പ്രബുദ്ധകേരളമേ ലജ്ജിക്കുക; കണ്ണൂരില്‍ ആദിവാസിക്കുട്ടികള്‍ക്കു വിശപ്പകറ്റാന്‍ കുപ്പത്തൊട്ടിയിലെ പഴകിയ ഭക്ഷണം; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

കണ്ണൂര്‍: വിശപ്പകറ്റാന്‍ ആദിവാസിക്കുട്ടികള്‍ക്ക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുന്ന ഭക്ഷണം. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍തന്നെയാണ് സംഭവം. കണ്ണൂര്‍ പേരാവൂര്‍ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍നിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു.

കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ബേക്കറികളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് ഇവിടെ നിക്ഷേപിക്കുന്നത്. തൊട്ടടുത്ത തിരുവോണപ്പുറം അമ്പലപ്പൊഴി കോളനിയില്‍ താമസിക്കുന്ന കുട്ടികളാണ് ഇവിടെ ഭക്ഷണം തേടി നിത്യവും എത്തുന്നത്. കണ്ണൂരിലെ വിവിധയിടങ്ങളില്‍നിന്നു ഗുഡ്‌സ് വാഹനങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ ഇവിടെ എത്തിക്കുന്നത്.പച്ചക്കറിക്കടകളില്‍ നിന്ന് ഉപേക്ഷിക്കുന്ന ചീഞ്ഞ പഴങ്ങളും പച്ചക്കറികളും കൂട്ടത്തിലുണ്ടാവും.

മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സ്ത്രീ ജീവനക്കാര്‍ മാലിന്യം വേര്‍തിരിച്ചിടുന്നതിനിടയില്‍നിന്നാണ് ഇവര്‍ ആഹാരം ശേഖരിക്കുന്നത്. പഴയ ചാക്കുകളിലും കവറുകളിലുമായി ഇവ ശേഖരിച്ച് അവിടെ വെച്ചോ മതിലില്‍ കയറി ഇരുന്നോ കഴിക്കുകയും ചെയ്യും. പല കുട്ടികളും സ്‌കൂളുകളില്‍ പോകാത്തവരാണ്.

പുരുഷജോലിക്കാര്‍ കേന്ദ്രത്തില്‍നിന്നു പുറത്തുപോകുന്ന സമയത്താണ് കുട്ടികള്‍ ഇവിടെയെത്തുന്നത്. കുട്ടികളുടെ ദയനീയ സ്ഥിതി അറിയാവുന്ന സ്ത്രീ ജീവനക്കാര്‍ കുട്ടികളെ കേന്ദ്രത്തില്‍ കയറാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. സണ്ണി ജോസഫ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സംഭവം.

കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കണ്ണൂര്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനാണ് നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here