ഗര്‍ഭിണിയാണെന്ന് തെളിഞ്ഞ് ഒരു മണിക്കൂറിനകം 47 കാരിക്ക് സുഖപ്രസവം; ആശുപത്രിയിലെത്തിയത് വയറു വേദനയ്ക്കും വയറിലെ അനിയന്ത്രിത വളര്‍ച്ചയ്ക്കും ചികിത്സ തേടി

വയര്‍ അനിയന്ത്രിതമായി വളരുന്നത് കണ്ട് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 47 കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. എട്ടു പൗണ്ട് തൂക്കമുള്ള ആരോഗ്യവതിയായ പെണ്‍കുട്ടിക്ക് ജന്‍മം നല്‍കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന സത്യം സ്ത്രീ തിരിച്ചറിഞ്ഞത്. മസാച്യുസെറ്റ്‌സ് സ്വദേശിയായ ജൂഡി ബ്രൗണ്‍ എന്ന മധ്യവയസ്‌കയാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞ് ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

അടിവയറിലെ കലശലായ വേദനയ്ക്കും വയറിലെ അനിയന്ത്രിത വളര്‍ച്ചയ്ക്കും ചികിത്സ തേടിയാണ് ജൂഡി ബ്രൗണ്‍ മസാച്യുസെറ്റ്‌സിലെ ബിവെര്‍ലി ആശുപത്രിയിലെത്തിയത്. വയര്‍ വലുതാകുന്നത് നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും അത് പ്രായമാകുന്നതിന്റെയാണെന്ന ചിന്തയിലായിരുന്നു ബ്രൗണ്‍. ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമായിരിക്കും എന്നും കരുതി ബ്രൗണ്‍ സമാധാനിച്ചു. എന്നാല്‍, വളര്‍ച്ച പൂര്‍ണമായതോടെ തന്റെ അടിവയറ്റില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കി ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, ഡോക്ടര്‍മാരുടെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു. ബ്രൗണ്‍ പൂര്‍ണ ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ പ്രസവം നടക്കുമെന്നും ഡോക്ടര്‍മാര്‍ വിധിച്ചത് ബ്രൗണിനെ അമ്പരപ്പിച്ചു. ഇതുകഴിഞ്ഞ് ഒരു മണിക്കൂറിനകം പ്രസവം നടക്കുകയും ചെയ്തു. ബ്രൗണും ഭര്‍ത്താവ് ജാസണും 22 വര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍, ഇതുവരെ കുട്ടികളുണ്ടായിരുന്നില്ല. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണിത്. കരോളിന്‍ റോസ് എന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News