ഹൈക്കോടതി ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും മാണി നരേന്ദ്രമോദിക്ക് പ്രിയങ്കരന്‍; ധനകാര്യമന്ത്രിമാരുടെ സമിതി അധ്യക്ഷന്‍ മാണി തന്നെ; കോടതി പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന നടിക്കുന്ന ബിജെപി നിലപാട് ദുരൂഹം

ദില്ലി: ബാര്‍ കോഴക്കേസില്‍ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കണമെന്നു ഹൈക്കോടതി പരോക്ഷമായി പറഞ്ഞിട്ടും കെ എം മാണി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രിയങ്കരന്‍. കേന്ദ്ര ധനകാര്യ മന്ത്രിമാരുടെ സമിതി അധ്യക്ഷനായി മാണി തുടരട്ടെ എന്ന നിലപാടാണ് ബിജെപിക്കും പ്രധാനമന്ത്രിക്കും എന്നറിയുന്നു. പലവട്ടം ബിജെപിയുമായി ബാന്ധവത്തിനു ശ്രമിച്ച മാണിയെ ഈ സാഹചര്യത്തിലും ബിജെപി തുണയ്ക്കുന്നതു ദുരൂഹമാണെന്നു റിപ്പോര്‍ട്ട്. രാജ്യത്തെ ധനവ്യവസ്ഥയില്‍ നിര്‍ണായക പങ്കുള്ള സമിതിയെയാണ് മാണി നയിക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനാണ് മാണി. ബിജെപി അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയാണ് കെ എം മാണിയെ കേന്ദ്ര ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനാക്കിയത്. കനപ്പെട്ട സ്ഥാനം ലഭിച്ചാല്‍ ബിജെപിയുമായി ബാന്ധവത്തിനു തയാറായ മാണിയെ കൂടെ നിര്‍ത്താനുള്ള ശ്രമമമായി ഇതു വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ബാര്‍ കോഴക്കേസില്‍ പല കോടതികള്‍ പരാമര്‍ശം നടത്തുകയും വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മാണിയുടെ കാര്യത്തില്‍ എതിരായി ഒരു നിലപാട് വേണ്ടെന്നായിരുന്നു ബിജെപിയുടെ നിലപാട്.

ഇന്നലെ മാണിക്കെതിരേ ഹൈക്കോടതി നിലപാട് പുറത്തുവന്നയുടനേ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മാണിയെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്നു രാജ്യ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചെങ്കിലും ഇക്കാര്യത്തില്‍ യാതൊരു പ്രതികരണത്തിനും ബിജെപി നേതൃത്വം തയാറായില്ല. എതിരാളികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങിലെവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്ന ബിജെപി നേതാക്കളാരും ഇക്കാര്യകത്തില്‍ ഒരക്ഷരം മിണ്ടിയില്ല.

നേരത്തേ, ദില്ലിയില്‍ എഎപി മന്ത്രിയായ സോംനാഥ് ഭാരതിക്കെതിരേ പരാതിയുയര്‍ന്നപ്പോള്‍ ഉടനടി നടപടിയെടുക്കാന്‍ തുനിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ മാണിയെ തൊടേണ്ടെന്നു തന്നെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എസ്എന്‍ഡിപിയുമായി കൂട്ടുചേരാന്‍ നടത്തിയ ശ്രമം എട്ടുനിലയില്‍ പൊട്ടിയതോടെ ഒരു സഖ്യ പങ്കാളി വേണമെന്നുള്ളതു മാണിയിലൂടെ സാധിക്കാമെന്ന രീതിയില്‍ ബിജെപിയില്‍ ചര്‍ച്ച നടക്കുന്നതായും സൂചനയുണ്ട്.

നേരത്തേ, മകന്‍ ജോസ് കെ മാണിക്കു കേന്ദ്രമന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ ബിജെപിയുമായി രഹസ്യധാരണയ്ക്കു മാണി തയാറായിരുന്നു. കേന്ദ്രമന്ത്രിയാവുക അല്ലെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാവുക എന്ന സ്വപ്‌നവുമായി നടക്കുന്ന മാണിക്ക് ഇത്തരത്തില്‍ എന്തെങ്കിലും ഓഫര്‍ പിന്നീട് വയ്ക്കുകയാണെങ്കില്‍ കൂടെ വരുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്. സംസ്ഥാന ബിജെപിക്ക് കാര്യത്തില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ബുദ്ധിയാണ് കേന്ദ്രസര്‍ക്കാര്‍ മാണിക്കെതിരേ അനങ്ങേണ്ടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News