തടവറകളാകുന്ന ഹോസ്റ്റലുകള്‍ ഞങ്ങള്‍ക്കു വേണ്ട; കൂടുപൊളിക്കാനൊരുങ്ങി പുതിയ പെണ്‍മുന്നേറ്റം

‘അസമയ’ത്ത് വീട്ടില്‍നിന്നു പുറത്തിറങ്ങിയാല്‍ ഭൂതം, കുട്ടിച്ചാത്തന്‍, ഇത്യാദി ദുഷ്ടശക്തികള്‍ പിടിച്ചപിടിയാലെ കൊണ്ടുപോകുമെന്നു കുട്ടിക്കാലത്ത് അമ്മമ്മ (അമ്മയുടെ അമ്മ) പറഞ്ഞ് ഭയപ്പെടുത്തുമായിരുന്നു. ടോയ്‌ലറ്റുകളൊന്നും അറ്റാച്ച്ഡ് ആയിട്ടില്ലാത്ത അക്കാലത്ത് എത്രയോ ‘അസമയ’ങ്ങളില്‍ മൂത്രമൊഴിക്കാന്‍ പോലും പിന്‍മുറ്റത്തേക്കിറങ്ങാതെ പേടിച്ച്, അടക്കിപ്പിടിച്ച് അകത്തിരുന്നിട്ടുമുണ്ട്. എന്റെ വീടിനു ചുറ്റും മാത്രം കറങ്ങി നടക്കുന്നുവെന്ന് അന്നു ഞാന്‍ കരുതിയിരുന്ന പ്രസ്തുത ഭൂതപിശാചു വഹകള്‍ ഇന്ന്, ഇങ്ങ് കോഴിക്കോട് മുതല്‍ അങ്ങ് ദില്ലി വരെ സൈര്യവിഹാരത്തിലാണെന്ന അറിവ് എന്താണേലും എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ആശ്വാസകരം തന്നെയാണ്. പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. പെണ്ണായി പിറന്നവര്‍ മേല്‍പ്പറഞ്ഞ അസമയങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നത് അത്ര നന്നാവില്ല. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് മനു എന്ന പഴയ നിയമകാരന്‍ എഴുതിവച്ചത് കൊണ്ടൊന്നുമല്ല. സ്ത്രീ സുരക്ഷ. അതാണ് ആത്യന്തിക ലക്ഷ്യം.

sajitha-lead-1

കാലത്തിനു മാറ്റം വരുന്നു. ലോകമാകെ മാറുന്നു എന്നൊക്കെ പറയുന്നവര്‍ മാത്രം സ്ത്രീയുടെ ഈ ചങ്ങലപ്പൂട്ടുകള്‍ കാണുന്നില്ല. ഇന്ത്യയില്‍ വൈജ്ഞാനിക രംഗത്തും സാങ്കേതികരംഗത്തും ഭരണരംഗത്തും പെണ്‍ സാന്നിധ്യമുണ്ടേറെ. സ്ത്രീകള്‍ക്കു തുറന്നിട്ടവാതിലുകളെന്നു വാതോരാതെ പറയുന്നവരുണ്ട്. പക്ഷേ, അറിയുക… വെറുവാക്കുകളാണ് ഇന്ത്യയിലെ സ്ത്രീകളുടെ പൊതു ജീവിതം. ലോകത്തിന്റെ വിശാല കാന്‍വാസുകളിലേക്കു കാലെടുത്തുവയ്്ക്കാനൊരുങ്ങുന്നവരെ വാര്‍ത്തെടുക്കുന്ന ഉന്നത കലാശാലകളില്‍ അടക്കം പെണ്‍കുട്ടികള്‍ക്ക് പുറം ലോകം കാണാന്‍ ഹോസ്റ്റല്‍ ഭരണഘടന അനുവദിക്കുന്ന പരമാവധി സമയം രാത്രി 8 മണിയാണ്. ഈ സമയപരിധി കഴിഞ്ഞ് ഹോസ്റ്റലിനകത്തോ പുറത്തോ കടക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ല. അനുമതി ലഭിക്കണമെങ്കില്‍ കാര്യകാരണ സഹിതമുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം.

പ്രായപൂര്‍ത്തിയായ, വോട്ടവകാശമുള്ള, സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തരായ, അഭ്യസ്തവിദ്യരായ യുവതികള്‍ക്കാണ് ഇത്തരത്തില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്. എന്തു വിലകൊടുത്തും പെണ്ണിനെ ‘സംരക്ഷിച്ച്’ അകത്തിരുത്തുകയെന്ന ആദിമചേതോവികാരം തന്നെയാണ് ഇവിടെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. നാളുകള്‍ക്ക് മുന്‍പേ തന്നെയും ദില്ലി സംഭവത്തിനു ശേഷം പ്രത്യേകിച്ചും രാവിരുട്ടിയാല്‍ സ്ത്രീകള്‍ പുറത്തിങ്ങുന്നതു സുരക്ഷിതമല്ലെന്ന പൊതുവികാരം ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം സിമ്പിളാണ്, പവര്‍ഫുള്ളും. സ്ത്രീ സുരക്ഷിതയല്ലാത്ത രാത്രികളാണ് നമ്മുടെതെങ്കില്‍ ആ ഇരുട്ടിനെ സ്ത്രീസൗഹാര്‍ദ്ദപരം കൂടിയാക്കുകയല്ലേ ചെയ്യേണ്ടത്? രാത്രികളില്‍ ‘നിയമവിരുദ്ധമായി’ പുറത്തിറങ്ങി തന്റെ സ്വാതന്ത്യം പ്രഖ്യാപിക്കുന്ന സ്ത്രീയെയല്ല, മറിച്ചു മനുസ്മൃതി കാലത്ത് അഭിരമിക്കുന്ന പുരുഷാധിപത്യമനസ്സുകളെയല്ലേ കത്രികപ്പൂട്ടിട്ടു പൂട്ടേണ്ടത്?

നല്ല വാര്‍ത്തകള്‍ വരുന്നുണ്ട്… പ്രത്യാശാജനകമായ പോരാട്ടങ്ങളും മുന്നേറ്റങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ദില്ലിയില്‍നിന്നാണ് ആദ്യം കേട്ടുതുടങ്ങിയത്. ദില്ലി സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ തടവറ തകര്‍ക്കാനുള്ള മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ഇന്ദ്രപ്രസ്ഥത്തില്‍നിന്നു രാജ്യത്തിന്റെ നാനാദിക്കുകളിലേക്കും വ്യാപിക്കുകയാണ് ഈ പുതിയ പോരാട്ടത്തിന്റെ ആഹ്വാനം.

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 2011 13 കാലയളവില്‍ മാധ്യമപഠനം ന
ത്തിയകാലത്തെ സ്വാനുഭവം പറഞ്ഞുകൊണ്ട് വേണം ഹോസ്റ്റലെങ്ങനെ തടവറയാകുന്നു എന്നു വ്യക്തമാക്കാന്‍. ഞാനും ഹോസ്റ്റല്‍ ജീവിയായിരുന്നു. വൈകിട്ട് എട്ടിനു ശേഷം ഹോസ്റ്റലിനു പുറത്തിറങ്ങണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിക്കേണ്ടതുണ്ട്. അകത്തു കയറണമെങ്കില്‍ ഗേറ്റിങ്കല്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ പേരും നാളും എഴുതി ഒപ്പിടണം. അതു മാത്രമല്ല വൈകിയെത്തുന്ന നിശാചാരിണികളെ ക്രോസ്‌വിസ്താരം നടത്താന്‍ വാര്‍ഡനും കാത്തുനില്‍പ്പുണ്ടാവും. സംശയം നിറഞ്ഞ കണ്ണുകളോടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കണം. 8 മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ കവാടങ്ങളില്‍ സദാചാരക്കമ്മറ്റി കൂടലാണ്.

sajitha-lead-2

അക്കാലത്ത് തന്നെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയം വൈകിട്ട് ആറരയായി പരിമിതപ്പെടുത്താനും നീക്കം നടന്നിരുന്നു. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇതേ ക്യാമ്പസിലെതന്നെ മെന്‍സ് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്ക് നൂലാമാലകളൊന്നുമില്ല. നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും ഹോസ്റ്റലില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യാം. ഏതു പാതിരാത്രിയിലും കാമ്പസിനകത്ത് കറങ്ങിനടക്കുകയോ പുറത്തിരങ്ങുകയോ ചെയ്യാം. ആരും അവരെ സദാചാരം പഠിപ്പിക്കാന്‍ വരില്ല.

ഫാറുഖ് കോളേജില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടപടിയെടുത്തതിനെ ന്യായീകരിച്ച് ഒരു ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. ചുരുക്കം ഇതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തിലാണത്രെ പല രക്ഷിതാക്കളും അവരെ കോളേജില്‍ വിടുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നടക്കണമെങ്കില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വേണ്ടി വരുമത്രെ. ഹോസ്റ്റല്‍ തടവറകളുടെ കാര്യത്തിലും ഇതേ ന്യായം കാണാം. പെണ്ണിനു മാത്രം സ്വകാര്യതയും സ്വാതന്ത്ര്യവും നിഷേധിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസവും പൂര്‍ണമല്ല. ആ ബോധം രക്ഷിതാക്കള്‍ക്ക് കൂടി ഉണ്ടാവേണ്ടതുണ്ട്. അതാണ് കാലം ആവശ്യപ്പെടുന്നത്.

കൂടു തകര്‍ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ദില്ലിയില്‍നിന്നു പെണ്‍മുന്നേറ്റത്തിന്റെ കാഹളം ഉയരുന്നത്. നിയമങ്ങള്‍ ലിംഗവിവേചനപരവും അടിച്ചമര്‍ത്തുന്നതുമാണെന്ന സന്ദേശം നല്‍കി രാത്രികാല മാര്‍ച്ചുകളും നിവേദനങ്ങള്‍ സമര്‍പ്പിക്കലും പോസ്റ്റര്‍ പതിപ്പിക്കലുമൊക്കെയായാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. ഇത് വൈകാതെ രാജ്യത്തെ വിവിധ കാമ്പസുകൡും അലയടിക്കുമെന്നുതന്നെയാണ് കരുതേണ്ടത്. ഒരു തുടക്കമാണ് വേണ്ടത്. രാജ്യത്തെ ഏതു കാമ്പസിലും ഹോസ്റ്റലിലും ജീവിക്കുന്ന പെണ്‍കുട്ടിയോട് ചോദിച്ചാലറിയാം അവള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന്റെ തോത്. ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കാന്‍ ഒരു പിന്തുണയുണ്ടായാല്‍ അതു രാജ്യത്തു തന്നെ വലിയൊരു മുന്നേറ്റമാകുമെന്നതിലും സംശയമില്ല.

സാമൂഹിക പ്രവര്‍ത്തക കവിതാ കൃഷ്ണന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ഒരു പുതുതലമുറ സ്ത്രീവിപ്ലവത്തിനാണ് ഇന്ത്യയില്‍ വിളംബരമുയരുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെയും ദില്ലി സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ കൂടിയാലോചിച്ച് നടത്തിയ മുന്നേറ്റമാണ് ഇപ്പോള്‍ പ്രത്യക്ഷരംഗത്തെത്തിയിരിക്കുന്നത്. നിരത്തുകളിലും നഗരകേന്ദ്രങ്ങളിലും സ്്ത്രീകളുടെ സാന്നിധ്യം കുറയ്ക്കുന്നത് ആണധികാരത്തിന്റെ ശ്രമമാണെന്നും സ്ത്രീകളുടെ സാന്നിധ്യം കുറയുന്നതാണ് വല്ലപ്പോഴും പുറംരാത്രികള്‍ കാണുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നും സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിച്ചാല്‍, സാന്നിധ്യമേറ്റിയാല്‍ ഒരു അക്രമവും ഉണ്ടാകില്ലെന്നും പോരാട്ടത്തിനിറങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമത്തിലെങ്കിലും തുല്യ വ്യക്തിസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമുള്ള രാജ്യത്തു രാത്രികളില്‍ സ്ത്രീ സുരക്ഷിതയല്ലെങ്കില്‍ അതെങ്ങനെയാണ് അവളുടെ കുറ്റമാവുന്നത്? സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് അടച്ചുറപ്പുള്ള വീട്ടകങ്ങളിലും തൊഴിലിടങ്ങളിലുമാണെന്നതു മറക്കരുത്. അങ്ങനെ വരുമ്പോള്‍ രാത്രികളെ നിഷേധിച്ചുകൊണ്ട് നിങ്ങളെങ്ങനെയാണ് അവള്‍ക്ക് സുരക്ഷാ ഉറപ്പാക്കുന്നത്? തട്ടിയെടുക്കപ്പെട്ട രാത്രികളെ പെണ്‍കുട്ടികള്‍ തിരിച്ചു പിടിക്കുക തന്നെ വേണം. പുതിയ മുന്നേറ്റം അര്‍ഥവത്താണ്. രാജ്യത്തെ ഓരോ പെണ്‍കുട്ടിയും സാന്നിധ്യമറിയിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അടച്ചുപൂട്ടിയിട്ടു വളര്‍ത്തിയും പഠിപ്പിച്ചുമല്ല, രാജ്യത്തിന്റെ മുന്‍നിരയിലേക്കു സ്ത്രീകള്‍ കടന്നവരേണ്ടതെന്നു രാജ്യത്തെ പഠിപ്പിക്കാനുള്ള ബാധ്യത ഈ പുതുതലമുറ സ്ത്രീ വിപ്ലവം ഏറ്റെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here