പെണ്ണായി പിറന്നില്ലെങ്കിലും മനസില്‍ നിറഞ്ഞിരമ്പിയ പെണ്‍മ; വീട്ടിലെ ക്രൂരതയിലും ലൈംഗികാതിക്രമങ്ങളിലും പതറിയില്ല; നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി അക്ക പദ്മശാലി

ഗദീഷെന്നായിരുന്നു പേര്. ആണ്‍കുട്ടിയുടെ ശരീരവുമായി നടക്കുമ്പോഴും മനസിലാകെ ഇരമ്പിയ പെണ്‍മയില്‍ അക്ക പദ്മശാലി പിറന്നു. പന്ത്രണ്ടാം വയസില്‍ മരണത്തെ വരിക്കാന്‍ തീരുമാനിച്ചിടത്തുനിന്നു നിശ്ചയദാര്‍ഢ്യത്തിന്റെ കൈപിടിച്ചു തുടങ്ങിയ യാത്ര… അക്ക പദ്മശാലിയുടെ ജീവിതം ആരെയും കരയിക്കും. അത്രമേല്‍ ദുരിതങ്ങള്‍ ഇഴചേര്‍ന്ന നാളുകള്‍. ആ നിശ്ചയദാര്‍ഢ്യം ഇന്ന് സമൂഹം മാറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനുള്ള കരുത്തുറ്റ നേതൃത്വമായി മാറിയിരിക്കുന്നു.

എട്ടാം വയസിലാണ് തനിക്കുള്ളില്‍ പെണ്‍മയാണുള്ളതെന്നു ജഗദീഷ് തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നു എത്ര പറഞ്ഞുകൊടുത്തിട്ടും ജഗദീഷിന്റെ അച്ഛനും അമ്മയും മനസിലാക്കിയിരുന്നില്ല. കുടുംബത്തിനുള്ളില്‍നിന്നായിരുന്നു പോരാട്ടങ്ങളുടെ തുടക്കം. സഹോദരിയുടെ വസ്ത്രങ്ങള്‍ ധരിച്ചതിന് ജഗദീഷിന് മാതാപിതാക്കളുടെ തല്ലു പതിവായിരുന്നു. മാനസിക പ്രശ്‌നമാണെന്നു പറഞ്ഞു കൊണ്ടുപോകാത്ത ഡോക്ടര്‍മാരില്ല. താന്‍ പെണ്‍കുട്ടിയാണെന്നെത്ര പറഞ്ഞിട്ടും ജഗദീഷിന്റെ അച്ഛനും അമ്മയും കേട്ടില്ല. ഒടുവില്‍ പന്ത്രണ്ടാം വയസില്‍ ജീവനൊടുക്കാന്‍ വരെ തീരുമാനിച്ചു. അതോടെ, ആണ്‍ ശരീരത്തിനുള്ളില്‍ തനിക്കു മനസോടെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജഗദീഷ് മാറുകയായിരുന്നു അക്ക പദ്മശാലിയായി.

ആണായി പിറന്നു പെണ്ണായി ജീവിക്കുക എത്ര എളുപ്പമല്ലെന്നു പദ്മശാലിക്ക് തുടക്കത്തിലേ മനസിലായി. എങ്കിലും നീറുന്ന മനസുമായി പതിനാറു വയസുവരെ ജീവിച്ചു. പതിനാറാം വയസില്‍ താന്‍ പെണ്ണായി കഴിഞ്ഞോളാമെന്നു സഹോദരനോടു തുറന്നു പറഞ്ഞു. സഹോദരന്‍ അതേ മനസോടെ തന്നെ അഭിപ്രായം സ്വീകരിച്ചു. പക്ഷേ, അച്ഛനും അമ്മയും അന്നും തിരിച്ചറിഞ്ഞില്ല. ലിംഗമുണ്ടായതുകൊണ്ട് ആണായി ജീവിക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

കോളജില്‍ പഠിക്കുന്ന കാലത്താണ് തന്റെ പെണ്‍ജീവിതത്തിലേക്കു കാലെടുത്തുവച്ചത്. കോളജിലേക്കു പോകുന്നവഴിക്കു കബ്ബണ്‍ പാര്‍ക്കിലുണ്ടാകുമായിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുമായി പദ്മശാലി ചങ്ങാത്തം കൂടി. അവര്‍ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു പദ്മശാലിയുടെ നിലപാട്.

നാലു വര്‍ഷം അങ്ങനെ ലൈംഗികത്തൊഴിലിന്റെ ലോകത്തേക്കാണ് പദ്മശാലി എത്തിപ്പെട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ കാലഘട്ടമെന്നാണ് അവര്‍ അതിനെ ഓര്‍ത്തെടുക്കുന്നത്. ഇക്കാലത്താണ് കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമായി ചങ്ങാത്തത്തിലാകുന്നത്. സന്തോഷവും സങ്കടവും ഇടകലര്‍ന്ന ജീവിതത്തെ അനുഭവിച്ചറിഞ്ഞു.

ഒരു സമൂഹവിരുദ്ധയാകാനോ സമൂഹത്തിനു വേണ്ടാത്തയാളാകാനോ താനില്ലെന്ന് ഇക്കാലത്തു പദ്മശാലി തീരുമാനിച്ചുറപ്പിച്ചു. സമൂഹത്തിന്റെ ഭാഗമാകാനും സ്വീകാര്യത ലഭിക്കാനുമായിരുന്നു ശ്രമങ്ങള്‍. മറ്റു ട്രാന്‍സ്‌ജെന്‍ഡറുകളുമായുള്ള ചങ്ങാത്തം സര്‍ക്കാര്‍ നയങ്ങളിലും സമൂഹത്തിലും ഉള്ള ലിംഗവിവേചനവും പാര്‍ശ്വവല്‍കരണവും തിരിച്ചറിയാന്‍ സഹായകമായി. ഇക്കാലത്തു നിരവധി സംഘടനകളുടെ ഭാഗമായും പദ്മശാലി പ്രവര്‍ത്തിച്ചു. നിരവധി സ്ത്രീസംഘടനകളുടെ പിന്തുണയും ലഭിച്ചതോടെ പദ്മശാലിക്കു ശ്രമങ്ങളില്‍ ഊര്‍ജം വര്‍ധിച്ചു.

സ്ത്രീയെന്നു രേഖപ്പെടുത്തി ഇന്ത്യയില്‍ ആദ്യം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറും അക്ക പദ്മശാലിയാണ്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണവും ലഭിച്ചു. ഈ അവസരം നിരവധി രാജ്യാന്തര പ്രതിഭകളുമായുള്ള സംവാദത്തിന് വഴിവച്ചു. ഇതൊക്കെയായതോടെ, കുടുംബവും പദ്മശാലിയെ അംഗീകരിക്കാന്‍ തയാറാവുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കു വീട്ടുകാര്‍ സമ്മതിക്കുകയും സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ത്രീയില്‍നിന്നു പുരുഷനിലേക്കു മാറ്റം സാധിച്ച ഒരു ട്രാന്‍സ്‌മെനുമായി ഒന്നിച്ചാണ് പദ്മശാലി ജീവിക്കുന്നത്. മാതാവ് ഉപയോഗിച്ചിരുന്ന സാരി തനിക്കു തന്നതാണ് ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കിയ നിമിഷമെന്നാണ് അവരുടെ പക്ഷം.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയി ജീവിക്കുക അത്ര എളുപ്പമല്ലെന്നാണ് പദ്മശാലിയുടെ അഭിപ്രായം. ആളുകള്‍ നോക്കി കളിയാക്കും. ചിലപ്പോള്‍ അക്രമിക്കും. സ്ത്രീ ജനനേന്ദ്രിയവും ഗര്‍ഭപാത്രവും സ്തനങ്ങളും ആര്‍ത്തവവുമില്ലാത്ത സ്ത്രീയായി ജീവിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും അക്ക പദ്മശാലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here