ്ങളുമൊക്കെയായി ലാഭേച്ഛയൊന്നുമില്ലാതെ കസ്തൂരിയക്ക സഞ്ചാരികളെ കാത്ത് ഇവിടെയുണ്ട്. അപരിചിതത്വത്തിന്റെ ആശങ്കകള്‍ ഒന്നുമില്ലാതെ ഒരു മുത്തശ്ശിയുടെ സ്‌നേഹവാത്സല്യങ്ങളുമായി. വ്യക്തിപരമായ ചില ഇഷ്ടങ്ങളെ മാറ്റി നിര്‍ത്തിയാല്‍ യാത്രയുടെ ആല്യസ്യത്തില്‍നിന്നു പാടേ ഉണര്‍ത്തും ദൊട്ടുമനയിലെ വാസം. ഇതുകൂടാതെ ഇവിടെയുള്ള മല്യാ ലോഡ്ജിലും താമസസൗകര്യം ലഭ്യമാണു. ഒളുഗിയും ചൂടുപാലും വടയുമൊക്കെയായി വിഭവസമൃദ്ധമായ ഭക്ഷണത്തിനും ചെറിയ ഒരു വിശ്രമത്തിനും ശേഷം അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസേര്‍ച്ച് സെന്ററിലേക്ക് യാത്രതിരിച്ചു.

Common skittering frog

സമുദ്രനിരപ്പില്‍ നിന്നു 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗുംബെ റെയിന്‍ ഫോറസ്റ്റ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. അഗുംബെ ടൗണില്‍നിന്നു മൂന്നു കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. മെയിന്‍ റോഡും പിന്നിട്ട് കുറേ ദൂരം ചെന്നപ്പോള്‍ യാത്ര ചെമ്മണ്‍ പാതയിലൂടെയായി. മലകളാല്‍ ചുറ്റപ്പെട്ട തുറസായ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ കെട്ടിടം.

പ്രസിദ്ധ ഉരഗഗവേഷകനായ റോമുലസ് വിറ്റാക്കറിന്റെ നേതൃത്വത്തില്‍ 2005 ല്‍ ആണു ഈ റിസേര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിച്ചത്. രാജവെമ്പാലകളുടെ തലസ്ഥാനം എന്ന വിളിപ്പേരുണ്ടെങ്കിലും മറ്റനേകം വിഷപ്പാമ്പുകളുടെയും ഈറ്റില്ലം ആണ് ഇവിടം. 1971- ല്‍ ആണ് വിറ്റേക്കര്‍ ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയതെന്നു പറയുന്നു. മുളങ്കാടുകളാലും ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളാലും നിറഞ്ഞ ഈ മഴക്കാടുകളിലും പ്രാന്തപ്രദേശങ്ങളിലുമായി ചെറുതും വലുതുമായ അനവധി വെള്ളച്ചാട്ടങ്ങളുമുണ്ട്. കൂട്ടിനു വന്യമായ സൗന്ദര്യവും ഭീതി ജനകമായ നിശബ്ദതയും. സാഹസിക വിനോദ സഞ്ചാരികളുടെ പറുദീസയാണു അഗുംബെയില്‍ വനം വകുപ്പിന്റെ അനുമതിയോടെ ട്രക്കിങ്ങിനുള്ള അവസരവുമുണ്ട്.

ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ 25 ശതമാനം ഈ മേഖലയില്‍ ആണെന്നാണു കണക്കാക്കപ്പെടുന്നത്. 510 പക്ഷി വര്‍ഗങ്ങളും 180 ഉഭയ വര്‍ഗങ്ങളും ഇരുന്നൂറ്റി നാല്‍പതോളം ഇനം സസ്തനികളും ഇരുപത്തിയാറോളം ഉരഗവര്‍ഗങ്ങളും ഈ മേഖലയില്‍ കാണുന്നു എന്നാണു കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. അനവധി അപൂര്‍വ്വ സസ്യങ്ങളും ഔഷധച്ചെടികളാലും സമ്പന്നമായ ഇവിടം 1999 ല്‍ ഓഷധിസംരക്ഷണ മേഖല ആയി പ്രഖ്യാപിച്ചു. ആയിരത്തോളം ഔഷധസസ്യങ്ങള്‍ ഈ സംരക്ഷിത മേഖലയില്‍ പുതുതായി കണ്ടെത്തിയിട്ടുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.Niluvasi Dancing Frog

ഇനി യാത്ര ജോഗി ഗുണ്ടി വെള്ളച്ചാട്ടത്തിനു അടുത്തേക്കാണ്. പശ്ചാത്തലമായി മഴയുടെ സംഗീതവും ആസ്വദിച്ചു ശാന്തസുന്ദരമായ വനാന്തരങ്ങളിലൂടെയുള്ള യാത്ര. ഉള്ളില്‍ ചെറിയൊരു ഭീതി നാമ്പിട്ടുവെങ്കിലും അതു മറച്ചുവച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന് അരികിലേക്ക്. അടര്‍ന്നു വീണ കരിയിലകള്‍ മഴയില്‍ കുതിര്‍ന്നു കിടക്കുന്നു. അങ്ങിങ്ങായി ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും വന്മരങ്ങളുടെ അവശിഷ്ടങ്ങളും കാണാം. അട്ടകളുടെ ശല്യവുമുണ്ട്. നിലത്തു സൂക്ഷിച്ചു നോക്കി നടന്നാല്‍ കരിയിലകളുടെ ഇടയില്‍ തണുപ്പു പറ്റി കിടക്കുന്ന ചെറു പാമ്പുകളെ കാണാം. പച്ചില പാമ്പും കരിവണ്ടും ഓന്തുമൊക്കെ സുപരിചിതമായ കാഴ്ച്ചകളാണ്. സഞ്ചാരികള്‍ വനത്തിന്റെ ഉള്ളിലേക്കു കയറുന്നതു തടയുവാനായി ചെറു മുള്ളുവേലികള്‍ വഴിയരുകില്‍ സ്ഥാപിച്ചിട്ടുണ്ട്.

കല്ലുപാകിയ പടിക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിനരുകിലേക്ക്. 126 അടി ഉയരത്തില്‍നിന്നു പതിക്കുന്ന വെള്ളം പാറക്കെട്ടുകള്‍ക്ക് സമീപം തടം കെട്ടിക്കിടക്കുന്നു. ഒരു ചെറിയ കുളം പോലെ. സീതാ നദിയാണു ഇതിന്റെ ഉത്ഭവസ്ഥാനം എന്ന് കരുതുന്നു. വഴുവഴുക്കുള്ള പാറക്കെട്ടുകളില്‍ ചവുട്ടി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയാല്‍ ഉള്ളം കുളിര്‍പ്പിക്കുന്ന തണുപ്പാണു. യാത്രയുടെ ആലസ്യം അതു പാടേ അകറ്റിയെന്നു നിസംശയം പറയാം. വെള്ളത്തുള്ളികളുടെ തണുപ്പ് ഹൃദയത്തിന്റെ ഉള്ളിലേക്കു ഇറങ്ങിച്ചെല്ലുന്ന ആര്‍ദ്രനിമിഷങ്ങള്‍. പാറയില്‍ തട്ടി നുരഞ്ഞു പതഞ്ഞു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ച ചെറുതെങ്കിലും മനോഹരമായിരുന്നു. പുരാതനകാലത്ത് സന്യാസിമാര്‍ ഈ വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഗുഹയില്‍ തപസ്് അനുഷ്ടിച്ചിട്ടുണ്ട് എന്നാണു ഇവിടുത്തുകാരുടെ വിശ്വാസം.

Indian King Cobra

ചെറിയൊരു ജലോത്സവംതന്നെ അവിടെ നടത്തിയിട്ടു തിരികെ നടന്നു. ആര്‍ത്തലച്ചു പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മാനം വൃക്ഷത്തലപ്പുകള്‍ക്ക് ഇടയിലൂടെ കാണാം. കണ്ടു തീര്‍ക്കുവാന്‍ കാഴ്ച്ചകള്‍ അനവധിയാണു. എത്ര കണ്ടാലും മതിവരാത്തത്രയും അപൂര്‍വ്വതകളുമായി. അവിസ്മരണീവും അതിമനോഹരവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അഗുംബെ എന്നും പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ പ്രിയ ഇടം ആണ്. പ്രകൃതിയുടെ ക്യാന്‍ വാസില്‍ മഴയൊരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുവാന്‍ ഒരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ അതൊരു തീരാ നഷ്ടമാവും തീര്‍ച്ച.

ചിത്രങ്ങള്‍ക്കു കടപ്പാട്:
അവിജിത് ഘോഷ്
ട്രാവെലോണ്‍ എക്‌സപെഡിഷന്‍സ് ആന്‍ഡ് ഫോട്ടോഗ്രാഫി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News