പാകിസ്താനെതിരായ പരമ്പര ഇന്ത്യക്ക് നാട്ടില്‍ തന്നെ കളിക്കണം; സര്‍ക്കാരിന്റെ പച്ചസിഗ്നല്‍ കാത്ത് ബിസിസിഐ

ദില്ലി: ഡിസംബറില്‍ ഇന്ത്യയില്‍ വച്ച് നടത്താനിരുന്ന പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്നോക്കം പോകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. പരമ്പര ഡിസംബറില്‍ തന്നെ നടത്താനാണ് ബിസിസിഐക്ക് ആഗ്രഹം. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് ബിസിസിഐ പറയുന്നത്. സര്‍ക്കാര്‍ അനുവദിച്ചാല്‍ പരമ്പര നടക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ച് ബിസിസിഐ സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാഗ് ഥാക്കൂര്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും. ഇത് അനുവദിച്ചില്ലെങ്കില്‍ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരവും കളിക്കുന്നതിനായിരിക്കും പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുക. നേരത്തെ ഏറെക്കുറെ നിശ്ചയിക്കപ്പെട്ടിരുന്ന പരമ്പര അനിശ്ചിതത്വത്തില്‍ ആയത് ശിവസേനയുടെ എതിര്‍പ്പോടെയായിരുന്നു.

പരമ്പര മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാതെ ഇന്ത്യയില്‍ തന്നെ നടത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. നിലവില്‍ സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താന്റെ മത്സരങ്ങള്‍ എല്ലാം ദുബായിലാണ് നടക്കുന്നത്. ഇന്ത്യ ഇപ്പോള്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ ഏഴിനാണ് ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര അവസാനിക്കുന്നത്. ഇതുകഴിഞ്ഞാല്‍ ജനുവരിയില്‍ മാത്രമേ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകൂ. ഇതിനിടയ്ക്കുള്ള ഒഴിവിലാണ് പാകിസ്താനുമായി പരമ്പര നിശ്ചയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here