വനിതാ സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവം: പ്രതീകാത്മക ബലാത്സംഗം തന്നെ; കേസെടുക്കണമെന്നും ടിഎന്‍ സീമ എംപി

തിരുവനന്തപുരം: കണ്ണൂര്‍ മാട്ടുലില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ടിഎന്‍ സീമ എംപി. വനിതയുടെ വേഷം കെട്ടി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഭാസ പ്രകടനങ്ങള്‍ ജുഗുപ്‌സാവഹവും ക്രിമിനല്‍ കുറ്റവുമാണ്. ഒരു പര്‍ദ്ദയിട്ട പുരുഷനെ തോറ്റ സ്ഥാനാര്‍ഥിയുടെ പേര് വിളിച്ച് ശാരീരികമായി ആക്രമിക്കുകയും വൃത്തികെട്ട ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നു. ഒരാള്‍ തന്റെ വസ്ത്രം മാറ്റി കാണിക്കുന്നു. ഇത്രയും അപമാനകരമായ ദൃശ്യം കണ്ടു ആസ്വദിക്കുന്ന നൂറു കണക്കിന് ആളുകള്‍. ഒരു നിമിഷം പോലും വൈകാതെ ഇവരെ അറസ്റ്റു ചെയ്തു കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ടിഎന്‍ സീമ എംപി ആവശ്യപ്പെട്ടു.

ഇത് പ്രതീകാത്മകമായ ബലാത്സംഗം തന്നെയാണ്. സ്ത്രീകളെ പൊതു മധ്യത്തില്‍ അധിക്ഷേപിക്കലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കര്‍ശനമായ വകുപ്പുകള്‍ ഇതിനെതിരെ നിലവിലുണ്ട്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നു ദൃശ്യം വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയും സമയമായിട്ടും ലീഗ് നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കാത്തതെന്നും ടിഎന്‍ സീമ ചോദിച്ചു.

കേരള സര്‍ക്കാരില്‍ വനിതാ ക്ഷേമം കൈകാര്യം ചെയ്യുന്നത് മുസ്ലി ലീഗിന്റെ മന്ത്രിയാണ്. അമ്പതു ശതമാനത്തിലധികം സ്ത്രീകള്‍ വീണ്ടും തദ്ദേശ ഭരണ രംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്ത് പൊതുരംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകള്‍ക്ക് നല്‍കാനുള്ള ലീഗിന്റെ സന്ദേശം ഇതാണോ എന്ന് ലീഗ് വ്യക്തമാക്കണമെന്നും ടിഎന്‍ സീമ ആവശ്യപ്പെട്ടു.

സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ലീഗിന്റെ ചില അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന പ്രവൃത്തിയല്ല. പര്‍ദ്ദ മതപരമായ അടയാളം മാത്രമല്ല എന്നും അത് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നും വിശ്വസിക്കുന്നവരും ഈ ദൃശ്യം കാണണം. മനസ്സില്‍ ജീര്‍ണതയും അക്രമവാസനയും സ്ത്രീവിരുദ്ധതയും ഉള്ളവര്‍ക്ക് പര്‍ദ്ദ മതപരമോ സംരക്ഷണ കവചമോ ഒന്നുമല്ല. ആക്രമിക്കുന്ന സ്ത്രീകളെ പ്രതീകവത്കരിക്കാന്‍ സഹായിക്കുന്ന ഒരു അടയാളം മാത്രമാണെന്നും ടിഎന്‍ സീമ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News