ഞങ്ങളെക്കുറിച്ചു നിങ്ങള്‍ എന്തുകരുതി; കൂട്ടുകൂടാനും പഠിക്കാനും ഉയരങ്ങളിലേക്കു ചിറകുവിരിച്ചു പറക്കാനും ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കു സമൂഹത്തോടു പറയാനുള്ളത്

പെണ്‍കുട്ടികളുടെ വിവാഹ സങ്കല്‍പങ്ങള്‍, കരിയര്‍ മോഹങ്ങള്‍, ജീവിതം ആസ്വദിക്കല്‍ തുടങ്ങിയവയൊക്കെ സദാചാരത്തിന്റെ കണ്ണട വച്ചു നോക്കി വിമര്‍ശിക്കപ്പെടുന്ന കാലമാണിത്. മാറുന്ന കാലത്തു ചിറകടിച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളാണുള്ളത്. എന്നാല്‍ സമൂഹത്തിന്റെയും സങ്കുചിത മനസുള്ള കുടുംബക്കാരുടെയും പിടിയില്‍പെട്ടു പല പെണ്‍കുട്ടികളും സമ്മര്‍ദത്തിന് അടിമകളാകുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കും പറയാനുണ്ട് തങ്ങളുടെ ജീവിതത്തെക്കുറിച്ചു കുറേ കാര്യങ്ങള്‍. അടുത്തിടെ ഒരു മാസികയില്‍ വന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുകയാണ്. അവയുടെ പ്രസക്തഭാഗങ്ങള്‍.

  • എല്ലാ പെണ്‍കുട്ടികളും ഇരുപത്തിമൂന്നു വയസിനുള്ളില്‍ വിവാഹിതരാകണമെന്ന് ആഗ്രഹിക്കുന്നവരല്ല. പെണ്‍കുട്ടി വിവാഹപ്രായമെത്തുന്നു എന്നു ചിന്തിക്കുന്നതിന് മുമ്പ് അവരുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കേണ്ടതാണ്. ഈ പ്രായത്തിനുള്ളില്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറയുന്ന പെണ്‍കുട്ടി താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നല്ല. തനിക്കു തന്നെക്കുറിച്ചു സ്വപ്‌നങ്ങളുള്ളതുകൊണ്ടാണ്. അല്‍പമെങ്കിലും ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്.
  • ഒരു പെണ്‍കുട്ടി പിഎച്ച്ഡിയോ മാസ്റ്റര്‍ ഡിഗ്രിയോ ചെയ്യണമെന്നു പറയുന്നത് അവള്‍ക്കു ജീവിതത്തില്‍ സെറ്റില്‍ ചെയ്യണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല. തനിക്ക് എന്തൊക്കെ ചെയ്യാമെന്ന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഇത്തരം ആഗ്രഹങ്ങള്‍ പറയുന്നതെന്നു മനസിലാക്കുകയാണ് വേണ്ടത്. പിഎച്ച്ഡി ഒരു തമാശയല്ല. കുടുംബത്തിനായി സമര്‍പ്പിക്കുന്നതിന് ഒരു സമയം ഓരോ പെണ്‍കുട്ടിയും കണ്ടെത്തും. സ്വന്തം തൊഴിലിനുവേണ്ടിയുള്ള സമയവും. പഠിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം പഠിക്കാന്‍ അനുവദിക്കുക.
  • ഇരുപത്തേഴു വയസായിട്ടും അവിവാഹിതയായിരിക്കുക എന്നത് നിരവധി പുരുഷന്‍മാര്‍ നിരസിച്ചതിനാലായിരിക്കില്ല. ഒറ്റയ്ക്കു ജീവിക്കുക എന്നത് പെണ്‍കുട്ടിയുടെ ഇഷ്ടമായിരിക്കും.
  • കാമുകന്‍ ഉണ്ടായിരിക്കുക എന്നത് അവളുടെ സ്വഭാവദൂഷ്യമല്ല
  • അടുത്തകാലത്തായി ഒരു പ്രണയബന്ധത്തില്‍നിന്നു മുക്തയായെന്നതിന് അര്‍ഥം അവള്‍ മറ്റൊരാളുമായി പ്രണയത്തിന് തയാറാണ് എന്നല്ല
  • തന്റെ കൂട്ടുകാരിലേറെയും ആണ്‍കുട്ടികളാണ് എന്നത് അവരുമായെല്ലാം ആസ്വദിക്കുന്നു എന്നല്ല അര്‍ഥമാക്കുന്നത്.
  • മദ്യപിക്കുമെന്നതിന് അര്‍ഥം താന്‍ മദ്യത്തിന് അടിമയാണെന്നല്ല
  • ഒരു പാര്‍ട്ടിയില്‍ കുട്ടിയുടുപ്പിട്ടു വന്നു എന്നതുകൊണ്ട് താന്‍ എപ്പോഴും അങ്ങനെ വസ്ത്രധാരണം നടത്തുന്നവളാണ് എന്നര്‍ഥമാക്കേണ്ടതില്ല
  • ജീവിതത്തെക്കുറിച്ചു മോഹങ്ങളുണ്ടാകുന്നത് കുടുംബത്തെ നിരാകരിക്കലല്ല
  • തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവള്‍ ജീവിതത്തെക്കുറിച്ചു ധാരണയില്ലാത്തവളല്ല. അവസരം കൊടുത്തുനോക്കുകയാണ് വേണ്ടത്.
  • കാര്യങ്ങളെക്കുറിച്ചു തുറന്നു പറയുന്നു എന്നത് വിമതയായതുകൊണ്ടല്ല
  • ജോലി കഴിഞ്ഞു വീട്ടിലെത്താന്‍ വൈകുന്നത് സഹപ്രവര്‍ത്തകരോടൊപ്പം ഉറങ്ങുന്നതുകൊണ്ടല്ല
  • ജോലിചെയ്തു ക്ഷീണിച്ചുവരുന്നവര്‍ക്കു വിശ്രമിക്കാന്‍ അവസരം കൊടുക്കുകയാണ് വേണ്ടത്.
  • ഒറ്റയ്ക്കു ഷോപ്പിംഗിന് പോവുന്നത് ഡിപ്രസ്ഡ് ആയതുകൊണ്ടോ ഒറ്റപ്പെട്ടതുകൊണ്ടോ അല്ല. അതില്‍ അവള്‍ ആനന്ദം കണ്ടെത്തുന്നുണ്ടെങ്കില്‍ അതിനെ ആദരിക്കുക
  • ഒരു അവധിദിവസം ഒറ്റയ്ക്കു ചെലഴിക്കുന്നു എന്നത് അവള്‍ക്ക് സുഹൃത്തുക്കള്‍ ഇല്ലാഞ്ഞിട്ടല്ല. ചിലപ്പോള്‍ സ്വന്തമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടാകും. അതിലുള്ള അവളുടെ താല്‍പര്യം മനസിലാക്കി ഉപദേശിക്കാന്‍ ചെല്ലാതിരിക്കുക
  • ഒരു സ്ത്രീയായതു കൊണ്ട് പട്ടാളച്ചിട്ടയില്‍ വളരണം എന്നാരും കരുതേണ്ടതില്ല
  • ഒരു ടാറ്റൂ ധരിച്ചതുകൊണ്ട് അവള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കണമെന്നല്ല ആഗ്രഹിക്കുന്നത്. അത് അവളുടെ താല്‍പര്യമാണ്.
  • പാചകം ചെയ്യാന്‍ അറിയില്ലെങ്കില്‍ അത് അവള്‍ക്കു നല്ലൊരു പങ്കാളിയാകാന്‍ കഴിയില്ലെന്നതിന്റെ സൂചനയല്ല. പലരും ആദ്യം പാചകം ചെയ്യുമ്പോള്‍ അതൊരു ദുരന്തമായിരിക്കും.
  • പിങ്ക് നിറമുള്ളതും മൃദുവായതും തിളക്കമുള്ളതുമായ കാര്യങ്ങള്‍ ഇഷ്ടമുള്ളതുകൊണ്ട് ഒരുവള്‍ അവളുടെ ലോകത്തു ജീവിക്കുന്നു എന്നല്ല അര്‍ഥം. പുരുഷന്‍മാരേക്കാള്‍ പല സാഹചര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുക സ്ത്രീക്കാണ്.
  • സുന്ദരിയായതുകൊണ്ട് പല പുരുഷന്‍മാരെ ആകര്‍ഷിക്കാം എന്ന് ഒരു സ്ത്രീയും ആഗ്രഹിക്കില്ല. സൗഹാര്‍ദപരമായി സംസാരിക്കുന്നു എന്നത് ശൃംഗരിക്കാനുള്ള താല്‍പര്യം കൊണ്ടുമല്ല.

ഞങ്ങള്‍ സ്ത്രീകള്‍ വൈകാരികമായി പെരുമാറും. കരയും. കാര്യങ്ങളും വ്യക്തിപരമായി എടുക്കും. ചില കാര്യങ്ങളോട് അമിതമായി പ്രതികരിക്കും. ഇതൊന്നും ഞങ്ങളെ തെറ്റുകാരായി ചിത്രീകരിക്കാനുള്ള കാരണങ്ങളല്ല. കാലം മാറുകയാണ്. അവളെ അതിരുകളില്‍ തളച്ചിടാതിരിക്കുക. നിങ്ങള്‍ എത്ര യാഥാസ്ഥിതികനാണ് എന്നത് പ്രശ്‌നമല്ല. ചിലര്‍ ഈ പോരാട്ടത്തില്‍ സ്വയം കീഴടങ്ങും. ചിലര്‍ തങ്ങളുടെ തീരുമാനങ്ങലും പദ്ധതികളും ഒത്തുതീര്‍പ്പിന് തയാറാകും. അതൊക്കെയും സമൂഹത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.

(കടപ്പാട്: വിമെന്‍സ്ഇറ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News