നാടകത്തിനും വിലപേശലിനും ശേഷം മാണിയും ഉണ്ണിയാടനും ഒഴിഞ്ഞു; നിയമവ്യവസ്ഥയെ ആദരിക്കുന്നെന്ന് മാണി; രാജിക്കത്ത് കൈമാറി; പീപ്പിള്‍ മെഗാ ഇംപാക്ട്

mani-oommen

തിരുവനന്തപുരം: പാലായിലെ മാണിക്യത്തിന്റെ തന്ത്രങ്ങളെല്ലാം അനന്തപുരിയില്‍ പാളി. കെ എം മാണി മന്ത്രിസഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചു. ഔദ്യോഗിക വസതിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മാണി രാജി പ്രഖ്യാപിച്ചത്. മാണിയോടുള്ള കൂറുകാട്ടി സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് അല്‍പസമയത്തിനകം മുഖ്യമന്ത്രിക്കു കൈമാറി. ഇതോടെ ഒന്നര ദിവസമായി തിരുവനന്തപുരത്തു നടക്കുന്ന രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലെത്തി.

പി ജെ ജോസഫിന് പിന്തുണ നല്‍കി മാണിയെ തള്ളാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച തന്ത്രമാണ് ഒടുവില്‍ ഫലിച്ചത്. തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ പൂര്‍ണമായി തനിക്കു നഷ്ടമായെന്ന സാഹചര്യത്തില്‍ രാജിയല്ലാതെ വേറെ വഴിയില്ലെന്നു മാണി തീരുമാനിക്കുകയായിരുന്നു. നേരത്തേ, മന്ത്രി കെ സി ജോസഫ് ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയില്‍ പി ജെ ജോസഫിന് സര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടിയുടെയും പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. മാണി ഇല്ലെങ്കിലും കേരള കോണ്‍ഗ്രസിലെ എംഎല്‍എമാരെ ഒപ്പം നിര്‍ത്തി സര്‍ക്കാരിന് പിന്തുണ ഉറപ്പാക്കണമെന്നായിരുന്നു കെ സി ജോസഫിന്റെ ആവശ്യം. ഇത് പി ജെ ജോസഫ് അംഗീകരിച്ചു. ഇതോടെ താന്‍ മാത്രം പുറത്തേക്കു പോകാന്‍ മാണി തീരുമാനിക്കുകയായിരുന്നു.

രാജി ആവശ്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായതാണ് മാണിയുടെ നില പരുങ്ങലിലാക്കിയത്. താന്‍ രാജിവയ്‌ക്കേണ്ടിവന്നാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ എല്ലാവരും രാജിവയ്ക്കുമെന്നും പിന്തുണ പിന്‍വലിക്കുമെന്നും മാണി അറിയിച്ചിരുന്നു. മാണിക്ക് ഒരു വിധത്തിലും വഴങ്ങേണ്ടെന്നു കോണ്‍ഗ്രസും തീരുമാനിച്ചതോടെ മാണിക്കു രാജിവച്ചേ പറ്റൂ എന്ന നിലയിലായി. കഴിഞ്ഞ ഒക്ടോബര്‍ മുപ്പത്തൊന്നിന് പീപ്പിള്‍ ചാനലില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണമാണ് ഒടുവില്‍ സത്യമാണെന്നു തെളിഞ്ഞു കോടതി ഇടപെടലിനെത്തുടര്‍ന്നു മാണി രാജിവച്ചത്. വെള്ളിയാഴ്ച കെ എം മാണിക്ക് പാലാ മണ്ഡലത്തില്‍ വൈകിട്ട് അഞ്ചരയ്ക്ക് വമ്പിച്ച സ്വീകരണം നല്‍കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel