വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ച് ലീഗ് പ്രവര്‍ത്തകര്‍ ലൈംഗികവൈകൃതം കാട്ടിയ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു; ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ഡിജിപിക്ക് അധ്യക്ഷയുടെ നിര്‍ദ്ദേശം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

തിരുവനന്തപുരം: കണ്ണൂര്‍ മാട്ടൂലില്‍ ലീഗ് പ്രവര്‍ത്തകര്‍ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ബലാത്സംഗം ചെയ്യുന്നതായി ചിത്രീകരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ലീഗ് പ്രവര്‍ത്തകര്‍ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ബലാത്സംഗം ചെയ്യുന്നതായി ചിത്രീകരിച്ച സംഭവം കൈരളി ന്യൂസ് ഓണ്‍ലൈനാണ് പുറത്തുവിട്ടത്.

തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ വനിതാ സ്ഥാനാര്‍ത്ഥിയെയും സ്ത്രീത്വത്തെയും അപമാനിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അടിയന്തിരമായി അന്വേഷിക്കാനാണ് നിര്‍്‌ദ്ദേശം. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ഡിജിപിയ്ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.

കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് സംഭവം. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്. അങ്ങേയറ്റം അധമമായ കാര്യങ്ങളാണ് ആ പ്രകടനത്തില്‍ നടന്നതെന്നും കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു. തോറ്റ സ്ഥാനാര്‍ത്ഥിയായി ഒരാളെ വേഷംകെട്ടിച്ച് ആ സ്ത്രീരൂപത്തിന്മേല്‍ ലൈംഗികാതിക്രമത്തിന്റെ വെറിപിടിച്ച വൈകൃതങ്ങളും അശ്ലീലതയും പ്രകടനക്കാര്‍ കാട്ടിക്കൂട്ടുകയായിരുന്നു. ഇത്തരം പ്രവണതകള്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കാവതല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

മാട്ടൂലില്‍ നടന്നത് വ്യക്തി എന്ന നിലയില്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ അങ്ങേയറ്റം നിന്ദ്യമായ രീതിയില്‍ അവഹേളിക്കുന്നതതാണ്. നികൃഷ്ടമാംവിധം സ്ത്രീവിരുദ്ധവും സ്ത്രീപദവിയെ അപമാനിക്കുന്നതുമാണ്. സംഭവം സംസ്‌കാര രഹിതവും അശ്ലീലവും ആണെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തുകയും അവിടെ സംഭവിച്ചിട്ടുള്ള എല്ലാ നിയമലംഘനങ്ങളും കണ്ടെത്തണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കെസി റോസക്കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച ചിത്രങ്ങളും വിഡിയോയും കത്തിനൊപ്പം കമ്മിഷന്‍ ഡിജിപിക്കു നല്കിയിട്ടുണ്ട്.

ലീഗിനെതിരേ മത്സരിച്ചു തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അവഹേളിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; കേസെടുക്കണമെന്നും ശക്തമായ നടപടിവേണമെന്നും സോഷ്യല്‍മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News