പുരുഷന്‍മാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ പാടില്ല; സ്ത്രീകള്‍ക്കായുള്ള ക്ലിനിക്കുകള്‍ ഐഎസ് അടപ്പിച്ചു

ദമാസ്‌കസ്: സ്ത്രീകളെ പുരുഷന്‍മാരായ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നെന്നാരോപിച്ച് സിറിയയില്‍ വനിതകള്‍ക്കായുള്ള ക്ലിനിക്ക് ഐഎസ് ഭീകരര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ഗൈനക്കോളജി അടക്കമുള്ള വിവിധ ചികിത്സാ വിഭാഗങ്ങളില്‍ സ്ത്രീകളെ പുരുഷന്‍മാരായ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഐഎസ് ഭീകരര്‍ വ്യക്തമാക്കി.

സ്ത്രീകളും പുരുഷന്‍മാരും വേര്‍തിരിഞ്ഞു മാത്രമേ എന്തു ചെയ്യാവൂ എന്നാണ് നിലപാടെന്നും അതിനാലാണ് ക്ലിനിക്കുകള്‍ അടയ്്ക്കുന്നതെന്നാണ് ഐഎസ് നിലപാട്. നേരത്തേതന്നെ സിറിയയിലെ ചെറു പ്രവിശ്യകളില്‍ സ്ത്രീകള്‍ക്കുള്ള ക്ലിനിക്കുകള്‍ അടയ്ക്കാന്‍ ഐഎസ് ശ്രമിച്ചിരുന്നു.

ബലാത്സംഗം, ലൈംഗിക അടിമത്തം എന്നിവ ശീലമാക്കിയ ഐഎസ് തീവ്രവാദികള്‍ സ്ത്രീകള്‍ക്കെതിരായി നടത്തുന്ന അതിക്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തല്‍. ക്ലിനിക്കുകള്‍ അടയ്ക്കുന്നതോടെ സിറിയയില്‍ സ്ത്രീകളുടെ ആരോഗ്യ സുരക്ഷ പാളുമെന്നും വിലയിരുത്തലുണ്ട്. പെണ്‍കുട്ടികളെ തങ്ങളുടെ സംഘത്തിലേക്ക് കൂടുതലായി എത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്. ക്ലിനിക്കുകളില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ രക്തസ്രാവം മൂലം എത്താറുണ്ടെന്നും ചോദിച്ചറിയുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായതാണെന്നു മനസിലാകുകയെന്നും ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ബലാത്സംഗത്തിനെതിരായ നിലപാട് ഡോക്ടര്‍മാര്‍ എടുക്കുന്നതാണ് ക്ലിനിക്കുകള്‍ ബലമായി അടപ്പിക്കാന്‍ ഐഎസിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here