കൊല്ലത്ത് ഇടത് തേരോട്ടം വീണ്ടും; ആര്‍എസ്പിക്ക് വന്‍ തിരിച്ചടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് കൊല്ലത്താണ്. കൊല്ലത്തെ കര്‍ഷക – കശുവണ്ടിത്തൊഴിലാളികളുടെ പരമ്പരാഗത ഇടത് മനസ് ഇത്തവണയും അചഞ്ചലമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകകയറാന്‍ എല്‍ഡിഎഫിനായി. നഗര ഗ്രാമ പ്രദേശങ്ങളില്‍ ഒരുപോലെ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായി. കൊല്ലം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനായത് ഇടതുപക്ഷത്തിന് നേട്ടമാണ്. കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തുന്നതായി കൊല്ലത്തെ ഫലം. ആര്‍എസ്പിയുടെ മുന്നണിമാറ്റം തിരിച്ചടിയാകുമെന്ന് കരുതിയവര്‍ക്ക് നിരാശയായി ഫലം. ആര്‍എസ്പിയുടെ കോട്ടകളായ ചവറയും ഇരവിപുരത്തും യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. മന്ത്രി ഷിബു ബേബിജോണിന്റെ വാര്‍ഡില്‍ പോലും യുഡിഎഫിന് ജയിക്കാനായില്ല.

നഗരസഭകളില്‍ നാലും എല്‍ഡിഎഫിന് ഒപ്പമാണ്. പുനലൂര്‍, പരവൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലാണ് നിലനിര്‍ത്തിയത്. പുതിയതായി രൂപീകരിച്ച കൊട്ടാരക്കര നഗരസഭയില്‍ ഭരണം നേടിയത് എല്‍ഡിഎഫ് ആണ്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയ്ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കരുനാഗപ്പള്ളി നഗരസഭയുടെ ഭരണം തിരിച്ചുപിടിച്ചത് എല്‍ഡിഎഫിന് നേട്ടമായി.

ജില്ലാപഞ്ചായത്തില്‍ മികച്ച വിജയമാണ് ഇടതുപക്ഷം നേടിയത്. കിഴക്കന്‍ മലയോര മേഖലയിലുള്‍പ്പടെ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ആകെയുള്ള 26 ഡിവിഷനുകളില്‍ 23ലും മികച്ച ഭൂരിപക്ഷത്തോടെയാണ് ഇടത് തേരോട്ടം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് കനത്ത നഷ്ടം യുഡിഎഫിന് നേരിട്ടു. വനിതയ്ക്കാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനം. സിപിഐഎമ്മും സിപിഐയും പ്രസിഡന്റ് സ്ഥാനം പങ്കിടും. ബിജെപി കൊല്ലത്ത് ചിത്രത്തില്‍ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആകെ 11 ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ പതിനൊന്നും ഇടതിനൊപ്പമാണ്. കഴിഞ്ഞ തവണ 8 ബ്ലോക്കുകളാണ് എല്‍ഡിഎഫ് നേടിയത്. ഇടത് തരംഗം ആഞ്ഞടിച്ച 2005ല്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഇടതുമുന്നണി നേടിയിരുന്നു. ഈ വിജയമാണ് ഇത്തവണയും ആവര്‍ത്തിച്ചത്. ചിറ്റുമല, കൊട്ടാരക്കര, ഇത്തിക്കര ബ്ലോക്കുകളില്‍ ഒരു സീറ്റ് വീതമാണ് യുഡിഎഫ് നേട്ടം. ചടയമംഗലം ഉള്‍പ്പടയുള്ള ഇടങ്ങളില്‍ ഭരണം ആവര്‍ത്തിച്ചു. ആര്‍എസ്പിയുടെ സ്വന്തം ചവറയില്‍ എല്‍ഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചത് ആര്‍എസ്പിയെയും ഞെട്ടിച്ചു. ചവറയില്‍ മാത്രമാണ് പരോക്ഷത്തില്‍ യുഡിഎഫ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇവിടെ 13ല്‍ ആറ് സീറ്റ് നേടിയെങ്കിലും യുഡിഎഫ് പ്രതിപക്ഷത്തിരിക്കും.

ആകെ 68 ഗ്രാമപഞ്ചായത്തുകളാണ് കൊല്ലത്തുള്ളത്. ഇതില്‍ 60ഉം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായത്. ഇതില്‍ മൂന്നിടത്തും കേവലഭൂരിപക്ഷം നേടാന്‍ ആവശ്യമായ സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന്റെ നേട്ടം. കഴിഞ്ഞ തവണ നേടിയ 40 ല്‍നിന്ന് മികച്ച രീതിയില്‍ ഗ്രാഫ് ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനായി. ഇടത് ശക്തി കേന്ദ്രങ്ങളായ കടയ്ക്കല്‍ ഉള്‍പ്പടെ എല്ലായിടത്തും മികച്ച വിജയമാണ് എല്‍ഡിഎഫ് നേടിയത്. ഏഴ് പഞ്ചായത്തുകളില്‍ ഒരു സീറ്റ് മാത്രമാണ് യുഡിഎഫ് നേട്ടം. ഇതും കിട്ടിയില്ലെങ്കില്‍ ഇത്രയും പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ലാതെ എല്‍ഡിഎഫ് ഭരിക്കുമായിരുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ബിജെപി നില മെച്ചപ്പെടുത്തി എങ്കിലും ചുരുക്കം വാര്‍ഡുകളില്‍ ഒതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News