ട്രെയിന്‍ പുറപ്പെട്ട ശേഷം ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ ഇനി പണം ലഭിക്കില്ല; ടിക്കറ്റ് കാന്‍സലിംഗ് ചട്ടം ഭേദഗതി ചെയ്ത് ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടത്തില്‍ റെയില്‍വെ ഭേദഗതി വരുത്താനൊരുങ്ങുന്നു. ഇനി മുതല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം ഇനിമുതല്‍ ട്രെയിന്‍ പുറപ്പെട്ട ശേഷം കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പണം തിരികെ ലഭിക്കില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ മാത്രമേ ഇനി പണം ലഭിക്കുകയുള്ളു. പുതിയ നിയമം ഈമാസം 12 മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റു യാത്രക്കാര്‍ക്ക് കണ്‍ഫേം ടിക്കറ്റ് ലഭിക്കുന്നത് ഉറപ്പാക്കുന്നതിനാണ് റെയില്‍വേയുടെ ഈ നടപടി.

കാന്‍സലേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുവരെ കാന്‍സല്‍ ചെയ്യുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളുടെ കാന്‍സലേഷന്‍ നിരക്ക് 60 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 30 രൂപയായിരുന്നു. തേര്‍ഡ് എസി ടിക്കറ്റുകളുടെ കാന്‍സലേഷന്‍ ഫീസ് രണ്ടിരട്ടിയായാണ് വര്‍ധിച്ചത്. തേര്‍ഡ് എസി ടിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിന് 180 രൂപ നല്‍കണം. നേരത്തെ ഇത് 90 രൂപയായിരുന്നു. വെയ്റ്റ് ലിസ്റ്റിലുള്ള ടിക്കറ്റുകളും ആര്‍എസി ടിക്കറ്റുകളും കാന്‍സല്‍ ചെയ്യുമ്പോള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പുവരെ കാന്‍സല്‍ ചെയ്താല്‍ മാത്രമേ പണം തിരികെ ലഭിക്കൂ. അതിനുശേഷം പണം തിരികെ ലഭിക്കില്ല.

സ്ലീപ്പര്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതിനുള്ള നിരക്ക് 60 രൂപയില്‍ നിന്ന് 120 രൂപയാക്കി ഉയര്‍ത്തി. സെക്കന്‍ഡ് എസിയുടെ കാന്‍സലേഷന്‍ ഫീ 100 രൂപയില്‍ നിന്ന് 200 രൂപയായും വര്‍ധിപ്പിച്ചു. ടിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത തടയുന്നതിന് വേണ്ടിയാണ് യാത്രാ ചട്ടം ഭേദഗതി ചെയ്യാന്‍ റെയില്‍വെ തീരുമാനിച്ചത്. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പോ 12 മണിക്കൂര്‍ മുമ്പോ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതിന് ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഫീയായി നല്‍കണം. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് 6 മണിക്കൂര്‍ മുമ്പും പുറപ്പെട്ട് 2 മണിക്കൂറിന് ശേഷവും ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനമായിരുന്നു ഫീ.

അതേസമയം, 4 മുതല്‍ 12 മണിക്കൂര്‍ മുമ്പു വരെ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് 50 ശതമാനമായിരിക്കും ഫീ ഈടാക്കുക. കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന് റെയില്‍വേ അറിയിച്ചു. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ പണം തിരികെ നല്‍കുന്നതിന് ചില അണ്‍റിസര്‍വ്ഡ് ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കാനും റെയില്‍വെ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News