വിജയിച്ചത് അനീതിയോട് സന്ധിയില്ലാത്ത പീപ്പിള്‍ ടിവി വാര്‍ത്താ സംസ്‌കാരം; ബാര്‍ കോഴയില്‍ ഇനിയും കണ്ണികളേറെ; പീപ്പിളിന്റെ രണ്ടാം ഘട്ട പോരാട്ടം ഇവിടെ ആരംഭിക്കുന്നു

തിരുവനന്തപുരം: കെ എം മാണിയുടെ രാജിയോടെ കേരളത്തില്‍ വിജയിക്കുന്നത് പീപ്പിള്‍ ടിവിയുടെ നിസ്വാര്‍ഥവും അനീതിയോടു സന്ധിയില്ലാത്തതുമായ വാര്‍ത്താ സംസ്‌കാരത്തിന്റെ വിജയം. 2014 ഒക്ടോബര്‍ 31ന് പീപ്പിളിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് ഒരു വര്‍ഷത്തിനും പത്തു ദിവസത്തിനും ശേഷം മെഗാ ഇംപാക്ടായി പരിണമിച്ചിരിക്കുന്നത്.

മന്ത്രി കെ എം മാണിയാണ് കോഴ വാങ്ങിയതെന്നു വ്യക്തമാക്കാതെ ബിജു രമേശ് നടത്തിയ സാധാരണ പരാമര്‍ശത്തിന് അസാധാരണമായ മാനം ലഭിക്കുന്നത് പീപ്പിളില്‍ കെ എം മാണിയെ പേരെടുത്തു പറഞ്ഞ് കോഴവിവരം വെളിപ്പെടുത്തിയപ്പോഴാണ്. തുടര്‍ന്നു കേരളത്തിലെ മാധ്യമങ്ങളിലെല്ലാം കഴിഞ്ഞ ഒരു വര്‍ഷം ബാര്‍ കോഴയായിരുന്നു വിഷയം.

മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങളും ജനങ്ങള്‍ക്കു മുമ്പിലെത്തിച്ചതും പീപ്പിളാണ്. ഇതു രണ്ടാം തവണയാണ് പീപ്പിള്‍ ചാനല്‍ സംസ്ഥാനത്തെ മന്ത്രിയുടെ രാജിയിലേക്കു വഴിതുറക്കുന്നത്. മുമ്പ് കെ കെ രാമചന്ദ്രന്റെ രാജിയിലേക്കു നയിച്ച സംഭവങ്ങളും പീപ്പിള്‍ ചാനലിലൂടെയാണ് പുറത്തുവന്നത്.

മാണിയുടെ രാജി പീപ്പിളിലെ ഓരോ മാധ്യമപ്രവര്‍ത്തകര്‍ക്കും പീപ്പിളിനെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനനിമിഷമാണെന്ന് മലയാളം കമ്യൂണിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 25 കോടി രൂപയാണ് ബാര്‍ കോഴയായി ഇറങ്ങിയത്. ഇതില്‍ പത്തു ശതമാനം മാത്രമാണ് കെ എം മാണിക്കു ലഭിച്ചത്. ബാക്കി 90 ശതമാനം ലഭിച്ചവര്‍ ഇപ്പോഴും അധികാരത്തിലുണ്ട്. ഇവിടെ പീപ്പിളിന്റെ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്നും ചീഫ് എഡിറ്റര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here