പരിസ്ഥിതിയോടും ഫാസിസം; ഗ്രീന്‍പീസ് പ്രവര്‍ത്തനം 30 ദിവസത്തിനകം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; വിലക്ക് വീണത് രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയ്ക്ക്

ദില്ലി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടും കേന്ദ്രസര്‍ക്കാരിന്റെ ഫാസിസം. രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തന ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മുപ്പത് ദിവസത്തിനകം രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക കുറ്റകൃത്യം, പ്രവര്‍ത്തനത്തെ സംബന്ധിച്ച വ്യാജ വിവരം നല്‍കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാട് എടുത്തിരുന്നു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഗ്രീന്‍പീസിന്റേത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. സാമൂഹ്യ – പരിസ്ഥിതി സംരക്ഷണ കാര്യങ്ങള്‍ പറഞ്ഞ് വികസന വിരുദ്ധ നിലപാട് എടുക്കുന്നു എന്നാണ് ഗ്രീന്‍പീസിനെതിരായ ആരോപണം.

വിദേശഫണ്ട് സ്വീകരിക്കുന്നത് സംബന്ധിച്ച് ഗ്രീന്‍പീസിന്റെ അനുമതി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. വ്യാവസായിക വികസനത്തിന് ഗ്രീന്‍പീസ് തടസം നില്‍ക്കുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞ ന്യായം. വിദേശ ഫണ്ട് ഉപയോഗിച്ചാണ് ഗ്രീന്‍പീസ് സമരങ്ങള്‍ നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആക്ഷേപം ഉയര്‍ത്തി. വനത്തിനുള്ളില്‍ ഖനികള്‍ ആരംഭിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെ ഗ്രീന്‍പീസ് വിമര്‍ശിച്ചിരുന്നു. ജനിതകമാറ്റം വരുത്തിയ വിളകള്‍, ആണവ വിഷയം, വിഷ മാലിന്യ സംസ്‌കരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെയും ഗ്രീന്‍പീസ് തുറന്നുകാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ ആരോപണങ്ങളെ ഗ്രീന്‍പീസ് അന്ന്തന്നെ തള്ളി. ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നില്ല. പൂര്‍ണമായും ആദ്യന്തരമായി സംഘടിപ്പിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനമെന്നും ഗ്രീന്‍പീസ് വ്യക്തമാക്കിയിരുന്നു. ഗ്രീന്‍പീസ് അടച്ചുപൂട്ടണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഗ്രീന്‍പീസ് ഇന്ത്യ കുറ്റപ്പെടുത്തുന്നു. വ്യത്യസ്ത അഭിപ്രായം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റേതെന്ന് ഗ്രീന്‍പീസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനുത ഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News