‘ആഹാര’ത്തോട് എബിവിപിക്കും ആർഎസ്എസിനും പേടി; സർവ്വകലാശാല സെമിനാറിൽ നിന്ന് ആഹാരമെന്ന വാക്ക് വിധി ഒഴിവാക്കി; പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത് അംബേദ്കറുടെ ചെറുമകൻ

പോണ്ടിച്ചേരി: എബിവിപി, ആർഎസ്എസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നടത്താനിരുന്ന സെമിനാറിൽ നിന്നും ആഹാരം എന്ന വാക്ക് ഒഴിവാക്കാൻ നിർദ്ദേശം. ശനിയാഴ്ച്ച നടത്താനിരുന്ന ‘ആഹാരം: സാമൂഹിക സാംസ്‌കാരിക അസഹിഷ്ണുത’ എന്ന സെമിനാർ വിഷയത്തിൽ നിന്നാണ് ആഹാരം എന്ന് വാക്ക് എടുത്തു മാറ്റിയത്. ഇലക്‌ട്രോണിക് മീഡിയമാസ് കമ്യൂണിക്കേഷൻ വിഭാഗമാണ് സെമിനാറിന്റെ സംഘാടകർ. എഴുത്തുകാരനും ആക്ടിവിസ്റ്റും ഖരക്പൂർ ഐഐടിയിലെ പ്രൊഫസറും ബി ആർ അംബേദ്കറുടെ ചെറുമകൻ കൂടിയ ആനന്ദ് ടെൽടുംടെ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.

പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലഘുലേഖ വിദ്യാർത്ഥികൾ ക്യാമ്പസിൽ വിതരണം ചെയ്യുമ്പോൾ പത്തോളം വരുന്ന എബിവിപി പ്രവർത്തകർ തടയുകയും ചെറിയ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് പരിപാടി നടത്താൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർ ഇൻചാർജ് ഡോ: അനീസ് ഖാന് എബിവിപി പ്രവർത്തകർ കത്ത് നൽകിയിരുന്നു. പരിപാടി നടത്തിയാൽ തടയുമെന്നും എബിവിപി പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ സർവകലാശാലയുടെ സുരക്ഷാ ചുമതലയുള്ള എസ്പി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. എന്നാൽ പരിപാടി നടത്താൻ സുരക്ഷ ഏർപ്പെടുത്തുന്നതിന് പകരം പരിപാടിക്കായി നിശ്ചയിച്ചിരുന്ന ഓഡിറ്റോറിയത്തിനുള്ള അനുമതി റദ്ദക്കുകയായിരുന്നു എസ്പി ചെയ്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

ponichery-university-seminar

തുടർന്ന് സംഘാടകരും സർവകലാശാല വൈസ് ചാൻസലറും ഇന്നലെ നടത്തിയ ചർച്ചയിലാണ് ആഹാരം എന്ന വാക്ക് ഒഴിവാക്കി പരിപാടി നടത്തിയാൽ മതിയെന്ന നിലപാട് വിസി സ്വീകരിച്ചത്. വൈകുന്നേരത്തോടെ ആനന്ദ് ടെൽടുംടെയ്ക്കായി ബുക്ക് ചെയ്ത റൂം ക്യാൻസൽ ചെയ്തതായി സർവകലാശാല അറിയിക്കുകയും ചെയ്തു. സർവകലാശാല, പ്രത്യക്ഷത്തിൽ പരിപാടി റദ്ദാക്കാതിരിക്കുകയും പരോക്ഷമായി ഇത്തരം നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ദാദ്രി കൊലപാതകത്തെ തുടർന്ന് സർവകലാശാലയിൽ ബീഫ് ഫെസ്റ്റിവൽ നടത്തുകയും അതിനെത്തുടർന്ന് എബിവിപി ബീഫ് ഫെസ്റ്റിവലിന് എതിർത്തുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എബിവിപിയുടെ പരിപാടിയിൽ ബീഫ് കഴിക്കുന്ന സ്ത്രീകൾ വേശ്യകളും പുരുഷന്മാർ അവരുടെ മക്കളുമാണെന്ന പരാമർശവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here