റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു; ഇനി ഭക്ഷണം കിട്ടണമെങ്കില്‍ ഇ കാറ്ററിംഗില്‍ ബുക്ക് ചെയ്യണം; വഴിയൊരുങ്ങുന്നത് വന്‍ അഴിമതിക്ക്

കൊല്‍ക്കത്ത: സ്വകാര്യമേഖളയ്ക്കു കുടപിടിക്കാന്‍ ട്രെയിനുകളില്‍നിന്ന് റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ഇ കാറ്ററിംഗ് സംവിധാനം കൊണ്ടുവന്നതും ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിന്റെയും പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ തീരുമാനം. കിഴക്കന്‍ റെയില്‍വേയുടെ കീഴിലെ ട്രെയിനുകളില്‍നിന്നാണ് പാന്‍ട്രി കാറുകള്‍ ആദ്യം നീക്കുക.

ഹൗറ-ഡെറാഡൂണ്‍ ഉപാസന എക്‌സ്പ്രസ്, ഹൗറ-ഹരിദ്വാര്‍ കുംഭവ എക്‌സ്പ്രസ് എന്നിവയില്‍നിന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാന്‍ട്രി കാര്‍ ഒഴിവാക്കുന്നത്. ഈ ട്രെയിനില്‍ യാത്ര ചെയ്യേണ്ടവര്‍ ഭക്ഷണം ലഭിക്കേണ്ട സ്റ്റേഷന്‍ കണക്കുകൂട്ടി ഐആര്‍സിടിസി ഇകാറ്ററിംഗ് മുഖേന ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. ഈ ട്രെയിനിന്റെ റൂട്ടില്‍ അസന്‍സോളിലും പട്‌നയിലും മാത്രമാണ് ഇ കാറ്ററിംഗ് സംവിധാനമുള്ളത്. യാത്രക്കാര്‍ ഈ സ്റ്റേഷനുകള്‍ കണക്കുകൂട്ടി ലഘുഭക്ഷണവും അത്താഴവും ബുക്ക് ചെയ്യേണ്ടിവരും.

ഇ കാറ്ററിംഗ് എല്ലാ പ്രധാന സ്റ്റേഷനുകളിലെങ്കിലും നടപ്പാക്കാതെ പാന്‍ട്രി കാറുകള്‍ ഒഴിവാക്കരുതെന്ന യാത്രക്കാരുടെ അഭിപ്രായം പരിഗണിക്കാതെയാണ് റെയില്‍വേയുടെ തീരുമാനം. ഒഴിവാക്കുന്ന പാന്‍ട്രി കാറുകളുടെ സ്ഥാനത്തു പാസഞ്ചര്‍ കോച്ചുകള്‍ ഘടിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളില്‍നിന്നും പാന്‍ട്രി കാറുകള്‍ ഒഴിവാക്കാനാണ് പദ്ധതി.

ഇ കാറ്ററിംഗിന്റെ ഭാഗമായി കൂടുതല്‍ സ്വകാര്യ ഭക്ഷണ വിതരണക്കാരെ വിവിധ സ്റ്റേഷനുകളില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനാണ് ഐആര്‍സിടിസിയുടെ തീരുമാനം. ഇതിന്റെ മറവില്‍ വന്‍ അഴിമതി നടക്കുമെന്നാണ് സൂചന. നിലവില്‍ പല സ്റ്റേഷനുകളിലും സ്വകാര്യ ഭക്ഷണശാലകള്‍ ഉണ്ടെങ്കില്‍ റെയില്‍വേയുടെ സംവിധാനങ്ങളും ഉള്ളതിനാല്‍ പലരും സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കാറില്ല. പാന്‍ട്രി കാര്‍ ഇല്ലാതാകുന്നതോടെ സ്വകാര്യ ഭക്ഷണശാലകളും വിതരണക്കാരും മാത്രമായിരിക്കും യാത്രക്കാരുടെ ആശ്രയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News