25 വയസുകഴിഞ്ഞാല്‍ സ്‌ട്രോക്കിന് സാധ്യത; ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂര്‍ സമയം കിട്ടും; വില്ലന്‍ കൊളസ്‌ട്രോളും പുകവലിയും മദ്യവും

ലോകത്ത് മരണത്തിലേക്കു നയിക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലേക്കെത്തുകയാണ് മസ്തിഷ്‌കാഘാതം. നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്.

ലക്ഷണങ്ങള്‍കൊണ്ട് ഹൃദയാഘാതം പെട്ടെന്നു മനസിലാക്കാനാവും. ചികിത്സവഴി രക്ഷിക്കാനും കഴിയും. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന്റെ സൂചനകള്‍ പലതായതും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതുമാണ് മരണം വര്‍ധിക്കാന്‍ കാരണം. നെഞ്ചുവേദന വന്നാല്‍ ഹൃദയാഘാത സാധ്യത കാണം. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന് ഇത്തരത്തില്‍ പ്രകടമായ ഒരു ലക്ഷണമില്ല. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടസപ്പെടുമ്പോഴാണ് മസ്തിഷ്‌കാഘാതം വന്നതായി അറിയുകയുള്ളൂ.

ചില ലക്ഷണങ്ങള്‍

  • കൈകാലുകളില്‍ തരിപ്പ്
  • ചെറിയ ജോലികള്‍പോലും ചെയ്യാന്‍ പ്രയാസം
  • മുഖം ഒരു വശത്തേക്കു കോടിപ്പോവുക
  • സംസാരം കുഴയുകയും സംസാരിക്കാനാവാത്ത അവസ്ഥയും

25 വയസിനു മുകളിലുള്ള ആര്‍ക്കും മസ്തിഷ്‌കാഘാതം വരാം. കൊളസ്‌ട്രോള്‍, പൊണ്ണത്തടി, പ്രമേഹം, അമിതമായ മദ്യപാനം, പുകവലി എന്നിവയുള്ളവരിലാണ് സാധാരണ മസ്തിഷ്‌കാഘാതം ഉണ്ടാകാറുള്ളത്. ഒരുപാട് സമയം ജോലിയില്‍ മുഴുകുന്നതും ഒരു കാരണമാണ്.

സൂചനകള്‍ കൃത്യമായി തിരിച്ചറിഞ്ഞാല്‍ മസിത്ഷ്‌കാഘാതത്തിന്റെ പ്രശ്‌നങ്ങളില്‍നിന്നു രോഗിയെ രക്ഷിക്കാന്‍ കഴിയും. ആദ്യത്തെ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ ഗോള്‍ഡന്‍ അവേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് കൃത്യമായ ചികിത്സ നല്‍കാനായാല്‍ മസ്തിഷ്‌കാഘാതം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാം.

ശരീരം തളര്‍ന്നുപോവുക, സംസാരത്തിന് ബുദ്ധിമുട്ട് തുടങ്ങിയവയാണ് പലപ്പോഴും മസ്തിഷ്‌കാഘാതത്തിന്റെ ബാക്കി പത്രമായി ശരീരത്തില്‍ അവശേഷിക്കുക. ആദ്യതവണ പലപ്പോഴും സ്‌ട്രോക്കുണ്ടാകുന്നത് ലഘുവായ തരത്തിലായിരിക്കും. ഇത്തരത്തില്‍ ഒന്നുണ്ടായാല്‍ ആദ്യം പുകവലിയും മദ്യപാനവും നിര്‍ത്തുകയാണ് ചെയ്യേണ്ടത്. കൊളസ്‌ട്രോള്‍ പതിവായി പരിശോധിക്കുകയും ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News